വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി;അനുകൂലിച്ച് വോട്ടു ചെയ്തത് 128 പേർ
ഡൽഹി: ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസായി. 14 മണിക്കൂർ ചർച്ചയ്ക്ക് ശേഷമാണ് ബില്ലിൽ വോട്ടെടുപ്പ് നടന്നത്. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 95 പേർ ബില്ലിനെ എതിർത്തു. പ്രതിപക്ഷ നേതാക്കൾ അവതരിപ്പിച്ച ഭേദഗതികളും വോട്ടിനിട്ട് തള്ളി. ഇനി രാഷ്ട്രപതി അംഗീകരിക്കുന്നതോടെ വഖഫ് ബിൽ നിയമമാകും.
ബില്ലിനെ എതിർത്തിരുന്ന നവീൻ പട്നായിക്കിന്റെ ബിജു ജനതാദൾ വോട്ടെടുപ്പിന് തൊട്ട് മുൻപ് നിലപാട് മാറ്റി. അംഗങ്ങൾക്ക് മനസാക്ഷി വോട്ട് ചെയ്യാമെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു. മതന്യൂനപക്ഷങ്ങളുടെ നിലപാട് കൂടി പരിഗണിച്ചാണ് അത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. ലോക്സഭയിൽ ബിജെഡിക്ക് അംഗങ്ങൾ ഇല്ല. രാജ്യസഭയിൽ 7 അംഗങ്ങളാണ് ഉള്ളത്.

ബിജെഡി കാല് മാറിയെങ്കിലും എൻഡിഎ സഖ്യകക്ഷിയായിരുന്ന അണ്ണാ ഡി എം കെ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. വൈഎസ്ആർ കോൺഗ്രസും ബിആർഎസ് അംഗങ്ങളും ബില്ലിനെ എതിർത്ത് വോട്ട് രേഖപ്പെടുത്തി. കേരളത്തിൽ നിന്നും സുരേഷ് ഗോപി ഒഴികെയുള്ള 18 എംപിമാരും ബില്ലിനെ എതിർത്താണ് വോട്ട് ചെയ്തത്. വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കിയതോടെ മുനമ്പത്ത് നാട്ടുകാർ ആഹ്ളാദ പ്രകടനം നടത്തി. മോദിക്കും സുരേഷ് ഗോപിക്കും ഇവർ ജയ് വിളിച്ചു.
ബില്ലിൽ ശക്തമായ വാദപ്രതിവാദങ്ങളായിരുന്നു ഇന്ന് രാജ്യസഭയിൽ നടന്നത്. മതത്തെ കുറിച്ചല്ല മറിച്ച് സ്വത്തുക്കളും അത് കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുമാണ് ബില്ല് എന്നായിരുന്നു ചർച്ചയ്ക്ക് തുടക്കം കുറിച്ച് മന്ത്രി കിരൺ റിജ്ജു അവകാശപ്പെട്ടത്. അഴിമതി തുടച്ചുനീക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒരു വസ്തുവിനെ വഖഫ് ആയി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഉടമസ്ഥാവകാശ തെളിവ് നൽകേണ്ടത് ഇനി ആവശ്യമായി വരുമെന്നും വഖഫ് ബോർഡിന്റെ ഏതൊരു അവകാശവാദവും സ്വയമേവ വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്ന രീതി ഇതോടെ ഇല്ലാതാകുമെന്നും റിജ്ജു പറഞ്ഞു. എന്നാൽ രാജ്യത്ത് തർക്കത്തിന് വിത്തുപാകുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്റേത് എന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചത്.
ലോക്സഭയിൽ 288 പേർ ബില്ലിനെ അനുകൂലിച്ചു, എന്നാൽ 232 പേരും എതിർത്തു. അതിനർത്ഥം ബില്ലിലെ വാദങ്ങൾ അംഗീകരിക്കുന്നില്ലെന്നതാണ്. ബില്ലിന് പോരായ്മകൾ ഉണ്ടെന്നതാണ്, ഖാർഗെ പറഞ്ഞു. വഖഫ് ബോർഡിൽ എന്തിനാണ് അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നതെന്നും ഖാർഗെ ചോദിച്ചു. 'തിരുപ്പതിയിലും അയോധ്യയിലെ രാമക്ഷേത്രത്തിലും മുസ്ലീങ്ങളെ ട്രെസ്റ്റിൽ അംഗങ്ങളാക്കുമോ? പിന്നെ എന്തുകൊണ്ടാണ് വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നത്', ഖാർഗെ ചോദിച്ചു.
1995ലെ വഖഫ് നിയമത്തിലാണ് ഇപ്പോൾ ഭേദഗതി വരുത്തിയിരിക്കുന്നത്. നീണ്ട ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് ലോക്സഭയിൽ ബിൽ പാസായത്.












Click it and Unblock the Notifications