ഗാന്ധി കുടുംബം രാജി പ്രഖ്യാപിച്ചു, തടഞ്ഞ് നിര്‍ത്തി നേതാക്കള്‍, സോണിയയോട് ഒരു നിര്‍ദേശം മാത്രം
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് നടന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ നടന്നത് നാടകീയ നീക്കങ്ങള്‍. ഗാന്ധി കുടുംബം രാജി പ്രഖ്യാപിച്ചിരുന്നുവെന്ന് സീനിയര്‍ നേതാക്കള്‍ പറയുന്നു. രാഹുല്‍ ഗാന്ധിയും, പ്രിയങ്കയും, രാജിക്ക് തയ്യാറായിരുന്നു. എന്നാല്‍ വര്‍ക്കിംഗ് കമ്മിറ്റി ഈ തീരുമാനം തള്ളുകയായിരുന്നു. സോണിയാ ഗാന്ധി അധ്യക്ഷയായി തുടരണമെന്നും വര്‍ക്കിംഗ് കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി സ്വന്തം പദവികള്‍ ത്യാഗം ചെയ്യാന്‍ സോണിയാ ഗാന്ധിയും അവരോടൊപ്പം രാഹുലും പ്രിയങ്കയും തയ്യാറായിരുന്നുവെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍ ഒരു നേതാവും ഇതിനെ അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി വലിയ ആശങ്കയാണെന്നും പാര്‍ട്ടി വിലയിരുത്തി.

സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ വര്‍ക്കിംഗ് വിശ്വാസം അര്‍പ്പിച്ചെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. സോണിയ മുന്നില്‍ നിന്ന് നയിക്കും. സംഘടനാ പരമായ ദൗര്‍ബല്യവും, മാറ്റങ്ങളും സോണിയ തീരുമാനിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. പാര്‍ലമെന്റ് ബജറ്റ് സെഷന് ശേഷം കോണ്‍ഗ്രസ് ചിന്തന്‍ ശിവിര്‍ സംഘടിപ്പിക്കും. അതിന് മുമ്പായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചേരും. കോണ്‍ഗ്രസിനെ സംഘടനാപരമായി ശക്തിപ്പെടുത്താനുള്ള അടിയന്തര നടപടികള്‍ സോണിയാ ഗാന്ധി ഉടന്‍ പ്രഖ്യാപിക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. സംഘടനാ തിരഞ്ഞെടുപ്പ് വരെ സോണിയ തന്നെ നയിക്കണമെന്നായിരുന്നു വര്‍ക്കിംഗ് കമ്മിറ്റിയിലെ ആവശ്യമെന്ന് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസ് ഇത്ര വലിയ തോല്‍വി നേരിട്ടിട്ടും മാറാന്‍ കോണ്‍ഗ്രസ് തയ്യാറല്ല എന്നുള്ള സൂചന കൂടിയാണ് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷം നടക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി തിരിച്ചുവരുമോ എന്നാണ് ഇനി അറിയാനുള്ളത്. 50 നേതാക്കളാണ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ പങ്കെടുത്തത്. പാര്‍ട്ടിയില്‍ പദവികളൊന്നും ഇല്ലെങ്കിലും രാഹുല്‍ ഗാന്ധിയാണ് പാര്‍ട്ടിയെ നയിക്കുന്നതെന്ന് വ്യക്തമാണ്. പിന്നിലിരുന്ന് നയിക്കുന്ന അദ്ദേഹത്തിന്റെ രീതിക്ക് പാര്‍ട്ടിയില്‍ വലിയ വിമര്‍ശനം നേരിടുന്നുണ്ട്. രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്.
ജി23യില്‍ നിന്ന് മൂന്ന് അംഗങ്ങളാണ് വര്‍ക്കിംഗ് കമ്മിറ്റിയിലെത്തിയത്. ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക്, ഗുലാം നബി ആസാദ് എന്നിവരാണ് പങ്കെടുത്തത്. ആസാദും ആനന്ദ് ശര്‍മയും തങ്ങളുടെ നിര്‍ദേശങ്ങള്‍ പരസ്യമായി വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ അടക്കം കോണ്‍ഗ്രസ് മൗനത്തിലാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് രാഹുലിനെ അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണച്ചു. ഗാന്ധി കുടുംബം മൂന്ന് ദശാബ്ദമായി പ്രധാനമന്ത്രിയോ മന്ത്രിയോ വരെ ആയിട്ടില്ല. അവര്‍ കോണ്‍ഗ്രസില്‍ വേണം. രാഹുല്‍ അധ്യക്ഷനായി തിരിച്ചെത്തണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications