30 ശതമാനം തൊഴില്‍ സംവരണം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, ഗോവയില്‍ യുപി കാര്‍ഡിറക്കി പ്രിയങ്ക ഗാന്ധി
പനാജി: ഗോവയില്‍ വമ്പന്‍ നീക്കങ്ങളാണ് തിരഞ്ഞെടുപ്പ് അടക്കുന്ന വേളയില്‍ എല്ലാ പാര്‍ട്ടികളും നടത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായ പ്രതിസന്ധിയുടെ നടുവിലാണ്. ഈ പ്രശ്‌നങ്ങള്‍ പ്രിയങ്കയുടെ വരവോടെ മാറിയിരിക്കുകയാണ്. വമ്പന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. സ്ത്രീകള്‍ക്ക് ജോലിയില്‍ 30 ശതമാനം എന്ന നിര്‍ണായക പ്രഖ്യാപനമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. യുപിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കാര്യങ്ങളാണ് ഗോവയിലും പ്രിയങ്ക ഗാന്ധി പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ നിലപാട് എപ്പോഴും സ്ത്രീ വിരുദ്ധമായിരിക്കും. ഗോവയുടെ പുറത്ത് നിന്ന് വരുന്ന പാര്‍ട്ടികളെ കുറിച്ചുള്ള കാര്യങ്ങള്‍ ജനങ്ങള്‍ പരിശോധിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

ബിജെപിയുടെ പ്രത്യയശാസ്ത്രം തന്നെ സ്ത്രീവിരുദ്ധമാണ്. നിലപാടുകളുള്ള കരുത്തുറ്റ സ്ത്രീകളെ ഒരിക്കലും ഇഷ്ടപ്പെടാന്‍ അവരുടെ പ്രത്യയശാസ്ത്രം അനുവദിക്കില്ലെന്ന് പ്രിയങ്ക പറഞ്ഞു. മഡ്ഗാവില്‍ വനിതാ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് പ്രിയങ്ക ബിജെപിക്കെതിരെ തുറന്നടിച്ചത്. സ്ത്രീകള്‍ക്ക് ഒരു ഗ്യാസ് സിലിണ്ടറോ കുറച്ച് പണമോ നല്‍കിയാല്‍, സര്‍ക്കാര്‍ എന്ന നിലയില്‍ അവരുടെ ജോലികള്‍ തീര്‍ന്നുവെന്നാണ് ബിജെപി കരുതുന്നത്. മറ്റുള്ളവരെ ആശ്രയിക്കുന്ന തരത്തിലേക്കാണ് സ്ത്രീകളെ അവര്‍ മാറ്റുന്നത്. അല്ലാതെ സ്വന്തം കാലില്‍ നില്‍ക്കാനല്ലെന്നും പ്രിയങ്ക തുറന്നടിച്ചു. കാര്യങ്ങള്‍ ഉറക്കെ പറയാനുള്ള സമയമായെന്ന് സ്ത്രീകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസിന്റെ സ്ലോഗന്‍ തന്നെ ഞാനും സ്ത്രീയാണ്, ഞാനും പോരാടുമെന്നതാണ്. സ്ത്രീകള്‍ക്കെതിരെ എപ്പോള്‍ ഗോവയില്‍ അക്രമം നടന്നാലും മുഖ്യമന്ത്രി ചോദിക്കുക നിങ്ങളെന്തിനാണ് ഇത്ര വൈകി ബീച്ചില്‍ പോയതെന്നാണ്. എന്തിനാണ് പുരുഷന്മാരെ പ്രലോഭിപ്പിക്കുന്ന തരത്തില്‍ സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നതെന്ന് ബിജെപിയുടെ നേതാക്കള്‍ തന്നെ ചോദിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുക എന്നത് ഇവിടെയുള്ള ബിജെപി സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രിയങ്ക വ്യക്തമാക്കി. ബിജെപി സര്‍ക്കാരുകള്‍ ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. ചോദ്യം ചെയ്യപ്പെടുന്നത് ഇരകളാണ്. വനിത സ്വയം സഹായ സംഘത്തിന് ഒരു ലക്ഷം രൂപ ധനസഹായമായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നല്‍കുമെന്ന് പ്രിയങ്ക പറഞ്ഞു.
മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ജനങ്ങളുടെ വികാരത്തെ ബഹുമാനിച്ചിരുന്നു. സംസ്ഥാനത്തിന്റെ കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലാത്തവരാണ് ഇവിടെ വന്ന് മത്സരിക്കുന്നത്. ഗോവയിലെ ജനങ്ങള്‍ക്ക് ഒരു കാര്യവുമില്ലാത്തതാണ് അവര്‍ സംസാരിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വികസനത്തെ കുറിച്ച് പറയുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും പറഞ്ഞു. അതേസമയം ദാബോലിമില്‍ ആക്ടിവിസ്റ്റും മുന്‍ പ്രതിരോധ ഓഫീസറുമായ ക്യാപ്റ്റന്‍ വിരിയാടോ ഫെര്‍ണാണ്ടസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഫെര്‍ണാണ്ടസ് പറഞ്ഞത് പോലെ ബിജെപി ഗോവയില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ബിജെപി ഉണ്ടാക്കിയെന്ന് പ്രിയങ്ക ആരോപിച്ചു.
ആയിരക്കണക്കിന് മരങ്ങള്‍ വെട്ടി. നദികള്‍ പലതും ദേശസാത്കരിക്കപ്പെട്ടു. റെയില്‍വേ പാത ഇരട്ടവരി പാതയാക്കി. അതിന് സമീപം കാടും പക്ഷിസങ്കേതങ്ങളും ഉണ്ടെന്ന് ഇവര്‍ കണക്കിലെടുത്തില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന അവരുടെ ശബ്ദമാകുന്ന ക്യാപ്റ്റന്‍ ഫെര്‍ണാണ്ടസിനെ പോലൊരാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് വലിയ അഭിമാനമാണെന്നും അവര്‍ പറഞ്ഞു.അതേസമയം പുറത്ത് നിന്ന് വരുന്ന പാര്‍ട്ടികള്‍ സ്വന്തം സംസ്ഥാനത്തെ കാര്യങ്ങള്‍ കൂടി പരിശോധിക്കണമെന്ന് പ്രിയങ്ക പറഞ്ഞു. ഇത് തൃണമൂല്‍ കോണ്‍ഗ്രസിനും എഎപിക്കുമുള്ള മറുപടിയായിരുന്നു. ഇവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്ത് വികസനമാണ് കൊണ്ടുവന്നത്. ദില്ലി ഭരിക്കുന്നത് എഎപിയാണ്. അവിടെ മലിനീകരണം കൊണ്ട് ആരെയും കാണാനാവാത്ത അവസ്ഥയാണെന്നും പ്രിയങ്ക പറഞ്ഞു.












Click it and Unblock the Notifications