ഗര്‍ഭം ധരിക്കാന്‍ യുവതിയെ മനുഷ്യാസ്ഥി പൊടിപ്പിച്ച് തീറ്റിച്ച് ഭര്‍ത്താവ്; നിര്‍ദേശിച്ചത് ദുര്‍മന്ത്രവാദി

പൂനെ: ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി യുവതിയെ കൊണ്ട് മനുഷ്യന്റെ അസ്ഥികളുടെ പൊടി കഴിപ്പിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ ആണ് സംഭവം. ഗര്‍ഭം ധരിക്കാനായി ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിര്‍ബന്ധിച്ചാണ് യുവതിയെ കൊണ്ട് അസ്ഥി പൊടിച്ച് കഴിപ്പിച്ചത്. സംഭവത്തില്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് പൂനെ പൊലീസ് എഫ് ഐ ആര്‍ റിപ്പോര്‍ട്ട് ചെയ്തു. ഭര്‍ത്താവ് അടക്കം ഏഴ് പേര്‍ക്ക് എതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഐ പി സി സെക്ഷന്‍ 498 എ, 323, 504, 506 എന്നിവയ്ക്കൊപ്പം അന്ധവിശ്വാസ വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 3, നരബലി നിര്‍മ്മാര്‍ജ്ജനം എന്നിവ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഏഴ് പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന് പൂനെ ഡി സി പി സുഹൈല്‍ ശര്‍മ്മ പറഞ്ഞു. ഒന്നിലധികം വിഷയങ്ങള്‍ ഉന്നയിച്ചാണ് യുവതി ഭര്‍ത്താവിനും കുടുംബത്തിനും എതിരെ പരാതി നല്‍കിയിരിക്കുന്നത്.
സ്ത്രീധനം ആവശ്യപ്പെട്ട സംഭവത്തില്‍ ഒരു കേസ് യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹ സമയത്ത് ഭര്‍ത്താവും കുടുംബവും പണവും സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെ സ്ത്രീധനമായി ആവശ്യപ്പെട്ടതായി യുവതി ആരോപിച്ചു. രണ്ടാമത്തെ കേസില്‍ ആണ് അന്ധവിശ്വാസ നിര്‍മാര്‍ജന നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത് എന്നും പൊലീസ് വ്യക്തമാക്കി.
അമാവാസി രാത്രികളില്‍ വീട്ടില്‍ അന്ധവിശ്വാസപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിക്കുകയും മറ്റ് ചിലപ്പോള്‍ ആചാരമാണ് എന്ന് പറഞ്ഞ് യുവതിയെ ബലമായി അജ്ഞാത ശ്മശാനത്തിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിച്ച് മനുഷ്യന്റെ പൊടിച്ച അസ്ഥികള്‍ കഴിക്കാന്‍ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു. ഇതിനിടയില്‍ ഫോണില്‍ ഭര്‍തൃവീട്ടുകള്‍ ഏതോ മന്ത്രവാദിയുടെ നിര്‍ദേശം സ്വീകരിക്കുകയായിരുന്നു എന്നുമാണ് യുവതിയുടെ പരാതിയില്‍ ഉള്ളത്.
പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഏഴ് പ്രതികള്‍ക്കെതിരെയും ഉടനടി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു എന്നും അന്വേഷണം ആരംഭിച്ചു എന്നും ഡി സി പി സുഹൈല്‍ ശര്‍മ പറഞ്ഞു. ആചാരങ്ങള്‍ നടന്നു എന്ന് പറയുന്ന ശ്മശാനത്തില്‍ തങ്ങള്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട് എന്നും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യും എന്നും ഡി സി പി സുഹൈല്‍ ശര്‍മ്മ പറഞ്ഞു.
കൂടുതല്‍ അന്വേഷണത്തിന് ശേഷം സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തും. എ സി പി റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക എന്നും അദ്ദേഹം പറഞ്ഞു. അതേസമയം മന്ത്രവാദിയെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications