മോദിക്കെതിരെ 'ദുശ്ശകുനം' പരാമർശം: രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ദുശ്ശകുനം പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിന് നോട്ടീസ്. ശനിയാഴ്ച വൈകിട്ടിനുളളില്‍ രാഹുല്‍ ഗാന്ധി നോട്ടീസിന് വിശദീകരണം നല്‍കണം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജസ്ഥാനിലെ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കവെയാണ് മോദിക്കെതിരെ രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു രാഹുല്‍ ഗാന്ധി ദുശ്ശകുന പരാമര്‍ശം നടത്തിയത്.

''അദ്ദേഹം ടിവിയില്‍ വരുന്നു, ഹിന്ദു-മുസ്ലീം എന്നൊക്കെ പറയുന്നു, ചിലപ്പോള്‍ ക്രിക്കറ്റ് കളി കാണാന്‍ പോകുന്നു. നമ്മുടെ കുട്ടികള്‍ വേള്‍ഡ് കപ്പ് നേടുമായിരുന്നു. എന്നാല്‍ ദുശ്ശകുനം കാരണം കളി തോറ്റു. പിഎം എന്നാല്‍ പനോത്തി മോദി ( ദുശ്ശകുനമായ മോദി) എന്നാണ് അര്‍ത്ഥം'' എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ പ്രധാനമന്ത്രിയും ഉണ്ടായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് ട്രോളുകള്‍ നിറഞ്ഞു. പിന്നാലെയാണ് ബിജെപി പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചുവെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും ബിജെപിയുടെ പരാതിയില്‍ പറയുന്നു. മാത്രമല്ല രാഹുല്‍ ഗാന്ധിയെ പോലൊരു മുതിര്‍ന്ന നേതാവ് ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷയാണ് ഉപയോഗിച്ചത് എന്നും പരാതിയില്‍ പറയുന്നു.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ച് തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ അപമാനകരവും അപലപനീയവും ആണെന്ന് മുന്‍ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് പ്രതികരിച്ചു.രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വെളിവാക്കുന്നത് കടുത്ത നിരാശയും മാനസിക നില ശരിയല്ലാത്തതും ആണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.












Click it and Unblock the Notifications