സര്‍ക്കാര്‍ ഓഫീസുകള്‍ 7.30ന് തുറക്കും; ഡ്യൂട്ടി ടൈം മാറ്റി... വമ്പന്‍ പരിഷ്‌കാരം, കേരളം പാഠമാക്കുമോ
ന്യൂഡല്‍ഹി: പല രാജ്യങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍ നേരത്തെ തുറന്ന് പ്രവര്‍ത്തിക്കാറുണ്ട്. പ്രത്യേകിച്ചും സ്‌കൂളുകള്‍. കുട്ടികള്‍ക്ക് നേരത്തെ എഴുന്നേല്‍ക്കുന്ന ശീലമുണ്ടാക്കുന്നതിനും അതിരാവിലെ പഠനത്തിന് യോജിച്ച സമയമാണെന്നുമുള്ള വിലയിരുത്തലാണ് ഇത്തരം നടപടികള്‍ക്ക് പിന്നില്‍. എന്നാല്‍ പഞ്ചാബില്‍ പുതിയ പരിഷ്‌കാരം കൊണ്ടുവന്നതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
പഞ്ചാബില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ സമയം പൂര്‍ണമായും മാറ്റി. രാവിലെ 7.30 മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സജീവമാകും. ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ ഓഫീസുകളുണ്ടാകൂ. ചൊവ്വാഴ്ച മുതല്‍ ഈ തീരുമാനം നിലവില്‍ വന്നു. എഎപി സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യത്യസ്തമായ പരിഷ്‌കരണങ്ങളുടെ ഭാഗമാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തിലെ മാറ്റം.

രണ്ട് ലക്ഷ്യത്തോടെയാണ് പഞ്ചാബിലെ ഭഗവദ് മന്‍ സര്‍ക്കാര്‍ പുതിയ പരിഷ്‌കാരം നടപ്പാക്കിയിരിക്കുന്നത്. സംസ്ഥാനം വലിയ വൈദ്യുതി പ്രതിസന്ധി നേരിടുന്നുണ്ട്. അതിരാവിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനാല്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. മറ്റൊന്ന് ഉദ്യോഗസ്ഥരുടെ ഉന്മേഷം നേട്ടമാകുമെന്നും കരുതുന്നു. ഉല്‍പ്പാദന ക്ഷമത വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
മെയ് രണ്ട് മുതല്‍ പുതിയ തീരുമാനം നിലവില്‍ വന്നു. പഞ്ചാബിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പുതിയ സമയത്തിലേക്ക് മാറി. ചീഫ് സെക്രട്ടറി മുതല്‍ താഴോട്ടുള്ള എല്ലാ ഓഫീസര്‍മാരും കൃത്യസമയം ഡ്യൂട്ടിക്കെത്തി. ചില ഉദ്യോഗസ്ഥര്‍ 8.15 ആകുമ്പോഴാണ് എത്തുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സര്‍ക്കാരിന്റെ പരിഷ്‌കരണങ്ങള്‍ക്കെതിരെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്.
വനിതാ ജീവനക്കാരാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അഭിപ്രായം പങ്കുവച്ചത്. രാവിലെ പതിവായി വീട്ടില്‍ ചെയ്യുന്ന ജോലികള്‍ക്ക് സാധിക്കുന്നില്ല എന്നാണ് ആക്ഷേപം. ഓഫീസിലേക്ക് വരുമ്പോഴാണ് മക്കളെ സ്‌കൂളില്‍ വിട്ടിരുന്നത്. അല്ലെങ്കില്‍ സ്‌കൂള്‍ ബസ് ആ സമയമാണ് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുട്ടികളെ എന്തുചെയ്യുമെന്ന് അവര്‍ ചോദിക്കുന്നു. ഇത് വളരെ പ്രയാസമുണ്ടാക്കുന്നുവെന്നാണ് ജീവനക്കാരുടെ വികാരം.
സമയ ക്രമത്തില്‍ വരുത്തിയ മാറ്റം സ്ഥായിയല്ല. വരുന്ന ജൂലൈ 15 വരെയാണ് ഈ മാറ്റം. അതിന് ശേഷം വൈദ്യുതി ഉല്‍പ്പാദനത്തില്‍ വര്‍ധനവുണ്ടാകുമെന്നും സംസ്ഥാനത്തെ ഊര്‍ജ പ്രതിസന്ധി അവസാനിക്കുമെന്നുമാണ് സര്‍ക്കാര്‍ കരുതുന്നത്. പുതിയ സമയ മാറ്റത്തിലൂടെ 42 കോടി രൂപ ലാഭിക്കാമെന്നും പഞ്ചാബ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
രാവിലെ 7.30ന് ഡ്യൂട്ടി സമയം ആരംഭിച്ച് ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് പുതിയ ഷെഡ്യൂള്‍. ഉച്ചഭക്ഷണത്തിനുള്ള സമയം ഇതിന് ശേഷമാണ്. അതുകൊണ്ടുതന്നെ രണ്ട് മണിക്ക് ശേഷം ഭക്ഷണം കഴിച്ച് ജീവനക്കാര്‍ക്ക് മടങ്ങാം. ഭക്ഷണം വീട്ടില്‍ നിന്ന് കൊണ്ടുവരാത്തവര്‍ക്ക് തിരിച്ച് ഈ വേളയില്‍ മടങ്ങുകയും ചെയ്യാം. അതുകൊണ്ടുതന്നെ പുതിയ സമയക്രമം വളരെ ഉചിതമാണ് എന്ന് അഭിപ്രായപ്പെടുന്ന ഉദ്യോഗസ്ഥരുമുണ്ട്.
അതേസമയം, വളരെ വ്യത്യസ്തമായ മറ്റൊരു വിവരം കൂടി പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളുടെ സമയ ക്രമം മാറ്റിയ ഉത്തരവ് ആദ്യം ലംഘിച്ചിരിക്കുന്നത് മന്ത്രിമാര്‍ തന്നെയാണ്. ആകെ രണ്ടു മന്ത്രിമാരാണ് ഇന്ന് കൃത്യസമയം ജോലിക്കെത്തിയത്. ഡോ. ബല്‍ജിത് കൗറും ചേതന്‍ സിങ് ജൗറമജ്രയും. ബാക്കിയുള്ള മന്ത്രിമാര്‍ ആരും എത്തിയില്ല. ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി.
കേരളം ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഡ്യൂട്ടി ടൈം. ഉദ്യോഗസ്ഥര്‍ സമയക്രമം കൃത്യമായി പാലിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. വൈദ്യുതി പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യംകൂടി മുന്‍നിര്‍ത്തി പഞ്ചാബ് സര്‍ക്കാരിന്റെ പാത കേരളവും പിന്തുടരുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കേരളത്തില്‍ നിലവില്‍ അത്തരം ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നില്ല.












Click it and Unblock the Notifications