കോണ്‍ഗ്രസ് ഒരുങ്ങുന്നു: പഞ്ചാബില്‍ പ്രകടനപത്രിക- പ്രചാരണ സമിതി കമ്മിറ്റികള്‍ രൂപീകരിച്ചു
ദില്ലി: പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക- പ്രചാരണ സമിതി കമ്മിറ്റികള്‍ രൂപീകരിച്ച് കോണ്‍ഗ്രസ് നേതൃത്വം. കോൺഗ്രസ് മുൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി സി സി) തലവൻമാരായ പ്രതാപ് സിംഗ് ബജ്‌വ, സുനിൽ ജാഖർ എന്നിവരെ യഥാക്രമം പ്രകടനപത്രികയുടെയും പ്രചാരണ സമിതിയുടേയും തലവന്മാരായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമിതിയിലെ മറ്റ് പേരുകളാണ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചത്.
തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ വിഭാഗീയ സംസ്ഥാന ഘടകത്തിനുള്ളിലെ എല്ലാ ഗ്രൂപ്പുകളെയും ഉൾക്കൊള്ളിച്ചാണ് സമിതി രൂപീകരിച്ചത്. ഉപമുഖ്യമന്ത്രി ഒ.പി. സോണി, സുർജിത് സിംഗ് സ്വിച്ച്, അമിത് വിജ്, ജയ്വീർ ഷെർഗിൽ, അശോക് ചൗധരി തുടങ്ങിയവരാണ് 20 അംഗ പ്രകടനപത്രിക സമിതിയിലുള്ളത്. ജാഖറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ പ്രചാരണത്തിനായുള്ള 25 അംഗ പാനലിൽ രവ്‌നീത് സിംഗ് ബിട്ടു, അമർപ്രീത് സിംഗ് ലാലി, രാജ് കുമാർ വെർക്ക, വിജയ് ഇന്ദർ സിംഗ്ല, രാജ വാറിംഗ്, നവ്‌ജോത് ധയ്യ എന്നിവരും ഉൾപ്പെടുന്നു.

കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) ഈ ആഴ്ച അവസാനത്തോടെ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അജയ് മാക്കന്റെ നേതൃത്വത്തിലുള്ള സ്‌ക്രീനിംഗ് കമ്മിറ്റി, സ്ഥാനാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിന് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, പിസിസി മേധാവി നവജ്യോത് സിംഗ് സിദ്ദു, ജാഖർ എന്നിവരുൾപ്പെടെ ആറ് യോഗങ്ങള്‍ ഇതിനോടകം ചേർന്നിട്ടുണ്ട്. വളരെ അധികം സ്ഥാനാർത്ഥി മോഹികള്‍ ഉള്ളതിനാല്‍ സ്ഥാനാർത്ഥി പ്രഖ്യാപനം വളരെ ദുഷ്കരമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കൂറുമാറ്റങ്ങളുടെയും ഒഴിഞ്ഞുപോക്കുകളുടെയും സാധ്യതകൾ പാർട്ടി കണക്കിലെടുക്കേണ്ടതുണ്ട്. സിറ്റിംഗ് നിയമസഭാംഗങ്ങളും ടിക്കറ്റ് ലഭിക്കാത്ത നേതാക്കളും ബി ജെ പിയുമായി കൂട്ടുകൂടിയ മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ (റിട്ട.) പഞ്ചാബ് ലോക് കോൺഗ്രസിലേക്ക് മാറാനാണ് സാധ്യത. "ഞങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഏറ്റെടുക്കുന്നതിനേക്കാൾ, ഞങ്ങളുടെ പാർട്ടിയെ സംബന്ധിച്ചിടത്തോളം, ഈ തിരഞ്ഞെടുപ്പ് വിവിധ ഗ്രൂപ്പുകളുടെ ആവശ്യങ്ങളും വിവിധ നേതാക്കളുടെ ഈഗോകളും കൈകാര്യം ചെയ്യുന്നതാണ്," ഒരു പാർട്ടി നേതാവിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
16-ാം പഞ്ചാബ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14 നാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച വൈകീട്ടോടെയാണ് തിയതി പ്രഖ്യാപിച്ചത്. 117 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജനുവരി 28 ആണ്. ജനുവരി 31 നാണ് നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.












Click it and Unblock the Notifications