അഖിലേഷ് ജോത്സ്യനാണോ, ട്രോളുമായി പ്രിയങ്ക, പൂജ്യം സീറ്റ് പരാമര്‍ശത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ്
ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമാകുമെന്ന സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പ്രസ്താവനയെ ട്രോളി പ്രിയങ്ക ഗാന്ധി. അഖിലേഷ് യാദവ് ഒരുപക്ഷേ ജോത്സ്യനായിരിക്കും. അതുകൊണ്ടായിരിക്കും കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടില്ലെന്ന് പറയുന്നതെന്ന് പ്രിയങ്ക പരിഹസിച്ചു. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് കാണാമെന്നും പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ് ഇത്തവണ യുപിയില്‍ മത്സരത്തിനേ ഇല്ലെന്ന് അഖിലേഷ് പറഞ്ഞിരുന്നു. വെറും പരസ്യത്തിന് മാത്രമാണ് അവര്‍ യുപിയില്‍ വന്നിരിക്കുന്നത്. വട്ടപൂജ്യത്തില്‍ ഒതുങ്ങാനുള്ള സാധ്യത ശക്തമാണെന്നും അഖിലേഷ് പ്രവചിച്ചിരുന്നു. ഇതോടെ മമതയുടെ മാര്‍ഗത്തിലേക്കാണ് അഖിലേഷും നീങ്ങുന്നത്.

അഖിലേഷ് ജാതിയില്‍ മുങ്ങി കുളിച്ച ക്രിമിനല്‍ സര്‍ക്കാരാണ് യുപിയില്‍ കൊണ്ടുവന്നതെന്ന് നേരത്തെ പ്രിയങ്ക തുറന്നടിച്ചിരുന്നു. യുപിയില്‍ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയമാണ് അഖിലേഷും മായാവതിയും പിന്തുടര്‍ന്നിരുന്നതെന്ന് പ്രിയങ്ക പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തില്‍ ബിജ്‌നോറില്‍ 19കാരന്‍ കൊല്ലപ്പെട്ട സംഭവം പ്രിയങ്ക ചര്‍ച്ചയയാക്കി. അഖിലേഷ് ഈ വീടുകള്‍ എപ്പോഴെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടോ? സോനഭദ്രയില്‍ പതിമൂന്ന് ആദിവാസികള്‍ കൊല്ലപ്പെട്ടു. അവിടെ അഖിലേഷ് വന്നിരുന്നോ? ഉന്നാവോയിലും ഹത്രസിലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടന്നു.അവിടെയും അഖിലേഷിനെ കണ്ടില്ല. ലഖിപൂര്‍ ഖേരിയില്‍ ആളുകള്‍ മരിച്ചപ്പോള്‍ അദ്ദേഹം പോയോ എന്നും പ്രിയങ്ക ചോദിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ പല കാര്യങ്ങളും അഖിലേഷ് പറയുകയാണ്. അതുവരെ എവിടെയും കാണാത്ത അഖിലേഷിന്റെ പാര്‍ട്ടി പെട്ടെന്ന് എങ്ങനെയാണ് സജീവമായതെന്നും പ്രിയങ്ക ചോദിച്ചു. അതേസമയം യുപിയില്‍ പ്രിയങ്ക ആരോപണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അഖിലേഷും മമതയും തമ്മിലുള്ള ബന്ധം ശക്തമാകുന്നതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. മമത അഖിലേഷിനായി പ്രചാരണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. യുപിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നില്ല. പുതിയ പാര്‍ട്ടി നേതൃത്വം ഉടന്‍ തുടങ്ങുന്നുമുണ്ട്. ഇതിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ പാര്‍ട്ടിയുമായി സഖ്യവും വന്നേക്കും.
അതേസമയം യുപിയില്‍ എസ്പിയും ബിജെപിയും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചായി മാറിയിരിക്കുകയാണ്. സര്‍വേയില്‍ അഖിലേഷ് മുന്നേറ്റം നടത്തുന്നതായി കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രചാരണ വേദിയിലേക്ക് ഇറങ്ങിയിട്ടുണ്ട്. ചുവന്ന തൊപ്പിക്കാരെ വിശ്വസിക്കരുത്. അവര്‍ക്ക് യുപിയില്‍ സര്‍ക്കാരുണ്ടാക്കാനാണ് ആഗ്രഹം. എന്നാല്‍ ഇത് അവര്‍ക്ക് അഴിമതിയിലൂടെ പണപ്പെട്ടി നിറയ്ക്കാനുള്ള അവസരമായിട്ടാണ് കാണുന്നത്. അനധികൃത ഇടപാടുകള്‍ക്ക് വേണ്ടിയാണ് അവര്‍ക്ക് അധികാരം. മാഫിയകള്‍ക്കാണ് അതിലൂടെ സ്വാതന്ത്ര്യം ലഭിക്കുകയെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇതിന് അഖിലേഷ് ചുട്ട മറുപടിയും നല്‍കിയിട്ടുണ്ട്.
ബിജെപിയുടെ അസ്തമനം ഈ വര്‍ഷത്തെ യുപി തിരഞ്ഞെടുപ്പില്‍ കാണാമെന്നും അഖിലേഷ് പറഞ്ഞു. പശ്ചിമ യുപിയിലെ കര്‍ഷകര്‍ ബിജെപിയെ പരാജയപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സംബന്ധിക്കുന്ന എല്ലാ കാര്യവും വ്യാജമാണ്. അവരുടെ വാഗ്ദാനങ്ങള്‍ വ്യാജ വാഗ്ദാനങ്ങള്‍ എന്ന് പറയണം. അവരുടെ താമര ചിഹ്നം വരെ വ്യാജമാണ്. അതിന് സുഗന്ധം പോലുമുണ്ടാവില്ലെന്നും അഖിലേഷ് പററഞ്ഞു. ഞങ്ങളുടെ ആളുകള്‍ പല നിറത്തിലുള്ളതാണ്. എന്നാല്‍ എതിരാളികള്‍ക്ക് ഒരു നിറം മാത്രമാണ് ഉള്ളത്. ഒരു നിറം കൊണ്ട് മാത്രം സംസ്ഥാനത്ത് സമൃദ്ധി കൊണ്ടുവരാന്‍ സാധിക്കില്ലെന്നും അഖിലേഷ് പറഞ്ഞു.
നേരത്തെ വളത്തിന് വേണ്ടി ജനങ്ങള്‍ക്ക് വരി നില്‍ക്കേണ്ട അവസ്ഥയായിരുന്നു. കൊവിഡ് കാലത്തും അവര്‍ക്ക് ഈ അവസ്ഥ തുടരേണ്ടി വന്നു. കരിമ്പ് കര്‍ഷകര്‍ക്ക് ഇപ്പോഴും അവര്‍ക്ക് കിട്ടാനുള്ള തുക കിട്ടിയിട്ടില്ലെന്നും അഖിലേഷ് തുറന്നടിച്ചു. കര്‍ഷകരുടെ വരുമാനം പകുതിയയായി കുറഞ്ഞു. പണപ്പെരുപ്പവും വിലക്കയറ്റവും അതിശക്തമായി തുടരുകയാണ്. ആരെങ്കിലും ജോലി വേണമെന്ന് പറയുമ്പോള്‍ അവരെ ലാത്തി വെച്ചാണ് യുപി പോലീസ് കൈകാര്യം ചെയ്യുന്നത്. യുപിയില്‍ വെറുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി പടര്‍ത്തുന്നതെന്നും അഖിലേഷ് ആരോപിച്ചു. അതേസമയം യുപിയില്‍ ജയന്ത് ചൗധരിയുടെ ആര്‍എല്‍ഡിയും എസ്പിയും തമ്മിലുള്ള സഖ്യവും നിലവില്‍ വന്നു.












Click it and Unblock the Notifications