ചരണ്‍ജിത്ത് ചന്നിയുടെ ആസ്തിയില്‍ 5 കോടി കുറഞ്ഞു,അമരീന്ദര്‍ സിംഗിന്റെ ആസ്തി 20 കോടി ഉയർന്നു
ദില്ലി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി അടക്കമുളള പ്രമുഖരുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. 2017ന് ശേഷം ചരണ്‍ജിത്ത് ചന്നിയുടെ ആസ്തിയില്‍ 5 കോടിയോളം രൂപയുടെ കുറവ് വന്നതായാണ് സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ച രേഖകളിലൂടെ വ്യക്തമാകുന്നത്. 2017ല്‍ 14.51 കോടിയുടെ സ്വത്തുക്കള്‍ ഉളളതായാണ് ചന്നി വ്യക്തമാക്കിയിട്ടുളളത് എങ്കില്‍ ഈ വര്‍ഷം അത് 9.45 കോടിയാണ് എന്നാണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ആസ്തി ഇക്കാലയളവില്‍ വര്‍ധിച്ചതായാണ് കണക്കുകള്‍. 2017ന് ശേഷം അമരീന്ദര്‍ സിംഗിന്റെ സ്വത്തുക്കളില്‍ 20 കോടിയുടേതാണ് വര്‍ധനവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനും ഈ തിരഞ്ഞെടുപ്പിനുമിടയില്‍ ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദലിന്റെ ആസ്തി മൂല്യം 100 കോടി ഉയര്‍ന്നതായും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ ആസ്തികളില്‍ 1.25 കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2017ല്‍ 45.90 കോടിയുടെ മൂല്യമുളള സ്വത്തുക്കളാണ് സിദ്ദുവിന് ഉണ്ടായിരുന്നത് എങ്കില്‍ 2022ല്‍ എത്തുമ്പോള്‍ അത് 44. 65 കോടിയാണ്.

ഏറ്റവും കൂടുതല്‍ ആസ്തിയുളള 5 എംഎല്‍എമാരുടെ പട്ടികയും എഡിആര്‍ റിപ്പോര്‍ട്ടിലുണ്ട്. സുഖ്ബീര്‍ സിംഗ് ബാദല്‍ ആണ് ഈ പട്ടികയില്‍ മുന്നിലുളളത്. 2017ല്‍ ഇദ്ദേഹത്തിന് 102 കോടിയുടെ സ്വത്തുക്കളാണ് ഉണ്ടായിരുന്നത് എങ്കില്‍ 2022ല്‍ എത്തുമ്പോള്‍ അത് 202 കോടിയായി കുതിച്ചുയര്‍ന്നു. കോണ്‍ഗ്രസ് നേതാവ് മന്‍പ്രീത് സിംഗ് ബാദലിന് 2017ല്‍ 40 കോടിയുടെ ആസ്തി ഉണ്ടായിരുന്നത് ഇപ്പോള്‍ 70 കോടിയായി ഉയര്‍ന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് അമന്‍ അറോറയുടെ സ്വത്തുക്കളില്‍ 29 കോടിയുടെ വര്‍ധനവാണ് 2017ന് ശേഷം ഉണ്ടായിരിക്കുന്നത്.
പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അമരീന്ദര്‍ സിംഗ്, സ്വതന്ത്ര എംഎല്‍എയായ അംഗദ് സിംഗ് എന്നിവരും ഏറ്റവും കൂടുതല്‍ ആസ്തിയുളള നേതാക്കളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടുന്ന 101 എംഎല്‍എമാരുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങള്‍ വിലയിരുത്തി തയ്യാറാക്കിയ എഡിആര്‍ റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് പുറത്ത് വിട്ടത്. ഒറ്റഘട്ടമായി നടക്കുന്ന വോട്ടെടുപ്പ് ഫെബ്രുവരി 20 ഞായറാഴ്ചയാണ്. പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം.












Click it and Unblock the Notifications