'തൊണ്ണൂറുകളിൽ പിന്നാക്ക വിഭാഗത്തിന്റെയും ദളിതരുടെയും താൽപര്യങ്ങൾ കോൺഗ്രസ് അവഗണിച്ചു'; രാഹുൽ ഗാന്ധി
ന്യൂഡൽഹി: തൊണ്ണൂറുകളിൽ കോൺഗ്രസ് ദളിതരുടെയും പിന്നാക്കക്കാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിച്ചില്ലെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദളിത് ഇൻഫ്ലുവൻസർമാർ സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുസമ്മതിച്ചത്. മൂന്ന് വട്ടമായി അധികാരത്തിന് പുറത്തുനിൽക്കുന്ന കോൺഗ്രസിന്റെ ഉന്നത നേതാവ് തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചു എന്നതാണ് പ്രധാന കാര്യം.
ദളിതർക്കും പിന്നാക്കക്കാർക്കും രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുന്നത് കൊണ്ട് മാത്രം സ്ഥാപനങ്ങളിലും സമ്പത്തിലും പങ്കാളിത്തം ലഭിക്കാത്തിടത്തോളം അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ യഥാർത്ഥ അടിത്തറ തിരിച്ച് കിട്ടിയാൽ ബിജെപിക്കും ആർഎസ്എസിനും ഓടിപ്പോകേണ്ടിവരുമെന്നും അത് ഉടൻ സംഭവിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ദളിതർ, ന്യൂനപക്ഷങ്ങൾ, പിന്നാക്കക്കാർ എന്നിവരിൽ കോൺഗ്രസിന് പൂർണ വിശ്വാസമുണ്ടായിരുന്നു. എന്നാൽ പിന്നീട് 1990കളിൽ കാര്യമായ പോരായ്‌മകളുണ്ടായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രാതിനിധ്യവും അധികാര വിഹിതവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
'നിങ്ങൾ രാഷ്ട്രീയ പ്രാതിനിധ്യത്തെക്കുറിച്ച് സംസാരിക്കുന്നു, കാൻഷി റാം രാഷ്ട്രീയ പ്രാതിനിധ്യത്തിന് വേണ്ടി പോരാടി. എന്നാൽ അവർ രാഷ്ട്രീയ പ്രാതിനിധ്യം അപ്രസക്തമാക്കി. സംസാരിക്കാൻ പോലും കഴിയാത്ത പ്രതിമയാക്കിയെന്ന് ലോക്‌സഭയിലെ ബിജെപി എംപിമാർ പറഞ്ഞു. സ്ഥാപനങ്ങൾ, അത് വിദ്യാഭ്യാസമായാലും കോർപ്പറേറ്റ് ഇന്ത്യയായാലും, ജുഡീഷ്യറിയായാലും, അധികാരത്തിൻ്റെ വിഹിതം അവർക്ക് ലഭിക്കണം' രാഹുൽ പറഞ്ഞു.
'ഞാൻ മുൻപ് പറഞ്ഞതുപോലെ, പിന്നാക്കക്കാർക്ക് 50 ശതമാനം ജനസംഖ്യയുണ്ടെങ്കിലും അധികാരത്തിന്റെ വിഹിതം വെറും 5 ശതമാനം മാത്രമാണ്. ദളിതർക്ക് 15 ശതമാനം ജനസംഖ്യയുണ്ടെങ്കിലും അധികാരത്തിൽ ഒരു ശതമാനം മാത്രമേ ഉള്ളൂ. അടുത്ത ചോദ്യം അധികാരത്തിന്റെ വിഹിതതത്തെ കുറിച്ചും സമ്പത്തിനെ കുറിച്ചുമാവണം' രാഹുൽ വ്യക്തമാക്കി.
അതേസമയം, 2014 വരെ തുടർച്ചയായി രണ്ട് വട്ടം യുപിഎ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം പിന്നീട് കോൺഗ്രസിന് ഭരണത്തിലേറാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയാണ് വെന്നിക്കൊടി പാറിച്ചത്. ഇതിന് പിന്നാലെ തന്നെ കോൺഗ്രസിന്റെ ദളിത്, പിന്നാക്ക വിഭാഗ സ്വാധീനത്തിൽ ഇടിവുണ്ടായെന്ന് വിലയിരുത്തൽ ഉണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് രാഹുലിന്റെ അഭിപ്രായപ്രകടനം.












Click it and Unblock the Notifications