രാജസ്ഥാനിലെ കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നു, രാഹുല്‍ ഗാന്ധി നിങ്ങള്‍ എവിടെയാണ്; ഇതുവരെ പ്രചാരണമില്ല
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നവംബര്‍ 25ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഒരേ സ്വരത്തില്‍ ചോദിക്കുന്നത് രാഹുല്‍ ഗാന്ധി എവിടെയെന്നാണ്. ഇതുവരെ സംസ്ഥാനത്ത് ഒരു റാലി പോലും രാഹുലിന്റേതായി നടന്നിട്ടില്ല. പ്രിയങ്ക ഗാന്ധിയാണ് പ്രചാരണത്തെ നയിക്കുന്നതെങ്കിലും രാഹുലിന്റെ അസാന്നിധ്യം ജനങ്ങള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്.
കഴിഞ്ഞ തവണ പാര്‍ട്ടിക്ക് വിജയം സമ്മാനിക്കുന്നതില്‍ രാഹുലിന്റെ പ്രചാരണം നിര്‍ണായകമായിരുന്നു. ഇത്തവണ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി എന്നിവര്‍ കഴിഞ്ഞാല്‍ താരപ്രചാരകരില്‍ മൂന്നാം സ്ഥാനത്തായിരുന്നു അദ്ദേഹം. എന്നിട്ടും രാഹുല്‍ പ്രചാരണത്തിനായി ഇതുവരെ എത്തിയിട്ടില്ല. അതേസമയം പാര്‍ട്ടി നേതാക്കള്‍ പറയുന്നത് രാഹുല്‍ ഗാന്ധി പ്രചാരണത്തിനായി എത്തുമെന്നാണ്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, പ്രിയങ്ക ഗാന്ധിയും എത്തും. എന്നാല്‍ ഇത് ദീപാവലിക്ക് ശേഷം മാത്രമായിരിക്കും. ഒന്നിലധികം റാലി ഉറപ്പായും സംസ്ഥാനത്തുണ്ടാവും. രാഹുലിന്റെ അസാന്നിധ്യം പാര്‍ട്ടിയെ ബാധിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഖാര്‍ഗെ നേരത്തെ രണ്ട് റാലികള്‍ സംസ്ഥാനത്ത് നടത്തിയിരുന്നു. പ്രിയങ്കയും രണ്ട് റാലികളുടെ ഭാഗമായിരുന്നു. ദൗസയിലും ജുന്‍ജുനുിലുമായിരുന്നു ഈറാലികള്‍.
സെപ്റ്റംബറില്‍ ജയ്പൂരില്‍ നടന്ന കാര്യകര്‍ത്ത സമ്മേളനത്തിലാണ് അവസാനമായി രാഹുല്‍ രാജസ്ഥാനില്‍ ഒരുപരിപാടിയില്‍ പങ്കെടുത്തത്. മറ്റ് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടന്നതിനാല്‍ രാഹുല്‍ അവിടെയാണ് ഫോക്കസ് ചെയ്തിരുന്നതെന്ന് രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ പറയുന്നു. എന്നാല്‍ തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നവംബര്‍ മുപ്പതിനാണ്. ഇവിടെ രാഹുല്‍ പ്രചാരണം നടത്തി കഴിഞ്ഞു. എന്നിട്ടും രാജസ്ഥാനില്‍ എത്തിയില്ലെന്നാണ് പരാതി.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് വിജയസാധ്യത കൂടുതലായത് കൊണ്ടാണ് രാഹുല്‍ അവിടെ പ്രചാരണത്തിന് പോയതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ കരുതുന്നത്. നേരത്തെ പ്രചാരണത്തിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് രാജസ്ഥാനിലെന്നും, വിജയിക്കുമെന്നാണ് കരുതുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ആത്മവിശ്വാസ കുറവല്ല പാര്‍ട്ടിക്ക് ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്ന ട്രെന്‍ഡ് മാറ്റുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ഹൈക്കമാന്‍ഡിന് ഈ പ്രതീക്ഷയില്ലെന്നാണ് വ്യക്തമാകുന്നത്.
അതേസമയം ബിജെപി രാഹുലിന്റെ അസാന്നിധ്യം മുതലെടുക്കാനുള്ള അവസരത്തിലാണ്. പ്രചാരണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രിയങ്കയാണ് കോണ്‍ഗ്രസ് പ്രചാരണം രാജസ്ഥാനില്‍ മുന്നില്‍ നിന്ന് നയിക്കുകയെന്നാണ് റിപ്പോര്‍ട്ട്. സച്ചിന്‍ പൈലറ്റിന് വേണ്ടി അവര്‍ പ്രചാരണം നടത്തും. നിലവില്‍ സച്ചിന്‍ മുന്‍നിരയില്‍ ഇല്ല. പിന്നണിയില്‍ നിന്നാണ് പ്രചാരണം നടത്തുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ജയിച്ചാലും ഗെലോട്ട് തന്നെ വരുമെന്നാണ് സൂചന.
ഗെലോട്ട്-പൈലറ്റ് പ്രശ്‌നം തീരാത്തതാണ് രാഹുല്‍ പ്രചാരണത്തിന് വരാത്തതിന് ഒരു കാരണമെന്നാണ് സൂചന. ഗെലോട്ടിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളോട് രാഹുലിന് എതിര്‍പ്പുണ്ട്. പാര്‍ട്ടി നോട്ടീസ് നല്‍കിയ നേതാക്കള്‍ക്ക് പോലും ഇത്തവണ സീറ്റ് നല്‍കേണ്ടി വന്നിട്ടുണ്ട്. സിറ്റിംഗ് എംഎല്‍എമാരെല്ലാം ഗെലോട്ടിന്റെ ബലത്തില്‍ മത്സരിക്കുന്നുണ്ട്. ഇതെല്ലാം ഹൈക്കമാന്‍ഡിന് ഒട്ടും സംതൃപ്തി നല്‍കുന്നതല്ല.












Click it and Unblock the Notifications