രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മല്‍സരിക്കണം; 2019 ആവര്‍ത്തിക്കണം, പ്രവര്‍ത്തക സമിതിയില്‍ ആവശ്യം
ഹൈദരാബാദ്: രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തന്നെ മല്‍സരിക്കണം എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ആവശ്യം. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. 2019ല്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കേരളത്തില്‍ പാര്‍ട്ടിക്ക് നേട്ടമായിട്ടുണ്ട്. അന്ന് കോണ്‍ഗ്രസിന് കൂടുതല്‍ എംപിമാരെ സമ്മാനിച്ചത് കേരളമാണെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി.
ഓരോ നേതാക്കള്‍ക്കും സംസാരിക്കാന്‍ പ്രവര്‍ത്തക സമിതിയുടെ വിശാല യോഗത്തില്‍ അവസരമുണ്ടായിരുന്നു. ഈ വേളയിലാണ് കൊടിക്കുന്നില്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ രാഹുല്‍ ഗാന്ധിയോ മറ്റു പ്രധാന നേതാക്കളോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. എല്ലാ നേതാക്കളുടെയും പ്രധാന ആവശ്യങ്ങളും നിര്‍ദേശങ്ങളും നേതൃത്വം കുറിച്ചെടുത്തു.

2019ല്‍ രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളിലാണ് മല്‍സരിച്ചത്. സിറ്റിങ് മണ്ഡലമയിരുന്ന ഉത്തര്‍ പ്രദേശിലെ അമേഠിയിലും വയനാടും. എംഐ ഷാനവാസ് ആയിരുന്നു നേരത്തെ വയനാടിനെ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിയോഗ ശേഷം മറ്റൊരാളെ തേടുന്ന വേളയിലാണ് രാഹുല്‍ ഗാന്ധിയെ വയനാട് മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
2019ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റു. ബിജെപി നേതാവ് സ്മൃതി ഇറാനിയോടാണ് അദ്ദേഹം പരാജയപ്പെട്ടത്. ഇത്തവണ രാഹുല്‍ അമേഠിയില്‍ തന്നെ മല്‍സരിക്കുമെന്ന് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് കൊടിക്കുന്നില്‍ സുരേഷ് വയനാട് ആവശ്യം പ്രവര്‍ത്തക സമിതിയില്‍ ഉന്നയിച്ചത്.
സംവരണം, ജാതി സെന്‍സസ് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രവര്‍ത്തക സമിതി യോഗം വിമര്‍ശിച്ചു. ഹൈദരാബാദില്‍ ശനിയാഴ്ച ആരംഭിച്ച കോണ്‍ഗ്രസ് പ്രവര്‍ത്ത സമിതി യോഗം ഇന്ന് അവസാനിക്കും. വൈകീട്ട് ആറ് മണിക്ക് മഹാറാലി നിശ്ചയിച്ചിട്ടുണ്ട്. നാല് മണി മുതല്‍ റാലിയുടെ കാര്യങ്ങളിലേക്ക് നേതാക്കളുടെ ശ്രദ്ധ തിരിയും.
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയിലാണ് ഹൈദരാബാദില്‍ പ്രവര്‍ത്തക സമിതി യോഗം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പുമാണ് പ്രവര്‍ത്ത സമിതി പ്രധാനമായും ചര്‍ച്ച ചെയ്തത്. തെലങ്കാനയില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തുമെന്ന അഭിപ്രായ സര്‍വെകള്‍ പുറത്തുവന്നിരുന്നു.
തൊട്ടടുത്ത കര്‍ണാടകയില്‍ ഭരണം പിടിച്ച ആവേശത്തിലാണ് തെലങ്കാനയിലും കോണ്‍ഗ്രസ് ഇറങ്ങുന്നത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് തെലങ്കാനയില്‍ സുപ്രധാന ചുമതല പാര്‍ട്ടി നല്‍കിയിട്ടുണ്ട്. മഹാറാലിയില്‍ തെലങ്കാനയിലെ ജനങ്ങള്‍ക്ക് വന്‍ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇതോടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനൗദ്യോഗികമായി തുടക്കം കുറിക്കുകയാണ്.












Click it and Unblock the Notifications