രാഹുല്‍ ഗാന്ധി തരംഗമാകുന്നു!! പുതിയ സര്‍വ്വെ ഫലം പുറത്ത്... കോണ്‍ഗ്രസ് ലക്ഷ്യത്തിലേക്ക്
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ നേരിടാന്‍ കരുത്തുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ല എന്നാണ് ബിജെപി നേതാക്കളുടെ വീമ്പ് പറച്ചില്‍. കുറച്ച് കാലമായി പുറത്തുവന്ന സര്‍വ്വെകളെല്ലാം ഇത് ശരിവെക്കുന്നതായിരുന്നു. മോദിയുടെ ജനപ്രീതി കുത്തനെ ഉയരുന്നതും ഇടിയാതെ നില്‍ക്കുന്നതുമായ വിവരങ്ങളാണ് അടുത്തിടെ പുറത്തുവന്ന നിരവധി സര്‍വ്വെ ഫലങ്ങള്‍ പങ്കുവച്ചത്.
മോദിയെ നേരിടാന്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തിയെങ്കിലും വേണ്ട ഫലം കിട്ടിയില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസ് തകര്‍ന്നടിയുന്നതായിരുന്നു കാഴ്ച. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുകയാണ്. യാത്ര തുടങ്ങിയ ശേഷം നടത്തിയ സി-വോട്ടര്‍ അഭിപ്രായ സര്‍വ്വെയിലെ ഫലങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്....

രണ്ടാം തവണയാണ് സര്‍വ്വെ
രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി ഉയരുന്നു എന്നാണ് സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് തേടിയത്. ജോഡോ യാത്ര തുടങ്ങിയ ശേഷം രണ്ടാം തവണയാണ് സര്‍വ്വെ സംഘടിപ്പിച്ചത്. ക്രമാനുഗതമായി ജനപ്രീതി വളരുന്നുവെന്നാണ് ഫലം.

ഇനിയും 10 സംസ്ഥാനങ്ങള്‍ കൂടി
രാഹുല്‍ ഗാന്ധിയല്ല ഭാരത് ജോഡോ നയിക്കുന്നത് എന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് നടത്തുന്ന യാത്ര എന്നാണ് ഇവര്‍ പറഞ്ഞത്. കൂട്ടായ ഒരു മുന്നേറ്റമാണിത് എന്നും നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ യാത്രയ്ക്ക് മുന്നിലുള്ളത് രാഹുല്‍ തന്നെയാണ്. തമിഴ്‌നാട് കടന്ന കേരളത്തിലെത്തിയ യാത്ര ഇനിയും 10 സംസ്ഥാനങ്ങള്‍ കൂടി പിന്നിട്ടാണ് കശ്മീരിലെത്തുക.

മറുപടി നല്‍കിയവര്‍
തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ് സി വോട്ടര്‍ അഭിപ്രായ സര്‍വ്വെ നടത്തിയത്. രണ്ടു സംസ്ഥാനങ്ങളിലും സര്‍വ്വെയുടെ ഭാഗമായവര്‍, രാഹുലിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പുണ്ടെന്ന് പ്രതികരിച്ചു. മാത്രമല്ല, നേരത്തെ പ്രതികരിക്കുന്നില്ല എന്ന് മറുപടി നല്‍കിയവര്‍ ഏറെയായിരുന്നു. ഈ ഗണത്തില്‍ വരുന്നവരുടെ എണ്ണം കുറഞ്ഞിട്ടുമുണ്ട്.

തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു
2024ലാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ്. എല്ലാ പാര്‍ട്ടികളും വ്യത്യസ്തമായ ഒരുക്കം ഇപ്പോള്‍ തന്നെ ആരംഭിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയിലൂടെയാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ദേശീയ യാത്രയ്ക്ക് പുറമെ, അസം, ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും യാത്ര സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്.

പ്രതീക്ഷ നല്‍കുന്നു
തമിഴ്‌നാട്ടിലും കേരളത്തിലും രണ്ടു തവണയാണ് യാത്ര തുടങ്ങിയ ശേഷം സിവോട്ടര്‍ സര്‍വ്വെ സംഘടിപ്പിച്ചത്. തമിഴ്‌നാട്ടില്‍ സെപ്തംബര്‍ ആറിനും സെപ്തംബര്‍ 11നുമായിരുന്നു സര്‍വ്വെ. ആദ്യ സര്‍വ്വെ ഫലത്തില്‍ നിന്ന് വ്യത്യസ്തമായ കണക്കുകളാണ് രണ്ടാമത്തെ സര്‍വ്വെയില്‍ ലഭിച്ചത്. കേരളത്തിലും ഇതുതന്നെയാണ് അവസ്ഥ. കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണക്കുകള്‍.

63 ശതമാനമായി ഉയര്‍ന്നു
സെപ്തംബര്‍ ആറിലെ സര്‍വ്വെയില്‍, രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ട് എന്ന് പ്രതികരിച്ചവര് 59 ശതമാനമായിരുന്നു. സെപ്തംബര്‍ 11ലെ സര്‍വ്വെയില്‍ ഇത് 63 ശതമാനമായി ഉയര്‍ന്നു. ദിവസങ്ങള്‍ക്കിടെയാണ് ഈ മാറ്റം. ആദ്യ സര്‍വ്വെയില്‍ സംതൃപ്തിയില്ലെന്ന് പറഞ്ഞവര്‍ 25 ശതമാനമായിരുന്നു. രണ്ടാമത്തെ സര്‍വ്വെയില്‍ ഈ ഗണത്തില്‍ വരുന്നവര്‍ 22 ശതമാനമായി താഴ്ന്നതും കോണ്‍ഗ്രസിന് പ്രതീക്ഷയാണ്.

ഉത്തരേന്ത്യയില്‍ ചലനമുണ്ടാക്കാന്‍
ആദ്യ സര്‍വ്വെയില്‍ അഭിപ്രായം പറയുന്നില്ലെന്ന് പറഞ്ഞവര്‍ 16 ശതമാനമായിരുന്നു. രണ്ടാമത്തെ സര്‍വ്വെയില്‍ ഇത് 15 ശതമാനമായി. പുതിയ സര്‍വ്വെയില്‍ കൂടുതല്‍ പേര്‍ രാഹുലിന് അനുകൂലമായി പ്രതികരിച്ചു. കേരളത്തില്‍ സെപ്തംബര്‍ 10നും 14നുമായിരുന്നു സര്‍വ്വെ. ആദ്യ സര്‍വ്വെയില്‍ സംതൃപ്തര്‍ 56 ശതമാനമായിരുന്നു. രണ്ടാമത്തേതില്‍ 60 ശതമാനമായി ഉയര്‍ന്നു. അതേസമയം, ഈ രണ്ടു സംസ്ഥാനങ്ങളും നേരത്തെ രാഹുല്‍ ഗാന്ധിയോട് മതിപ്പുള്ള സംസ്ഥാനങ്ങളാണ്. ഉത്തരേന്ത്യയില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ടാകൂ എന്നാണ് നിരീക്ഷണം.












Click it and Unblock the Notifications