പൗരത്വ നിയമം ; മദ്രാസ്‍ സർവ്വകലാശാലയിൽ പ്രതിഷേധം ശക്തം, പോലീസ് ക്യാമ്പസിനുള്ളിൽ, സർവകലാശാല അടച്ചു
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ സമരം. വിവാദ നിയമം പിൻവലിക്കും വരെ അനിശ്ചിതകാല സമരം തുടരുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടുപോകണമെന്ന് രജിസ്ട്രാർ അറിയിച്ചെങ്കിലും തയ്യാറല്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. ഇതോടെ ഡിസംബർ 23 വരെ സർവ്വകലാശാലയ്ക്ക് അവധി പ്രഖ്യാപിച്ചു.
സമരം കനത്തതോടെ ക്യാമ്പസിനുള്ളിൽ പോലീസ് പ്രവേശിച്ചു. സർവകലാശാലയുടെ പുറത്തും വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. സമരം അവസാനിപ്പിക്കാൻ വിദ്യാർത്ഥികൾ തയ്യാറായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങാൻ സാധ്യതയുണ്ട്. പ്ലക്കാർഡുകളും വിവിധ തരത്തിലുള്ള വാദ്യങ്ങളുമായാണ് സർവകലാശാലയ്ക്ക് അകത്ത് വിദ്യാർത്ഥികൾ തമ്പടിച്ചിരിക്കുന്നത്.

മതം , ദേശീയത എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം സൃഷ്ടിക്കുന്നതാണ് നിയമമെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു, ശ്രീലങ്കയിൽ നിന്നുള്ള തമിഴ് വംശജരുടെ വിഷയവും ഇവർ ഉന്നയിക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ക്ലാസുകൾ ബഹിഷ്കരിച്ച് മദ്രാസ് സർവകലാശാലയിലും സമരം ആരംഭിച്ചത്. മദ്രാസ് ഐഐടിയിലും പ്രതിഷേധം തുടരുകയാണ്.
ജാമിയ വിദ്യാർത്ഥികൾ ആരംഭിച്ച പ്രതിഷേധം രാജ്യത്തെ മറ്റു സർവ്വകലാശാലകളിലേക്കും വ്യാപിച്ചു കഴിഞ്ഞു. കൊൽക്കത്ത, ബനാറസ്, അലിഗഡ് തുടങ്ങിയ നഗരങ്ങളിൽ രാത്രി വൈകിയും വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. അലിഗഡിൽ പോലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.












Click it and Unblock the Notifications