ബിജെപിയില്‍ ചേര്‍ന്നതിന് അഭിനന്ദനം നിലച്ചില്ല... എംഎല്‍എ കോണ്‍ഗ്രസില്‍ തിരിച്ചെത്തി; ഒരാഴ്ച ഇടവേള
ചണ്ഡീഗഡ്: കോണ്‍ഗ്രസിന് നല്ല വളക്കൂറുള്ള മണ്ണാണ് പഞ്ചാബിലേത്. ശിരോമണി അകാലിദളിനൊപ്പം നിന്നിരുന്ന ബിജെപി, ഇത്തവണ കളംമാറി വന്‍ കുതിപ്പിന് ഒരുങ്ങുമ്പോള്‍ പല പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ മോദിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ്. അതിനിടെയാണ് കോണ്‍ഗ്രസിനും ബിജെപിക്കും ഭീഷണി സൃഷ്ടിച്ച് ആം ആദ്മി പാര്‍ട്ടിയുടെ വരവ്.
ഫെബ്രുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പഞ്ചാബില്‍ ഇത് കളംമാറ്റത്തിന്റെ കാലം കൂടിയാണ്. മൂന്ന് പ്രബല പാര്‍ട്ടികളിലേക്കും കളംമാറ്റം തകൃതിയാണ്. അതിനിടെ, കോണ്‍ഗ്രസ് എംഎല്‍എ ബല്‍വീന്ദര്‍ സിങ് ലദ്ദിയുടെ കളംമാറ്റം ഏറെ ചര്‍ച്ചയായി. ആറ് ദിവസം ബിജെപിയില്‍ നിന്ന അദ്ദേഹം വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു....

ആറ് ദിവസം മുമ്പാണ് ബല്‍വീന്ദര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഹര്‍ഗോവിന്ദ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു ഇദ്ദേഹം. പെട്ടെന്നുണ്ടായ കളംമാറ്റത്തിന് കാരണം എന്താണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കവെയാണ് ബല്‍വീന്ദര്‍ സിങ് തിരിച്ചെത്തിയത്. അദ്ദേഹം ഇന്നലെ വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ബല്‍വീന്ദര്‍ സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത് ബിജെപി വലിയ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ബിജെപി നേതാക്കള്‍ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തു. ബല്‍വീന്ദറിന് അഭിനന്ദന പെരുമഴയാണ്. അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ കാര്യം പല ബിജെപിക്കാരും അറിഞ്ഞിട്ടില്ല. ബിജെപി നേതാക്കളുടെ അഭിനന്ദനം തുടരുകയാണ്.

പഞ്ചാബിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഹരീഷ് ചൗധരി, ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിങ് രന്താവ എന്നിവര്‍ ചേര്‍ന്നാണ് തിരിച്ചെത്തിയ ബല്‍വീന്ദറിനെ സ്വീകരിച്ചത്. എന്നാല്‍ ബല്‍വീന്ദറിന്റെ ട്വിറ്ററില്‍ ബിജെപിക്കാരുടെ അഭിനന്ദനം തുടരുകയും ചെയ്യുന്നു. ഇത്ര പെട്ടെന്ന് ബല്‍വീന്ദര്‍ തിരിച്ച് കോണ്‍ഗ്രസില്‍ ചേരുമെന്ന് ബിജെപി നേതാക്കള്‍ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല.

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ പഞ്ചാബ് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാണ്. അമരീന്ദര്‍ സിങ് പുറത്തായെങ്കിലും നവജ്യോത് സിങ് സിദ്ദുവിന്റെ ഭാഗത്ത് നിന്നുള്ള ഭീഷണി ഒഴിഞ്ഞിട്ടില്ല. ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടെങ്കിലും രാഹുല്‍ വിദേശത്തായതിനാല്‍ കോണ്‍ഗ്രസ് കാത്തിരിക്കുകയാണ്.

കോണ്‍ഗ്രസുമായി ഉടക്കിപ്പിരിഞ്ഞ അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. അദ്ദേഹം ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ശിരോമണി അകാലിദള്‍ സഖ്യം നഷ്ടമായ ബിജെപിക്ക് കിട്ടിയ പുതിയ പിടിവള്ളിയാണ് അമരീന്ദര്‍ സിങ്. അതിനിടെ ബിജെപി മറ്റു പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്.

ശിരോമണി അകാലിദള്‍, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ തങ്ങള്‍ക്കൊപ്പം വരുമെന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്. കൂടാതെ നരേന്ദ്ര മോദി, അമിത് ഷാ, രാജ്‌നാഥ് സിങ്, ജെപി നദ്ദ എന്നിവരെ പഞ്ചാബിലെത്തിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനും പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. ഉത്തര്‍ പ്രദേശിലും തിരഞ്ഞെടുപ്പ് നടക്കുമെങ്കിലും യോഗി ആദിത്യനാഥിനെയും പഞ്ചാബില്‍ പ്രചാരണത്തിലെത്തിക്കും.
കെട്ടിപ്പിടിച്ച് നയന്‍താരയും വിഘ്‌നേഷും; വര്‍ണം നിറയുന്ന ആകാശ പശ്ചാത്തലത്തില്‍... ചിത്രങ്ങള്‍ വൈറല്‍

അതേസമയം, എഎപിയാണ് കോണ്‍ഗ്രസിനും ബിജെപിക്കും വെല്ലുവിളിയായ ഒരു ഘടകം. കോണ്‍ഗ്രസ് വോട്ടുകള്‍ എഎപി പിടിക്കുമെന്ന ആശ്വാസത്തിലാണ് ബിജെപി. എന്നാല്‍ ബിജെപിയെയും നിശിതമായി വിമര്‍ശിച്ചാണ് എഎപിയുടെ പ്രചാരണം. എഎപി മുന്നേറ്റം കാഴ്ചവയ്ക്കുമെന്നാണ് അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വ്വെ ഫലങ്ങളെല്ലാം സൂചിപ്പിക്കുന്നത്. പഞ്ചാബില്‍ തൂക്കുസഭ വരുമെന്നാണ് പ്രവചനങ്ങള്‍.












Click it and Unblock the Notifications