വിടാതെ കോണ്‍ഗ്രസ്, ഒപ്പം ചേര്‍ന്ന് മറ്റ് പാര്‍ട്ടികളും; സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം വരുന്നു
ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന് എതിരെ തുടര്‍ പ്രതിഷേധങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട്. പാര്‍ലമെന്റിലും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച് പ്രതിപക്ഷത്തെ ആകെ ഒന്നിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
പ്രതിപക്ഷത്തെ മറ്റ് കക്ഷികളുമായി ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കൂടിയാലോചന നടത്തും. കോണ്‍ഗ്രസ് എം പിമാരുടെ യോഗത്തിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വന്നത് എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ ശിവസേന ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം ആണ് എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

2019 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്നാണ് പേര് എന്ന രാഹുലിന്റെ പരാമര്‍ശമാണ് അയോഗ്യതയിലേക്ക് നയിച്ചത്. സംഭവത്തില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണ് എന്ന് സൂറത്ത് കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയത്. എന്നാല്‍ ഇത് പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവരുന്നതിലേക്ക് നയിച്ചു.
രാജ്യത്തെ ഏറെക്കുറെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഡി എം കെ, എസ് പി, ജെ ഡി യു, ബി ആര്‍ എസ്, സി പി എം, ആര്‍ ജെ ഡി, എന്‍ സി പി, സി പി ഐ, മുസ്ലീം ലീഗ്, എം ഡി എം കെ, കേരള കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ എസ് പി, ആം ആദ്മി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, ശിവസേന (ഉദ്ധവ്) എന്നിവര്‍ രാഹുലിനെ പിന്തുണക്കുന്നു എന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം പ്രതിപക്ഷ നേതാക്കളുമായി തിങ്കളാഴ്ച നടന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് തന്റെ അയോഗ്യതയെ കുറിച്ചല്ലെന്ന് ജയറാം രമേശ് പറഞ്ഞു. തന്റെ എം പി സ്ഥാനം രക്ഷിക്കുകയല്ല, ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കുകയാണ് വേണ്ടത് എന്നാണ് അദ്ദേഹം തന്നെ പറഞ്ഞത് എന്നാണ് ജയറാം രമേശ് പറയുന്നത്. അദാനിയും നരേന്ദ്ര മോദിയും തമ്മില്‍ എന്താണ് ബന്ധമെന്നാണ് ഞങ്ങളുടെ ചോദ്യം എന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
Food Tips: മലയാളിയാണോ... എന്നാല്‍ ഒരിക്കലെങ്കിലും ഈ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം












Click it and Unblock the Notifications