എളമരം കരീം കഴുത്ത് പിടിച്ചു ഞെരിച്ചു; ബിനോയ് വിശ്വത്തിനെതിരെയും പരാമര്‍ശം, രാജ്യസഭയില്‍ നടന്നത്...
ന്യൂഡല്‍ഹി: രാജ്യസഭയിലെ പ്രതിപക്ഷ ബഹളത്തിനിടെ നടന്ന സംഭവങ്ങളില്‍ രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടില്‍ സിപിഎം അംഗം എളമരം കരീമിനെതിരെ പരാമര്‍ശം. സുരക്ഷാ ജീവനക്കാരന്റെ കഴുത്തിന് പിടിച്ച് ഞെരിച്ചു എന്നാണ് ആരോപണം. സിപിഐ അംഗം ബിനോയ് വിശ്വത്തിനെതിരെയും പരാമര്‍ശമുണ്ട്. ഇരുവരും ജീവനക്കാരുടെ കൈയ്യില്‍ നിന്ന് പേപ്പര്‍ തട്ടിപ്പറിച്ച് എറിഞ്ഞുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. എളമരം കരീമിനെതിരെ രണ്ടു മാര്‍ഷലുകള്‍ രാജ്യസഭാ അധ്യക്ഷന് പരാതി നല്‍കി. മലയാളി എംപിമാര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുമായി ചര്‍ച്ച നടത്തി. ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷവും പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷവും പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ എംപി മേശപ്പുറത്ത് കയറുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഒമ്പതാം തിയ്യതി പ്രതിപക്ഷ ബഹളത്തിനിടെയാണ് അനിഷ്ട സംഭവങ്ങള്‍ സഭയില്‍ അരങ്ങേറിയത്. സംസാരിക്കാന്‍ പോലും സഭയില്‍ അനുവദിച്ചില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ സഭയുടെ അന്തസ് കളയുന്ന രീതിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രവര്‍ത്തിച്ചു എന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്.

ഇന്‍ഷുറന്‍സ് ബില്ല് അവതരിപ്പിക്കുന്ന വേളയില്‍ രാജ്യസഭ പ്രക്ഷുബ്ദമായിരുന്നു. ഈ വേളയില്‍ നടന്ന സംഭവങ്ങള്‍ വിവരിച്ചാണ് രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ട്. പ്രതിപക്ഷ എംപിമാര്‍ സഭ്യമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചു. അതിര് വിട്ട പ്രതിഷേധം സംഘടിപ്പിച്ചു. എളമരം കരീമും ബിനോയ് വിശ്വവും സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെക്കുകയും രാജ്യസഭാ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേപ്പറുകള്‍ തട്ടിപ്പറിച്ച് എറിയുകയും ചെയ്തു. സുരക്ഷാ ജീവനക്കാരില്‍ ഒരാളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസിന്റെ വനിതാ എംപിമാര്‍ വനിതാ ജീവനക്കാരെ കൈയ്യേറ്റം ചെയ്തു. ജീവനക്കാര്‍ക്ക് പരിക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സഭാ നടപടികള്‍ തുടര്‍ച്ചയായി പ്രതിപക്ഷ അംഗങ്ങള്‍ തടസപ്പെടുത്തി. പ്രതിഷേധത്തിനിടെ പ്രതിപക്ഷ എംപി മേശപ്പുറത്ത് കയറാന്‍ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയന്‍ മൊബൈലില്‍ ചിത്രീകരിച്ച് ട്വീറ്റ് ചെയ്തുവെന്നും രാജ്യസഭാ സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സഭയില്‍ നടന്ന സംഭവങ്ങളില്‍ വിശദമായ അന്വേഷണം നടത്താന്‍ രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സഭയില്‍ ജനാധിപത്യം തകര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയും 15ഓളം പ്രതിപക്ഷ നേതാക്കളുമാണ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചത്. പുറത്തുനിന്നുള്ളവര്‍ പാര്‍ലമെന്റില്‍ കയറിയതില്‍ നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. വനിതാ എംപിമാരടക്കമുള്ളവരെയാണ് പാര്‍ലമെന്റില്‍ കൈയ്യേറ്റം ചെയ്തത് എന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ലമെന്റ് സുരക്ഷയുടെ ഭാഗമല്ലാത്തവര്‍ അകത്തേക്ക് വന്നു. പ്രതിപക്ഷ നേതാക്കളെയും അംഗങ്ങളെയും കൈയ്യേറ്റം ചെയ്തു. സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ചുവെന്ന് കാണിച്ചാണ് കൈയ്യേറ്റം ചെയ്തത്.
ജനാധിപത്യ വിരുദ്ധമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം മനഃപ്പൂര്‍വം വഴിതിരിച്ചുവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. രാജ്യം നേരിടുന്ന പ്രധാന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഗൗനിച്ചില്ല. എന്താണ് പാര്‍ലമെന്റിന് അകത്ത് നടന്നത് എന്ന് പറയാനാണ് ഞങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയതെന്ന് രാഹൂല്‍ ഗാന്ധി പറഞ്ഞു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണുണ്ടായത്. എംപമാരെ മര്‍ദ്ദിക്കുന്നത് രാജ്യസഭയുടെ ചരിത്രത്തില്‍ ആദ്യമാണ്. രാജ്യത്തെ 60 ശതമാനത്തിന്റെ ശബ്ദവും പാര്‍ലമെന്റില്‍ എത്തുന്നില്ല. അവരുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ്. കായികമായി നേരിടുകയാണ് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് എംപിമാരും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, ഡിഎംകെ, എസ്പി, ആര്‍ജെഡി, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് എന്നിവയുടെ അംഗങ്ങളും പ്രതിഷേധത്തില്‍ ഭാഗമായി. അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണം സര്‍ക്കാര്‍ തള്ളി. എന്താണ് നടന്നത് എന്ന് പാര്‍ലമെന്റിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. വനിതാ ജീവനക്കാരെ മര്‍ദ്ദിച്ച പ്രതിപക്ഷം മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രിമാര്‍ ആവശ്യപ്പെട്ടു. ഏഴ് മന്ത്രിമാരാണ് ഇന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരണവുമായി രംഗത്തുവന്നത്.












Click it and Unblock the Notifications