കോൺഗ്രസ് 'റാഞ്ചും'; എംഎൽഎമാരെ മാധ്യമങ്ങളിൽ നിന്ന് ഒളിപ്പിച്ച് ബിജെപി!! നെഞ്ചിടിപ്പോടെ നേതൃത്വം
ജയ്പൂർ; രാജസ്ഥാൻ രാഷ്ട്രീയം കലങ്ങി മറിയുകയാണ്. വിമത നേതാവ് സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാഹുലിൻറെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതോടെ സച്ചിൻ കോൺഗ്രസിലേക്ക് മടങ്ങിയെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. കോൺഗ്രസ് രാഷ്ട്രീയം കലങ്ങി തെളിയുമ്പോൾ പക്ഷേ നെഞ്ചിടിപ്പിലാണ് സംസ്ഥാനത്ത് ബിജെപി. എംഎൽഎമാരെ കോൺഗ്രസ് 'റാഞ്ചാതിരിക്കാൻ' റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ബിജെപി നേതൃത്വം. എംഎൽഎമാർ മാധ്യമങ്ങളുമായി ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് പാർട്ടി.
18 എംഎൽഎമാരെയാണ് ബിജെപി ഗുജറാത്തിലേക്ക് മാറ്റയിരിക്കുന്നത്. ഇതിൽ കുറച്ച് പേർ അഹമ്മദാബാദിലെ ഗോൾഫ് ക്ലബിലും മറ്റ് ചിലർ ജുനഗഡിലുള്ള സസനടുത്തുള്ള റിസോർട്ടിലുമാണ് കഴിയുന്നത്. ഗുജറാത്ത് ആഭ്യന്തര മന്ത്രിയ്ക്കാണ് എംഎൽഎമാരുടെ മേൽനോട്ട ചുമതല. മാധ്യമങ്ങളോ പാർട്ടി ഇതര വ്യക്തികളോ എംഎൽഎമാരെ ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഗുജറാത്ത് പോലീസും സംസ്ഥാന ബിജെപി നേതാക്കളും റിസോർട്ടിൽ തന്നെ തുടരുകയാണ്. രാജസ്ഥാൻ നിയമസഭ സമ്മേളനത്തിന് മുൻപ് മാത്രമേ ഇവർ രാജസ്ഥാനിലേക്ക് മടങ്ങൂവെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഓഗസ്റ്റ് 14 നാണ് നിയമസഭ സമ്മേളനം നടക്കുന്നത്.

അതേസമയം രാജസ്ഥാൻ ബിജെപി എംഎൽഎമാരെ എന്തുകൊണ്ടാണ് ഗുജറാത്തിൽ പാർപ്പിച്ചിരിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഒഴിഞ്ഞുമാറി. ഇക്കാര്യങ്ങൾ സംബന്ധിച്ച് സംസ്ഥാന ബിജെപി അധ്യക്ഷനായ സിആർ പാട്ടീലിനോട് ചോദിക്കൂവെന്നായിരുന്നു രൂപാണിയുടെ മറുപടി.
Recommended Video
ബിജെപിയിലെ വിഭാഗീയത മുതലെടുത്ത് വിശ്വാസ വോട്ടെടുപ്പിന് മുൻപ് എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ പാർട്ടിയുടെ ഔദ്യോഗിക പക്ഷവുമായി ഇടഞ്ഞ് നിൽക്കുകയാണ്. രാജെയുടെ മുഖ്യശത്രുവായ ദിൽവാറിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ സംസ്ഥാനത്ത് ഗെഹ്ലോട്ട് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതെന്നാണ് അഭ്യൂഹങ്ങൾ.ഈ സാഹചര്യത്തിൽ ബിജെപിക്ക് രാജെ പാലം വലിച്ചേക്കുമോയെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്.












Click it and Unblock the Notifications