രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; തീരുമാനവുമായി ഇന്ത്യ മുന്നണി, പ്രോടേം സ്പീക്കർക്ക് കത്ത് നൽകി
ഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തു. ഇന്ത്യ സംഖ്യത്തിന്‍റെ യോഗത്തിലാണ് തീരുമാനം. രാഹുലിനെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടേം സ്പീക്കർക്ക് കത്ത് നൽകി.
ലോക്‌സഭയുടെ ആകെ അംഗങ്ങളുടെ പത്തിലൊന്ന് സീറ്റുകള്‍ ലഭിക്കുന്ന പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിക്കാണ് ലോക്‌സഭാ നേതൃസ്ഥാനം ലഭിക്കുക. കഴിഞ്ഞ രണ്ട് തവണയും കോൺഗ്രസിന് പ്രതിപക്ഷ നേതൃത്വ സ്ഥാനം ലഭിച്ചിരുന്നില്ല. ഇപ്പോൾ പത്ത് വർഷത്തിന് ശേഷമാണ് പദവി ലഭിക്കുന്നത്. തുടക്കം മുതൽ തന്നെ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. തിരഞ്ഞെടുപ്പിന് ശേഷം ചേർന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി രാഹുലിനോട് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. രാഹുല്‍ നയിച്ച ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയുമെല്ലാമാണ് കോൺഗ്രസിന്റെ മുന്നേറ്റത്തിൽ നിർണായകമായതെന്നായിരുന്നു നേതാക്കൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ അദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നായിരുന്നു വാർത്തകൾ.

അതേസമയം പ്രതിപക്ഷ നേതാവ് ആയില്ലെങ്കിൽ ഉത്തരവാദിത്തങ്ങളേറ്റെടുക്കാൻ രാഹുൽ തയ്യാറാവുന്നില്ലെന്ന ആക്ഷേപം ഉയരുമെന്നും ബി ജെ പി തന്നെ ഇത് ആയുധമാക്കിയേക്കുമെന്നുള്ള അഭിപ്രായം പാർട്ടിയിൽ ഉയർന്നിരുന്നു. മാത്രമല്ല പ്രതിപക്ഷം, പ്രത്യകിച്ച് കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയ സാഹചര്യത്തിൽ രാഹുൽ പദവി ഏറ്റെടുക്കുന്നത് ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ പദവി ഏറ്റെടുക്കാൻ തയ്യാറായത്. ഇനി പ്രതിപക്ഷത്തിന്റെ മുന്നണിപ്പോരാളിയായി രാഹുൽ ഗാന്ധി മാറുന്നതായിരിക്കും കാഴ്ച.
പതിനെട്ടാമത് ലോക്സഭയിൽ റായ്ബറേലി എംപിയായി രാഹുൽ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലാണ് രാഹുൽഗാന്ധി മത്സരിച്ചത്. റായ്ബറേലിയിലും വയനാട്ടിലും. റായ്ബറേലിയിൽ 3,90,030 വോട്ടുകൾക്കും വയനാട്ടിൽ 3,64,422 വോട്ടിനുമാണ് രാഹുൽ ജയിച്ചത്. തുടർന്ന് റായ്ബറേലി നിലനിർത്താൻ രാഹുൽ തീരുമാനിക്കുകയായിരുന്നു.
അതേസമയം ഇന്ന് സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചപ്പോൾ ജോഡോ ജോഡോ ഭാരത് ജോഡോ എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷം രാഹുലിനെ സ്വാഗതം ചെയ്തത്. ഭരണഘടന ഉയർത്തിപ്പിടിച്ച് സഭാംഗങ്ങളെ എല്ലാം കാണിച്ച ശേഷമായിരുന്നു രാഹുൽ സത്യപ്രതിജ്ഞ ചെയ്തത്. വരും ദിവസങ്ങളിൽ പാർലമെന്റിൽ മോദി-രാഹുൽ പോരാട്ടത്തിനായിരിക്കും വേദിയാകുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications