'പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് മംഗല്യ ദോഷം ഉണ്ടോയെന്ന് പരിശോധിക്കണം'; ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി
ഡൽഹി: ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് മംഗല്യ ദോഷമുണ്ടോയെന്ന് പരിശോധിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
സന്ദർഭവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് ഹൈക്കോടതിയുടെ ഉത്തരവ് എന്ന് സുപ്രീം കോടതി പറഞ്ഞു. വിധി അസ്വസ്ഥപ്പെടുത്തുന്നതും റദ്ദാക്കപ്പെടേണ്ടതുമാണെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയുടെ നിലപാട്. അതേസമയം ഇരു ഭാഗത്തിന്റേയും സമ്മതത്തോടെയാണ് ഉത്തരവെന്നും ജ്യോതിഷം സർവകലാശാലകളിൽ പാഠ്യവിഷയമാണെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

എന്നാൽ എന്ത് ബന്ധമാണ് വിഷയുമായി ഇതിന് ഉള്ളതെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. സ്വകാര്യത അടക്കമുള്ള വിഷയങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. 'ജ്യോതിഷം ഒരു ശാസ്ത്രമാണ്, അക്കാര്യത്തിൽ സംശയമില്ല. എന്നാൽ അത് ചർച്ച ചെയ്യേണ്ട സന്ദർഭം ഇതല്ല', കോടതി പറഞ്ഞു. ജാതകം ആവശ്യപ്പെട്ടത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന ആരോപിച്ചായിരുന്നു പെൺകുട്ടി പരാതി നൽകിയത്. എന്നാൽ പെൺകുട്ടിയ്ക്ക് മംഗല്യ ദോഷം ഉള്ളതിനാലാണ് വിവാഹത്തിൽ നിന്നും പിൻമാറിയതെന്നായിരുന്നു പ്രതിയായ ഗോബിന്ദ് റായി കോടതിയിൽ വാദിച്ചത്. തുടർന്ന് പെൺകുട്ടിയുടെ ജാതകം പരിശോധിച്ച് ദോഷമുണ്ടോയെന്ന് കണ്ടെത്തി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ലഖ്നൗ സർവ്വകലാശാല ജ്യോതിശാസ്ത്ര വിഭാഗത്തോട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഉത്തരവ് വിവാദമായതോടെയാണ് സുപ്രീം കോടതി സ്വമേധയാ കേസിൽ ഇടപെട്ടത്.












Click it and Unblock the Notifications