തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ ജയലളിത സര്‍ക്കാര്‍
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ ഏഴുപേരെ ജയിലില്‍ മോചിതരാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായമറിയിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ ജ്ഞാനകേശന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തെഴുതി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതികളെ മോചിപ്പിക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം. ശാന്തന്‍, മുരുകന്‍, പേരരിവാളന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവി ചന്ദ്രന്‍, നളിനി എന്നിവരെ വിട്ടയക്കാനാണ് തീരുമാനം.
24 കൊല്ലമായി ജയിലില്‍ കഴിയുന്ന ഇവര്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുടക്കൊണ്ട് തമിഴ്‌നാട് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു, ഇത് കണക്കിലെടുത്താണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. മോചനം ആവശ്യപ്പെട്ട് നളിനി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി. ഇതിന് മുന്‍പും പ്രതികളെ ജയില്‍ മോചിതരാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം ഉപേക്ഷിച്ചത്.

പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ ദയാ ഹര്‍ജി തീപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്ത് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാന്‍ സുപ്രീം കോടതി 2014 ഫെബ്രുവരി 18 ന് തീരുമാനിച്ചു. തൊട്ടപിന്നാലെയാണ് ഏഴു പ്രതികളെയും മോചിപ്പിക്കാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനമെടുത്തത്. കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ മൂന്നംഗബെഞ്ചിന്റെ പരിഗണനയിലാണ്.
1991 മെയ് 21 ന് ശ്രീപെരുമ്പത്തൂരില്‍ വച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് അറസ്റ്റിലായ പ്രതികളെ വെല്ലൂര്‍ ജയിലിലായിരുന്നു. കേസില്‍ എല്‍ ടിടി പ്രവര്‍ത്തകരായ 26 പ്രതികളെ ടാഡ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇവരില്‍ നളിനിയടക്കം നാലുപേരുടെ വധശിക്ഷ 1999 ല്‍ സുപ്രീം കോടതി ശരിവച്ചു.
15 വര്‍ഷത്തിന് ശേഷം ശാന്തന്‍, പേരറിവാളന്‍, മുരുകന്‍ എന്നിവരുടെ ശിക്ഷ ജീവപര്യന്തമാക്കി. കേസില്‍ സോണിയാ ഗാന്ധി ഇടപ്പെട്ടതിനെ തുടര്‍ന്ന് നളിനിയുടെ ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു. എന്നാല്‍ ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഇവരുടെ മോചനത്തിന് സാധ്യത കുറവാണ്.












Click it and Unblock the Notifications