രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടിംഗ് അവസാനിച്ചു, പോളിംഗ് 99.18 ശതമാനം; ജയമുറപ്പിച്ച് ദ്രൗപതി മുര്‍മു
ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചു. 99.18 ശതമാനമാണ് പാര്‍ലമെന്റിലെ പോളിംഗ് എന്ന് ചീഫ് റിട്ടേണിംഗ് ഓഫീസര്‍ പി സി മോദി അറിയിച്ചു. ഇന്ത്യയുടെ 15 ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഇന്ന് നടന്നത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ജൂലൈ 21 ന് പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ചാണ് വോട്ടെണ്ണല്‍. എന്‍ ഡി എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവും പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയുമാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത്. ആവശ്യത്തിലധികം അംഗബലമുള്ള എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്കാണ് വിജയ സാധ്യത കൂടുതല്‍.

ഇന്ന് രാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ആഭ്യന്തരമന്ത്രി അമിത്ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
പാര്‍ലമെന്റിലെ 63 ാം നമ്പര്‍ മുറിയിലും അതത് നിയമസഭകളില്‍ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലുമാണ് വോട്ടെടുപ്പ് നടന്നത്. എം പിമാരും എം എല്‍ എമാരുമായി ആകെ 4809 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ എട്ട് എം പിമാര്‍ ഇന്ന് വോട്ട് ചെയ്തിരുന്നില്ല.
രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടത്തിയത്. എം പിമാര്‍ക്ക് പച്ച നിറമുള്ള ബാലറ്റും എംഎല്‍എമാര്‍ക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റുമാണ് നല്‍കിയത്. 700 ആണ് എം പിമാരുടെ വോട്ട് മൂല്യം. സംസ്ഥാനങ്ങളിലെ ജനസംഖ്യ അനുസരിച്ചാണ് എം എല്‍ എമാരുടെ വോട്ടുമൂല്യം നിര്‍ണയിക്കുന്നത്.
ഇതാണല്ലേ ലെജന്റ്‌സ് ഓണ്‍ലി ചിത്രം; 'ഓളവും തീരവും' ലൊക്കേഷന്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ
കേരളത്തിലെ ഒരു എം എല്‍ എയുടെ വോട്ടുമൂല്യം 152 ആണ്. എന്‍ ഡി എ കക്ഷികളുടേത് കൂടാതെ ബി എസ് പി, ജെ ഡി എസ്, ടി ഡി പി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ വോട്ടും ദ്രൗപതി മുര്‍മുവിന് ലഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഓരോ എന്‍ സി പി, കോണ്‍ഗ്രസ് എം എല്‍ എമാരും ദ്രൗപതി മുര്‍മുവിനാണ് വോട്ട് ചെയ്തത് എന്ന് വെളിപ്പെടുത്തിയിരുന്നു. മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന ദ്രൗപതി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗ്രോതവര്‍ഗ വനിത എന്ന നേട്ടം സ്വന്തമാക്കും.












Click it and Unblock the Notifications