സീറ്റിൽ കടുംപിടിത്തമില്ല, ലക്ഷ്യം 250 സീറ്റുകൾ മാത്രം; പ്രത്യേക കർമ്മ പദ്ധതിയുമായി കോൺഗ്രസ്
ദില്ലി: ബി ജെ പിയെ മുട്ടുകുത്തിക്കണമെങ്കിൽ പ്രതിപക്ഷ ഐക്യം കൂടിയെ തീരുവെന്ന തിരിച്ചറിവിലേക്ക് എത്തിയിരിക്കുകയാണ് കോൺഗ്രസ്. ഐക്യം ഉറപ്പിക്കാൻ എന്തുവിട്ട് വീഴ്ചയ്ക്കും തയ്യാറാണെന്നാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. കോൺഗ്രസിന്റെ വല്ല്യേട്ടൻ മനോഭാവമാണ് ഐക്യത്തിന് വെല്ലുവിളി തീർക്കുന്നതെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണ് എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത് മുന്നോട്ട് പോകാനുള്ള കോൺഗ്രസ് നീക്കം.
ഇതിന്റെ ആദ്യ പടിയായി എൻ സി പി അധ്യക്ഷൻ ശരദ് പവാറുമായും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കൂടികാഴ്ച നടത്തിയിരുന്നു. വരും ദിവസങ്ങളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തുമെന്നാണ് ഖാർഗെ അറിയിച്ചത്.

ഏത് വിധേനയും ബി ജെ പിയെ അധികാരത്തിൽ നിന്നും താഴെയിറക്കുക എന്നത് മാത്രമാണ് തങ്ങളുടെ നിലപാടെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഇതിന് വേണ്ടി സീറ്റ് വിഭജനത്തിലടക്കം കടുംപിടിത്തം കാണിക്കില്ലെന്നും നേതാക്കൾ പറയുന്നു. സീറ്റ് ചർച്ചകൾ വെല്ലുവിളിയായാൽ അത് വോട്ട് ഭിന്നിക്കാൻ കാരണമാകുമെന്നും ബി ജെ പി നേട്ടം കൊയ്യുമെന്നും കോൺഗ്രസ് ഭയക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഏതൊക്കെ സീറ്റിൽ കോൺഗ്രസ് മത്സരിക്കുമെന്നത് സംബന്ധിച്ചുള്ള കർമ്മ പദ്ധതിയും പാർട്ടി തയ്യാറാക്കിയിട്ടുണ്ട്. 250 സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ഈ മണ്ഡലങ്ങളിൽ കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവർത്തനം വേണമെന്നും നേതൃത്വം കരുതുന്നു. കോൺഗ്രസിന് കുറഞ്ഞത് 130 സീറ്റുകൾ എങ്കിലും നേടാനായാലെ പ്രതിപക്ഷ സഖ്യത്തിന് ബി ജെ പിയെ വീഴ്ത്താനാകുവെന്നാണ് നേതൃത്വം കരുതുന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സമാനതകൾ ഇല്ലാത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. 423 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ലഭിച്ചത് വെറും 52 സീറ്റുകൾ മാത്രമായിരുന്നു. കഴിഞ്ഞ തവണ കോൺഗ്രസിന്റെ മാനം രക്ഷിച്ച കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ലോക്സഭ സീറ്റുകൾക്ക് വേണ്ടിയാകും കോൺഗ്രസ് പദ്ധതിയൊരുക്കുക. ഇവിടെ പ്രത്യേകം നേതാക്കൾക്ക് ചുമതലയും നൽകും.
കേരളത്തിൽ നിന്ന് 20 ൽ 19 സീറ്റുകളും നേടാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു. എന്നാൽ പാർട്ടിക്ക് ഭരണമുള്ള രാജസ്ഥാൻ, ശക്തമായ സംഘടന സംവിധാനമുള്ള കർണാടക, 2018 ൽ അധികാരം കിട്ടിയ മധ്യപ്രദേശ്, ഭരണത്തിലുള്ള ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ദയനീയമായിരുന്നു പ്രകടനം.

കേരളത്തിൽ ഇത്തവണയും അനുകൂല സാഹചര്യമാണെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. കനത്ത തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിൽ ഒന്നായ കർണാടകയിലും കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നേടിയെടുക്കാൻ സാധിക്കുമെന്നാണ് പാർട്ടി കരുതുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ കോൺഗ്രസിന് അനുകൂലമാണ് കാര്യങ്ങൾ എന്ന അഭിപ്രായ സർവ്വേ പ്രവചനങ്ങൾ പാർട്ടിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
2019 ൽ ഭരിക്കുന്ന പാർട്ടിക്കാണ് ലോക്സഭ തിരഞ്ഞെടുപ്പിലും മുൻതൂക്കം ലഭിച്ചതെന്ന ട്രെൻഡ് ഇത്തവണയും ആവർത്തിക്കുമെന്നും നേതാക്കൾ പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഭരണം ലഭിക്കാനുള്ള സാധ്യത ഏറെയാണെന്നും അങ്ങനെയെങ്കിൽ 130 വരെ സീറ്റുകൾ എന്നത് ബാലികേറാ മലയല്ലെന്നും പാർട്ടി നേതൃത്വം കരുതുന്നു. മഹാരാഷ്ട്ര, തമിഴ്നാട് , പഞ്ചാബ് എന്നിവിടങ്ങളിലും മത്സരിക്കുന്ന മുഴുവൻ സീറ്റിലും വിജയിക്കാനുള്ള തന്ത്രങ്ങളും കോൺഗ്രസ് ഒരുക്കും.












Click it and Unblock the Notifications