തക്കാളിക്ക് വിപണിയില്‍ 130 രൂപ; കർഷകന് ലഭിക്കുന്നത് എത്ര? 30 നും 130 നും ഇടയിലെ കർഷക ജീവിതം
തക്കാളിയും ഇഞ്ചിയും പച്ചമുളകും തുടങ്ങി ഒരു സാധാരണ കറി വെക്കാന്‍ അത്യാവശ്യം വേണ്ടത് ഉള്‍പ്പെടേയുള്ള എല്ലാ പച്ചക്കറികളുടേയും വില കുതിച്ച് കയറിക്കൊണ്ടിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ 140 വരെ പോയ തക്കാളിയുടെ ചില്ലറ വില നിലവില്‍ 120 നും 130 നും ഇടയിലാണ് നില്‍ക്കുന്നത്. കഴിഞ്ഞ മാസം 230-250 നിലവാരത്തില്‍ ഉണ്ടായിരുന്ന ഇഞ്ചിയുടെ വില 300 നും 350 നും ഇടയിലേക്ക് കുതിച്ചു. ചെറിയ ഉള്ളിയുടെ വില 100 രൂപയില്‍ നിന്നും രണ്ടാഴ്ചകൊണ്ട് 200 രൂപവരെയുമായിട്ടുണ്ട്.
കേരളത്തില്‍ മാത്രമല്ല, രാജ്യത്ത് ഉടനീളം പച്ചക്കറിയുടെ വിലയില്‍ വർധനവ് ഉണ്ടായിട്ടുണ്ട്. ഡല്‍ഹിയില്‍ തക്കാളിക്ക് 200 രൂപയ്ക്ക് മുകളില്‍ വരെയെത്തി. പ്രതികൂല കാലാവസ്ഥ മൂലം ഉത്പാദനത്തിലുണ്ടായ കുറവാണ് പച്ചക്കറികളുടെ വില കൂടാനാള്ള പ്രധാന കാരണം.

കേരളത്തിലേക്ക് സ്ഥിരമായി പച്ചക്കറികള്‍ വരുന്നത് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നാണ്. കനത്ത മഴയില്‍ തമിഴ്നാട്ടിലെ കൃഷി വലിയ രീതിയില്‍ നശിച്ചത് അവിടെ നിന്നുള്ള പച്ചക്കറി വരവിനെ സാരമായി ബാധിച്ചു. ഇതോടെ പൂർണ്ണമായ ആശ്രയമായി കർണാടക മാറി. ഈ അവസരം മുതലെടുത്ത് കർണാടകയിലെ മൊത്തക്കച്ചവടക്കാർ അമിത ലാഭം കൊയ്യുന്നതാണ് കേരളത്തിലെ വില വർധനവിന് പിന്നിലെ പ്രധാന കാരണമെന്നാണ് പച്ചക്കറി കച്ചവടക്കാർ പറയുന്നത്.
കർഷകർക്ക് ലഭിക്കുന്നത്
ഈ സാഹചര്യത്തിലാണ് കർണാടയിലെ കൃഷിയിടങ്ങളിലേക്ക് നേരിട്ട് കടന്ന് ചെല്ലുന്നത്. ഇഞ്ചി, തക്കാളി, മത്തന്‍, ബീന്‍സ്, പച്ചമുളക് തുടങ്ങിയ വിളകള്‍ വലിയ തോതില്‍ കൃഷി ചെയ്യുന്ന പ്രദേശമാണ് ഹാസന്‍, ഷിമോഗ ജില്ലകള്‍. ഷിമോഗയിലെ ഇഞ്ചി കൃഷിക്കാരില്‍ വലിയൊരു ശതമാനവും മലയാളികളുമാണ്.
ഹാസന്‍ ജില്ലയിലെ ഹലേബേഡുവിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഗോണി സോമനഹള്ളി എന്ന ഗ്രാമത്തിലെ തക്കാളി വിളവെടുപ്പാണ്. പഴുത്ത് തുടങ്ങിയ, ഇളം ചുവപ്പ് നിറത്തിലുള്ള തക്കാളികള്‍ കൃഷിയുടമസ്ഥനും തൊഴിലാളികളും ചേർന്ന് പറിച്ച് ശ്രദ്ധാപൂർവ്വം ചാക്കിലേക്ക് മാറ്റുകയാണ്. ഹാസന്‍, ചിക്കമംഗ്ലൂരു മാർക്കറ്റുകളിലെ മൊത്തക്കച്ചവടക്കാർക്കാണ് കർഷകർ തക്കാളി വില്‍ക്കുന്നത്. ഏജന്റുമാർ മുഖേനെ കർഷകരില്‍ നിന്ന് നേരിട്ട് തക്കാളിയെടുക്കുന്ന കച്ചവടക്കാരുമുണ്ട്.

ആശ്വസം, എങ്കിലും
വർഷങ്ങള്‍ക്ക് ശേഷം തക്കാളിയുടെ വില ഇത്തരത്തില്‍ വർധിച്ചതിലുള്ള ആശ്വാസം കർഷകനായ ശിവകുമാർ മറച്ചുവെക്കുന്നില്ല. എന്നാല്‍ വിപണിയില്‍ വില 140 ഉം 150 യായി ഉയർന്നെങ്കിലും തങ്ങള്‍ക്ക് ലഭിച്ച പരമാവധി വില 30 മുതല്‍ 35 രൂപവരെയാണെന്നും അദ്ദേഹം പറയുന്നു. 'സമീപ വർഷങ്ങളില്‍ ആദ്യമായിട്ടാണ് വില ഈ തരത്തില്‍ ഉയരുന്നത്. അത് കർഷകരെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. എന്നാല്‍ അതിന്റെ ആനുകൂല്യം പൂർണ്ണമായി ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ലഭിക്കുന്നില്ലെന്ന് തന്നെയാണ് ഉത്തരം. ബെംഗളൂരു മാർക്കറ്റില്‍ തക്കാളിക്ക് വില 130 ആണെങ്കില്‍ ഞങ്ങള്‍ക്ക് ഇവിടെ ലഭിക്കുന്നത് 30 രൂപയാണ്' ശിവകുമാർ പറഞ്ഞു.
ഉത്പാദത്തിനത്തിലെ കുറവാണ് വിലയിലെ വർധനവിന് ഇടയാക്കിയതെന്ന് അദ്ദേഹവും വ്യക്തമാക്കി. തുടക്കത്തില്‍ കനത്ത വേനലായിരുന്നു. അത് കൃഷിയെ വലിയ രീതിയില്‍ ബാധിച്ചു. വിളവെടുക്കാനുള്ള സമയമായപ്പോഴേക്കും കനത്ത മഴ പെയ്തതും തിരിച്ചടിയായി. ഇതാണ് ഇപ്പോഴത്തെ ഈ വില വർധനവിന് കാരണമായതെന്നും അദ്ദേഹം പറയുന്നു.
'നേരത്തെ ഒരു ചാക്ക് തക്കാളിക്ക് 10 രൂപ പോലും ലഭിക്കാത്ത സമയമുണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് കൊടുക്കുന്ന കൂലിപോലും ലഭിക്കാതായതോടെ ഏക്കർ കണക്കിന് കൃഷിയിടങ്ങളിലെ തക്കാളികള്‍ പറിക്കാതെ കിടന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. വിപണയിലെ ഉയർച്ചക്ക് ആനുപാതികമായ ലാഭം ഞങ്ങള്‍ക്ക് ലഭിക്കുന്നില്ലെങ്കിലും ഈ വർധനവില്‍ സന്തോഷമുണ്ട്' ശിവകുമാർ പറഞ്ഞു.

പച്ചക്കറികള്‍ക്ക് വില വർധിച്ചത്തോടെ മോഷ്ടാക്കളുടെ ശല്യമാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. ഇതേ ഗ്രാമത്തില്‍ തന്നെയുള്ള ധരണിയെന്ന കർഷകന്റെ രണ്ടരയേക്കറേളം വരുന്ന കൃഷിയിടത്തിലെ തക്കാളികളാണ് കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ടത്. പാകമായ തക്കാളികള്‍ മുഴുവന്‍ മോഷണ സംഘം രാത്രിയെത്തി പറിച്ചെടുത്ത് വാഹനത്തില്‍ കടത്തുകയായിരുന്നു. വിപണി വില നോക്കുമ്പോള്‍ രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് കർഷകന് നേരിടേണ്ടി വന്നത്.
ഇഞ്ചി കൃഷി
ഇഞ്ചിയിലെ വിലവർധനവ് ഷിമോഗയിലെ മലയാളികള്‍ ഉള്‍പ്പടേയുള്ള കർഷകർക്ക് നല്‍കുന്ന ആശ്വാസവും ചില്ലറയല്ല. എന്നാല്‍ അവിടേയും വിപണി വിലക്ക് ആനുപാതികമായ ലാഭം കർഷകന് ലഭിക്കുന്നില്ല. വിപണിയില്‍ ഒരു കിലോ ഇഞ്ചിക്ക് 300 രൂപയാണെങ്കില്‍ ഷിമോഗയിലെ കർഷകന് ഈ വർഷം പരമവാധി 180 രൂപവരെയാണ്. ചാക്കിന് (60 കിലോ) 11000 മാണ് ഇത്തവണ കർഷന് ലഭിച്ച ഉയർന്ന വില. കഴിഞ്ഞ വർഷം ഇത് 2500 വരെയായിരുന്നുവെന്നും ഷിമോഗയിലെ മലയാളി കർഷകനായ സുനില്‍ പറയുന്നു.

'കോവിഡ് കാലത്തിന് ശേഷം കർണാടകയിലുടനീളമുള്ള ഇഞ്ചി കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. വിലയിടിവ് തന്നെയായിരുന്നു പ്രധാന കാരണം. വലിയ നഷ്ടത്തിലേക്ക് പോയതോടെ കൃഷി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ കർഷകരുണ്ട്. ഇത്തവണയാണ് പിടിച്ച് നില്‍ക്കാനും കഴിഞ്ഞ വർഷത്തെ കടങ്ങള്‍ വീട്ടാനെങ്കിലുമുള്ള നിലയിലേക്ക് വില ഉയർന്നത്. എന്നാല്‍ അതിന്റെ അനുകൂല്യം പൂർണ്ണമായി ലഭിക്കുന്നുമില്ല' സുനില്‍ പറഞ്ഞു.

ഹാസന്‍ മാർക്കറ്റ്
ഗോണി സോമനഹള്ളിയില്‍ നിന്നും നേരെ വരുന്നത് ഹാസനിലെ പച്ചക്കറി മൊത്ത വിപണന മാർക്കറ്റിലേക്കാണ്. മാർക്കറ്റില്‍ ഒരു കിലോ തക്കാളിയുടെ വില 75-മുതല്‍ 80 രൂപവരെയാണ്. അതായത് കൃഷിയിടത്തില്‍ നിന്നും 30 കിലോമീറ്റർ മാത്രം അകലേയുള്ള മൊത്ത വിപണിയിലേക്കെത്തുന്ന തക്കാളിയുടെ വിലയിലുണ്ടാവുന്ന വ്യത്യാസം 45 മുതല്‍ 50 രൂപ വരെയാണ്. ഇവിടെ നിന്നും കേരളത്തിലേയും ബെംഗളൂരുവിലേയും ചില്ലറ വിപണിയിലേക്ക് എത്തുമ്പോഴേക്കും വില 120 നും 130 നും ഇടയിലേക്ക് ഉയരുന്നു. അതായത് വർധനവ് 50 നും 60 നും ഇടയില്‍.
ഫലത്തില്‍ കൃഷിയത്തില്‍ നിന്നും കിലോ ഗ്രാമിന് 30 രൂപയ്ക്ക് പുറപ്പെടുന്ന തക്കാളിയുടെ വില സാധാരണക്കാരനിലേക്ക് എത്തുമ്പോഴേക്കും 130 ലേക്ക് ഉയരുന്നു. ഇതിനിടയിലെ 100 രൂപയോളം പോക്കറ്റിലാക്കുന്നത് ഇടനിലക്കാരും. ഇടനിലക്കാർ ഇല്ലാതെ നിലവിലെ സാഹചര്യത്തില്‍ കച്ചവടം നടക്കില്ലെങ്കിലും ഇവർ നടത്തുന്ന അമിതമായ കൊള്ളയടി നിയന്ത്രിക്കാന്‍ സാധിച്ചാല്‍ തന്നെ കർഷകന് കൃത്യമായ ലാഭവും സാധാരണക്കാരന് വിലക്കുറവെന്ന ആശ്വാസവും ലഭിക്കും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications