ബിജെപി നേതാവ് നൽകിയ മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം; കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കും
ബെംഗളൂരു: ബിജെപി കർണാടക ഘടകം നൽകിയ മനനഷ്‌ടകേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. മുഖ്യധാരാ പത്രങ്ങളിൽ അപകീർത്തികരമായ പരസ്യം നൽകിയതിന്റെ പേരിലായിരുന്നു ബിജെപി നടപടി. കേസിൽ ബെംഗളൂരുവിലെ കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് കേസില്‍ ജാമ്യം അനുവിച്ചത്. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും എന്നാണ് കോടതി അറിയിച്ചത്.
40 ശതമാനം കമ്മീഷൻ സർക്കാർ എന്ന് കഴിഞ്ഞ ബിജെപി സർക്കാരിനെ വിമർശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഉൾപ്പെടെയുള്ള നേതാക്കളും കേസിൽ പ്രതികളാണ്. 2019-2023 ഭരണകാലത്ത് കർണാടക ബിജെപി സർക്കാർ വലിയ തോതിൽ അഴിമതി നടത്തിയെന്ന് കാട്ടി കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ പരസ്യത്തിൽ ആരോപിച്ചിരുന്നു.

തുടർന്ന് ഇപ്പോഴത്തെ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, മുഖ്യമന്ത്രി സിദ്ധരാമയ്യ, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ തെറ്റായ പരസ്യം നൽകിയെന്ന് ആരോപിച്ച് ബിജെപി എംപി എസ് കേശവ പ്രസാദ് പരാതി നൽകുകയായിരുന്നു. ഇതിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.
കേസിൽ സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ രാഹുൽ ഹാജരാകാതെ ഇരുന്നതിതോടെ ജൂൺ 7-ന് ഹാജരാകാൻ സമൻസ് അയക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി ബെംഗളൂരുവിലെ കോടതിയില്‍ ഹാജരാവുകയായിരുന്നു.
അതേസമയം, ബെംഗളൂരുവിൽ എത്തിയ രാഹുൽ ഗാന്ധി ഡികെ ശിവകുമാർ, സിദ്ധരാമയ്യ എന്നിവരുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം ആദ്യമായാണ് രാഹുൽ കർണാടകയിലേക്ക് എത്തുന്നത്.
ബെംഗളൂരു അന്താരാഷ്‌ട്ര എയർപോർട്ടിൽ ഡികെ ശിവകുമാറും സിദ്ധാരാമയ്യയും നേരിട്ടെത്തിയാണ് രാഹുൽ ഗാന്ധിയെ സ്വീകരിച്ചത്. കോടതി വളപ്പിൽ പാർട്ടി പതാകകൾ കൊണ്ടുവരരുതെന്നും ബിജെപിക്കെതിരെ മുദ്രാവാക്യം വിളിക്കരുതെന്നും പ്രവർത്തകർക്ക് നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വം കർശന നിർദ്ദേശം നൽകിയിരുന്നു.
നേരത്തെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ കോൺഗ്രസ് ആക്ഷേപത്തിനെതിരെ മറുപടിയുമായി ബിജെപി രംഗത്ത് വന്നിരുന്നു. ഇല്ലാത്ത ആരോപണങ്ങളാണ് അവർ ഉണ്ടാക്കുന്നതെന്നും അപകീർത്തികരമായ പരാമർശങ്ങളാണ് നടത്തുന്നതെന്നും അവർ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് രാഹുൽ ഉൾപ്പെടെ മൂന്ന് മുതിർന്ന നേതാക്കൾക്ക് എതിരെ ബിജെപി അപകീർത്തികേസ് നൽകിയത്.












Click it and Unblock the Notifications