ഖത്തറിലെ പോലെയുള്ള ഉല്‍സവത്തിന് ഇന്ത്യ വേദിയാകും; നരേന്ദ്ര മോദിയുടെ വമ്പന്‍ വാഗ്ദാനം
ന്യൂഡല്‍ഹി: ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരത്തിന്റെ ഫൈനല്‍ ഇന്ന് ഖത്തറില്‍ നടക്കുകയാണ്. ഇക്കാര്യം സൂചിപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മേഘാലയയിലെ ഷില്ലോങില്‍ ഇന്ന് പ്രസംഗിച്ചത്. ഖത്തറില്‍ നടക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് പോലുള്ള മല്‍സരത്തിന് ഇന്ത്യ വേദിയാകുന്ന നാള്‍ വിദൂരമല്ലെന്ന് മോദി പറഞ്ഞു.
ഇന്ന് ഖത്തറില്‍ ഫൈനല്‍ മല്‍സരം നടക്കുകയാണ്. വിദേശരാജ്യങ്ങള്‍ തമ്മിലാണ് മല്‍സരം. ഫുട്‌ബോള്‍ ലോകകപ്പ് പോലുള്ള മല്‍സരത്തിന് ഇന്ത്യ വേദിയാകുമെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. അന്ന് ജനങ്ങള്‍ ത്രിവര്‍ണ പതാകയ്ക്ക് വേണ്ടി ആര്‍ത്തുവിളിക്കുമെന്നും മോദി പറഞ്ഞു. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും മോദിയുടെ വാക്കുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണ് മോദി മേഘാലയയിലെത്തിയത്. ഖത്തറിലെ മല്‍സരങ്ങള്‍ സൂചിപ്പിച്ചായിരുന്നു മോദിയുടെ പ്രസംഗം. ഒരു ഭാഗത്ത് ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മല്‍സരം നടക്കുന്നു. ഇവിടെ ഒരു ഫുട്‌ബോള്‍ മൈതാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മള്‍ തുടക്കം കുറിക്കുന്നു.
കായിക രംഗത്ത് വേറിട്ട രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. കായിക മേഖലയോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചു. വടക്കുകിഴക്കന്‍ മേഖലകളില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 90ഓളം പുതിയ പദ്ധതികളാണ് ആരംഭിക്കുന്നതെന്നും മോദി പറഞ്ഞു.
നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സിലിന്റെ ജൂബിലി ആഘോഷത്തിലും മോദി പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, കിഷന്‍ റെഡ്ഡി എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പരിപാടിക്കെത്തി. ഈ മേഖലയിലെ വിസകന പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി തടസങ്ങളുണ്ടായിരുന്നു. എല്ലാ തടസങ്ങള്‍ക്കും തന്റെ സര്‍ക്കാര്‍ ചുവപ്പുകാര്‍ഡ് കാണിച്ചുവെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications