രാഹുലിന് ചുറ്റും 5 പാര്‍ട്ടികള്‍, പ്രതിപക്ഷ യോഗം സ്ഥിരമാക്കും, പ്രശാന്ത് പറയുന്നത് ഇങ്ങനെ
ദില്ലി: അഞ്ച് പാര്‍ട്ടികളെ യുപിഎയിലേക്ക് സ്ഥിരമാക്കാന്‍ രാഹുല്‍ ഗാന്ധി. മമത ബാനര്‍ജി ഇല്ലാതെ നടത്തിയ യോഗത്തിന് വന്‍ പിന്തുണയാണ് ലഭിച്ചത്. പാര്‍ലമെന്റില്‍ തൃണമൂലിനോട് അകലം പാലിക്കാനും കോണ്‍ഗ്രസിന് ഇതോടെ സാധിച്ചു. എന്നാല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരെ രാഹുല്‍ കാണാനെത്തിയതിനെയും തൃണമൂല്‍ വിമര്‍ശിക്കുകയാണ് ചെയ്തത്.
ഡികെ ചോര്‍ത്തിയത് ആ വോട്ട്, ഗൗഡയുടെ കോട്ടയിലും 'കൈ' ഉയര്‍ന്നു, മേദക്കിലും മിന്നി കോണ്‍ഗ്രസ്
ഇതൊക്കെ ചെയ്താല്‍ പ്രതിപക്ഷം മുഴുവന്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നതെന്നായിരുന്നു തൃണമൂലിന്റെ വിമര്‍ശനം. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ രാഹുലിന്റെ ഡൗണ്‍ ടു എര്‍ത്ത് ഇമേജ് വര്‍ധിച്ചിരിക്കുകയാണ്. ഇത് തൃണമൂലിനെ ആകെ ചൊടിപ്പിച്ചിരിക്കുകയാണ്. ശിവസേന എംപി സഞ്ജയ് റാവത്തൊക്കെ രാഹുലിനെ പ്രതിഷേധ വേദിയിലേക്ക് ആനയിച്ച് കൊണ്ടുവരികയായിരുന്നു.

കോണ്‍ഗ്രസ് മമതയില്ലാതെ യുപിഎയുമായി മുന്നോട്ട് പോവുകയാണ്. അഞ്ച് പാര്‍ട്ടികളാണ് ഇപ്പോള്‍ അദ്ദേഹത്തിന് ചുറ്റുമുള്ളത്. ശിവസേന, എന്‍സിപി, ഡിഎംകെ, നാഷണല്‍ കോണ്‍ഫറന്‍സ്, ജെഎംഎം എന്നിവരാണ് ആ പാര്‍ട്ടികള്‍. ഇതിനൊപ്പം ആര്‍ജെഡിയും എത്തും. മമത എന്‍സിപിയെ തൊട്ടുകളിച്ചത് ശരത് പവാറിനെ ചൊടിപ്പിക്കുന്നുണ്ട്. സോണിയ വിളിച്ച യോഗത്തില്‍ രാഹുല്‍ പങ്കെടുത്തത് തന്നെ ഇവരുടെ പിന്തുണ ഉറപ്പിക്കാനാണ്. തുടര്‍ച്ചയായി ഇത്തരം പ്രതിപക്ഷ യോഗങ്ങള്‍ ഇനി അങ്ങോട്ട് ഉണ്ടാവുമെന്ന് രാഹുല്‍ ഇവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. തൃണമൂലിനെ ക്ഷണിക്കാനാവില്ലെന്ന് രാഹുലിനേക്കാള്‍ കടുത്ത നിലപാടെടുത്തത് പ്രിയങ്ക ഗാന്ധിയാണ്.

സോണിയ വിളിച്ചാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുക്കുന്നത് ശരിക്കും തൃണമൂലിന്റെ പ്ലാനെല്ലാം തെറ്റിച്ചിരിക്കുകയാണ്. തൃണമൂലിന്റെ പ്ലാന്‍ പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടുള്ളതാണെന്ന് ശിവസേനയും എന്‍സിപിയും തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് പേരും തൃണമൂലുമായി ചേരാനില്ലെന്ന് പ്രഖ്യാപിച്ചു. ഗോവയില്‍ പോലും തൃണമൂലിനെ ഒഴിവാക്കി കോണ്‍ഗ്രസിനൊപ്പം ചേരാനാണ് ശിവസേനയുടെയും എന്‍സിപിയുടെയും പ്ലാന്‍. അതേസമയം മമത ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രതിപക്ഷ നിരയില്‍ കൂടുതല്‍ ശത്രുക്കളെയാണ് ഉണ്ടാക്കിയിരിക്കുന്നത്. വളരെ വേഗം എഎപിയുമായി ഇടഞ്ഞിരിക്കുകയാണ് മമത. ഇവര്‍ മൂന്ന് പേരും മമതയുമായുള്ള സ്വാഭാവിക ബന്ധത്തിലാണ് വിള്ളല്‍ വീണത്.

ഗോവയില്‍ ചര്‍ച്ചില്‍ അലമാവോയെയാണ് മമത തൃണമൂലില്‍ എത്തിച്ചത്. എന്‍സിപിയുടെ ഏക എംഎല്‍എയാണിത്. ശരത് പവാര്‍ ഇതിലാകെ രോഷത്തിലാണ്. അലമാവോയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് പവാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ കൂറുമാറുന്നതിനെ ഒരിക്കലും പവാര്‍ പിന്തുണച്ചിട്ടില്ല. ഒപ്പം എഎപിയുടെ ദേശീയ പ്ലാനും മമതയുടെ ദേശീയ പ്ലാനും യോജിച്ച് പോകുന്നതല്ല. മമത പ്രതിപക്ഷ നിരയില്‍ തന്നെ ഒറ്റപ്പെട്ട് നില്‍ക്കുന്നത് വലിയ വെല്ലുവിളിയാണ് തൃണമൂലിന് സമ്മാനിച്ചിരിക്കുന്നത്. നിലവില്‍ അഖിലേഷ് യാദവ് മാത്രമാണ് മമതയ്‌ക്കൊപ്പമുള്ളത്. യുപിയില്‍ തോറ്റാല്‍ അഖിലേഷും മമതയെ കൈവിട്ടേക്കും.

അതേസമയം മമതയുടെ വിശ്വസ്തനായ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്ലാതെ ഒന്നും നടക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. വലിയൊരു പ്രതിപക്ഷ നിരയെ ഒരുക്കണമെങ്കില്‍ വലിയൊരു പാര്‍ട്ടി ആവശ്യമാണ്. കോണ്‍ഗ്രസിന് ഇരുപത് ശതമാനം വോട്ടുണ്ട്. അവരില്ലാതെ ഒന്നും നടക്കില്ല. കോണ്‍ഗ്രസിന്റെ നേതൃത്വം എന്നത് ഒരാളുടെ മാത്രം ദൈവികമായ കാര്യമാല്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് ആ പാര്‍ട്ടിയിലെ ആര്‍ക്കും വരാം. പ്രതിപക്ഷ ഐക്യം എന്നത് ശക്തമായ പ്രതിപക്ഷം ആവണമെന്നില്ല. ശക്തമായ പ്രതിപക്ഷമാവണമെങ്കില്‍ കൃത്യമായ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരാളെ ആവശ്യമുണ്ട്. പ്രചാരണത്തെ കുറിച്ച് കൃത്യമായ ധാരണ ആ വ്യക്തിക്കുണ്ടാവണം. എന്താണ് രാഷ്ട്രീയത്തില്‍ നടക്കുന്നതെന്നും ജയിക്കാന്‍ എന്തൊക്കെ വേണമെന്നും ആ നേതാവ് മനസ്സിലാക്കി വെക്കണമെന്നും പ്രശാന്ത് പറഞ്ഞു.

2015ല്‍ പ്രതിപക്ഷം ഒന്നിച്ചപ്പോള്‍ ബിജെപിയെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ അതിനപ്പുറം ആര്‍ക്കും അത് സാധിക്കാന്‍ പറ്റിയിട്ടില്ല. ഗോവയില്‍ അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജയിക്കുമോ എന്ന് പ്രവചിക്കാന്‍ സാധിക്കില്ല. മമതയുമായി ബംഗാളിന് പുറത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഐപാക്ക് കരാറൊപ്പിട്ടിട്ടുണ്ട്. യുപിയില്‍ പരാജയപ്പെടാന്‍ കാരണം ഞാനാണ്. ശരിക്കും അവിടെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ സാധിച്ചില്ല. അത് നടപ്പാക്കാന്‍ പറ്റിയില്ല എന്ന് പറയുന്നതാണ് ശരി. എസ്പിയെയോ കോണ്‍ഗ്രസിനെയോ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. യുപിയിലെ പിഴവുകളില്‍ നിന്നാണ് ബംഗാളില്‍ എന്തൊക്കെ ചെയ്യാനാവുമെന്ന് പഠിച്ചത്.

ബംഗാളിനെ കുറിച്ച് കൃത്യമായി പഠിച്ചാണ് വിജയം നേടിയത്. ഹിന്ദുക്കള്‍ക്ക് വേണ്ടി എന്നാണ് ബിജെപിയുടെ പ്രചാരണം. എന്നാല്‍ എല്ലാ ഹിന്ദുക്കളും ബിജെപിക്ക് വോട്ട് ചെയ്യില്ല. വലിയൊരു കാറ്റഗറിയല്ല ഹിന്ദുക്കളെന്നും കിഷോര്‍ പറഞ്ഞു. യുപി തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അത് 2024ന്റെ കര്‍ട്ടന്‍ റെയ്‌സറല്ല. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഹിന്ദുത്വ വിമര്‍ശനം നിര്‍ത്തുന്നതാണ് നല്ലത്. കാരണം ബിജെപിക്ക് ആവശ്യം അത്തരമൊരു പ്രചാരണമാണ്. അവര്‍ക്ക് അതില്‍ എളുപ്പം വിജയിക്കാം. താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില അഭിപ്രായ ഭിന്നതകള്‍ കാരണം പിന്‍മാറിയതാണെന്നും പ്രശാന്ത് പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങള്‍ സ്വീകരിക്കണോ എന്ന് ഗാന്ധി കുടുംബം തീരുമാനിക്കട്ടെയെന്നും പ്രശാന്ത് വ്യക്തമാക്കി.
സോണിയ തുടങ്ങി, അടുത്ത ഊഴം പ്രിയങ്കയ്ക്ക്, മമതയെ ബംഗാളിലേക്ക് മടക്കും, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ