ഔദ്യോഗിക വസതി ഒഴിയണം എന്ന് സര്‍ക്കാര്‍; രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ...
ന്യൂഡല്‍ഹി: ലോക്‌സഭാ അംഗത്വം റദ്ദാക്കിയ പിന്നാലെ സര്‍ക്കാര്‍ വസതി ഒഴിയണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ സെക്രട്ടേറിയറ്റ് കത്ത് നല്‍കിയിരുന്നു. ഈ കത്തിന് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിരിക്കുകയാണിപ്പോള്‍. നന്ദി പറഞ്ഞ് കൊണ്ടാണ് രാഹുല്‍ മറുപടി നല്‍കിയിരിക്കുന്നത്. മുന്‍വിധികളില്ലാതെ താങ്കളുടെ ആവശ്യം അനുസരിക്കുന്നു എന്ന് രാഹുല്‍ വ്യക്തമാക്കി. ഡെപ്യൂട്ടി സെക്രട്ടറി ഡോ. മൊഹിത് രാജനാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിരിക്കുന്നത്.
മുന്‍ ലോക്‌സഭാ അംഗം എന്ന ലെറ്റര്‍ പാഡിലാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിരിക്കുന്നത്. തുഗ്ലക് ലൈനിലെ ബംഗ്ലാവിലാണ് രാഹുല്‍ ഗാന്ധി താമസിച്ചിരുന്നത്. ഏപ്രില്‍ 23നകം ഒഴിയണം എന്നാവശ്യപ്പെട്ടാണ് അദ്ദേഹത്തിന് വെള്ളിയാഴ്ച നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ നാല് തവണകളായി എംപിയായി തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ ഈ വസതിയിലാണ് രാഹുല്‍ താമസിച്ചിരുന്നത്. ഇകാര്യം അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം കഴിഞ്ഞാഴ്ചയാണ് റദ്ദാക്കിയത്. മോദിക്കെതിരായ പ്രസംഗത്തിന്റെ പേരില്‍ ഗുജറാത്ത് കോടതി രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച പിന്നാലെയായിരുന്നു നടപടി. പദവി റദ്ദാക്കി രണ്ടു കഴിഞ്ഞപ്പോള്‍ വസതി ഒഴിയാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ രാഹുല്‍ മറുപടി നല്‍കി എന്നതും എടുത്തുപറയേണ്ടതാണ്.
എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയാലും ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് തുടരുമെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുള്ളത്. ഗുജറാത്തിലെ സൂറത്ത് കോടതിയുടെ ശിക്ഷാ വിധിക്കെതിരെ രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. അതേസമയം, രാഹുല്‍ ഗാന്ധിയുടെ വസതി ഒഴിവാക്കാനുള്ള നോട്ടീസിനോട് വികാരപരമായിട്ടാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്.
രാഹുല്‍ ഗാന്ധി അമ്മ സോണിയ ഗാന്ധിക്കൊപ്പം താമസിക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു. അല്ലെങ്കില്‍ എന്റെ വസതിയില്‍ താമസിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നടപടികള്‍. രാഹുലിന്റെ ശക്തി ക്ഷയിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വേണ്ടി വന്നാല്‍ എന്റെ വസതി രാഹുലിന് വേണ്ടി ഒഴിഞ്ഞുകൊടുക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
അതേസമയം, അദാനി വിഷയത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചു. മാണികം ടാഗോര്‍, മനീഷ് തിവാരി എന്നിവരാണ് നോട്ടീസ് നല്‍കിയത്. അദാനി ഗ്രൂപ്പ് വിവാദവും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയും ചര്‍ച്ച ചെയ്യണം എന്നാണ് ഇരുവരുടെയും ആവശ്യം. ബഹളം കാരണം കുറച്ച് ദിവസങ്ങളായി പാര്‍ലമെന്റ് നടപടികള്‍ കൃത്യമായി നടക്കുന്നില്ല.
കോടതി ശിക്ഷിച്ചാലുള്ള സ്വാഭാവിക നടപടികള്‍ മത്രമാണ് രാഹുല്‍ ഗാന്ധിക്കെതിരെ സ്വീകരിക്കുന്നത് എന്ന് ബിജെപിയും സര്‍ക്കാര്‍ വൃത്തങ്ങളും പറയുന്നു. എന്നാല്‍ പ്രതികാര നടപടിയായിട്ടാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്. കോണ്‍ഗ്രസിന്റെ വാദത്തോട് പ്രതിപക്ഷ പാര്‍ട്ടികളും യോജിക്കുന്നു. വിഷയത്തില്‍ പ്രതിപക്ഷ ചേരിയില്‍ ഐക്യമുണ്ടായി എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം.












Click it and Unblock the Notifications