ഉപതിരഞ്ഞെടുപ്പ്; ശക്തി കേന്ദ്രത്തിൽ ബിജെപിയെ മലർത്തിയടിച്ച് കോൺഗ്രസ്; 2 സീറ്റിലും വിജയം
ജയ്പൂർ; നിയമസഭ ,ലോക്സഭ ഉപതിരഞ്ഞെടുപ്പുകളിൽ മിന്നും മുന്നേറ്റവുമായി കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിലെ മൂന്ന് നിയമസഭ സീറ്റിലും ഒരു ലോക്സഭ സീറ്റിലും കോൺഗ്രസ് ആണ് മുന്നേറുന്നത്. കർണാടകത്തിൽ ഒരു സീറ്റിൽ പാർട്ടി വിജയിച്ചു. ഇപ്പോഴിതാ ഭരിക്കുന്ന രാജസ്ഥാനിലും കൂറ്റൻ വിജയമാണ് കോൺഗ്രസ് നേടിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

സംസ്ഥാനത്ത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര തർക്കങ്ങൾ രൂക്ഷമായിരിക്കുന്നതിനിടയിലാണ് ഇവിടെ നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.ഇരുവരും തമ്മിലുള്ള തർക്കങ്ങൾ മുതലെടുത്ത് മണ്ഡലങ്ങളിൽ വിജയം കൊയ്യാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ബി ജെ പി. എന്നാൽ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിക്ക് കാലിടറുന്നതാണ് കാഴ്ച.

ദക്ഷിണ രാജസ്ഥാനിലെ മേവാർ മേഖലയിലെ വല്ലഭനഗർ, ധരിവാഡ് എന്നീ രണ്ട് നിയമസഭ മണ്ഡലങ്ങളിലാണ് നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്നത്. വല്ലഭ്‌നഗർ എം എൽ എ ഗജേന്ദ്ര സിംഗ് ശക്താവത്തിന്റേയും ധരിയവാഡ് എംഎൽഎ ഗൗതം ലാൽ മീണയുടേയും മരണത്തെ തുടർന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ധരിവാഡ് ബി ജെ പിയുടെ സിറ്റിംഗ് സീറ്റും ശക്തി കേന്ദ്രവുമാണ്. ഇവിടെ വൻ വിജയമാണ് ഇക്കുറി കോൺഗ്രസ് നേടിയത്. കോൺഗ്രസിന്റെ നാഗ്‌രാജ് മീന 69,703 വോട്ടുകളാണ് നേടിയത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ധരിയവാഡിൽൽ നാഗ്രാജ് മീണയെ പരാജയപ്പെടുത്തിയായിരുന്നു ബിജെപി നേതാവായ ഗൗതം ലാൽ മീണ മണ്ഡലം പിടിച്ചെടുത്തത്. അന്ന് 23,842 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗൗതം മീണയുടെ വിജയം.

ഇത്തവണ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്ത് മാത്രമേ ബി ജെ പിക്ക് ലഭിച്ചുള്ളൂ. സ്വതന്ത്ര സ്ഥാനാർഥി തവർചന്ദാണ് ഇവിടെ രണ്ടാം സ്ഥാനം നേടിയത്. ബി ജെ പി സ്ഥാനാർഥി ഖേദ് സിങ് മീനയക്ക് 46,415 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്.

മണ്ഡലത്തിൽ ഗൗംതം മീണയുടെ മകൻ കൻഹയ്യ മീണ നേരത്തേ ഇവിടെ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബി ജെ പി സീറ്റ് നൽകിയില്ല. തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി കനയ്യ പത്രിക സമർപ്പിച്ചെങ്കിലും പിന്നീട് ബി ജെ പി നേതൃത്വം ഇടപെട്ട് പിൻവലിപ്പിക്കുകയായിരുന്നു.
അതേസമയം മറ്റൊരു മണ്ഡലമായ വല്ലഭ്നഗറിൽ കോൺഗ്രസ് തന്നെയാണ് മുന്നേറുന്നത്.

ഗജേന്ദ്ര ശിഖാവത്തിന്റെ ഭാര്യ പ്രീതി ശിഖാവത്താണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. 20,400 ഓളം വോട്ടുകൾക്ക് പ്രീതി ശിഖാവത്ത് ആണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. ആർ എൽ പി സ്ഥാനാർത്ഥിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് മുന്നേറുന്നത്. ബി ജെ പി നാലാം സ്ഥാനത്താണ് ഉള്ളത്. സച്ചിൻ പൈലറ്റിന്റെ വിശ്വസ്തനയാ നേതാവായിരുന്നു ഗജേന്ദ്ര ശിഖാവത്ത്.

തർക്കങ്ങൾക്കിടയിലും ഉപതിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായിട്ടായിരുന്നു സച്ചിൻ-ഗെഹ്ലോട്ട് ക്യാമ്പുകൾ പ്രചരണം നടത്തിയത്. അതേസമയം ഉപതിരഞ്ഞെടുപ്പ് വിജയം തങ്ങളുടെ ആത്മവിശ്വാസം ഉയർത്തുകയാണെന്ന് നേതാക്കൾ പ്രതികരിച്ചു. ഇക്കഴിഞ്ഞ ദിവസം സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ആയിരുന്നു വിജയിച്ചത്. ആകെയുള്ള 49 ജില്ലാ പരിഷദുകളിൽ 24 ലും കോൺഗ്രസായിരുന്നു വിജയിച്ചത്. 492 പഞ്ചായത്ത് സമിതികളിൽ 208 സീറ്റ് നേടാനും പാർട്ടിക്ക് കഴിഞ്ഞിരുന്നു.












Click it and Unblock the Notifications