രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയില്‍ മാറ്റും; മാവേലിക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്: കാരണം ഇതാണ്
പത്തനംതിട്ട: മൂന്നാമത്തെ ലൈംഗികാതിക്രമ ആരോപണത്തില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് മാറ്റിയേക്കും. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റുന്നത്. മാവേലിക്കര ജയിലില്‍ മതിയായ ജീവനക്കാരില്ലാത്ത പശ്ചാത്തലത്തില്‍ രാഹുലിന്റെ സുരക്ഷ പരിഗണിച്ചാണ് ജയില്‍ മാറ്റുന്നത്.
പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. തുടര്‍ച്ചയായി മൂന്നു ലൈംഗിക പീഡന പരാതികളാണ് രാഹുലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇപ്പോള്‍ വിദേശത്തുള്ള യുവതിയാണ് രാഹുല്‍ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി നല്‍കിയിരിക്കുന്നത്. സാമ്പത്തികമായും ചൂഷണം ചെയ്തു. ഈ പരാതിയിലാണ് ഇന്നലെ രാത്രി അറസ്റ്റുണ്ടായത്. തുടര്‍ന്നാണ് മാവേലിക്കര സബ് ജയിലിലേക്കു മാറ്റിയത്.
മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം ഉള്‍പ്പെടെ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ അവിടെ ആവശ്യത്തിന് ജീവനക്കാരും ഇല്ല. ഈ പശ്ചാത്തലത്തില്‍ രാഹുലിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനാണ് സാധ്യത. ജയില്‍ ഡിഐജിയുടെ ഉത്തരവ് വരുന്ന മുറയ്ക്ക് രാഹുല്‍ മങ്കൂട്ടത്തില്‍ എംഎല്‍എയെ മാവേലിക്കര ജയിലില്‍ നിന്നും മാറ്റും. ജയില്‍ മാറ്റം രാഹുല്‍ മാങ്കൂട്ടത്തിലും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന.

രാഹുല്‍ മാങ്കൂട്ടത്തില്‍ ജനപ്രതിനിധിയായതിനാല്‍ ജയിലില്‍ പാര്‍പ്പിക്കുമ്പോള്‍ മതിയായ സുരക്ഷ ഒരുക്കണം. എന്നാല്‍ മാവേലിക്കര സബ് ജയിലില്‍ എല്ലാ സുരക്ഷയോടും കൂടി ഒരു ജനപ്രതിനിധിയെ പാര്‍പ്പിക്കാന്‍ സൗകര്യം ഇല്ല. ഈ സാഹചര്യത്തിലാണ് ജയില്‍ മാറ്റാനുള്ള നടപടി.
സംസ്ഥാനത്തെ മിക്ക ജയിലുകളിലും ജീവനക്കാരുടെ വലിയ പരിമിതിയുണ്ട്. ഒരു ജനപ്രതിനിധിയെ സഹ തടവുകാര്‍ക്ക് ഒപ്പം പാര്‍പ്പിക്കുമ്പോള്‍ കൃത്യമായ സുരക്ഷ ഒരുക്കണം. രാഹുലിനെ നിരീക്ഷിക്കാന്‍ മാത്രമായി ഒരു ജീവനക്കാരന്‍ വേണം. ഇത്തരം ചുമതലകള്‍ ഏല്‍പ്പിക്കാനുള്ള സുരക്ഷാ ജീവനക്കാരുടെ കുറവുള്ള പശ്ചാത്തലത്തിലാണ് രാഹുലിനെ മാറ്റുന്നത്. ജയില്‍ ഡിഐജിയുടെ ഓര്‍ഡര്‍ നാളെ രാവിലെയോടെ പുറത്തിറങ്ങും. ഇതിനു ശേഷം രാഹുലിനെ മാറ്റാനാണ് തീരുമാനം.
ഇന്നലെ രാത്രിയോടെ പാലക്കാടുള്ള സ്വകാര്യ ഹോട്ടലില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 2024-ല്‍ തിരുവല്ലയിലെ ഒരു ഹോട്ടലില്‍ വച്ച് രാഹുല്‍ ക്രൂരമായി പീഡിപ്പിച്ചു എന്നാണ് അതിജീവിതയുടെ പരാതി. മൂന്നാമത്തെ പരാതി കൂടി ഉയര്‍ന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയിലും പ്രതിഷേധം ശക്തമായിരിക്കുകയാണ്. നേരത്തെ രാഹുലിനെ അനുകൂലിച്ചിരുന്നവരും ഇപ്പോള്‍ പ്രതിരോധത്തിലാണ്. ഇനിയും എന്തു പറഞ്ഞ് രാഹുലിനെ അനുകൂലിക്കും എന്ന ആശയക്കുഴപ്പത്തിലാണ് ഇവര്‍. ശക്തമായ തെളിവുകളോടെയാണ് ഇക്കുറി യുവതി രാഹുലിനെ നേരിടുന്നത്.












Click it and Unblock the Notifications