ഗുജറാത്തിൽ ആം ആദ്മി കോൺഗ്രസിനെ പിന്തുണച്ചാൽ സ്വീകരിക്കും; എന്താണ് തെറ്റെന്ന് നേതാവ്
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ പിന്തുണ സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ്. മുൻ കേന്ദ്ര മന്ത്രിയും ഗുജറാത്ത് മുൻ സംസ്ഥാന അധ്യക്ഷനുമായ ഭരത് സിംഗ് സോളംഗിയാണ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് തീയതി ഇലക്ഷൻ കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ മുതിർന്ന നേതാവിന്റെ പ്രതികരണം സംസ്ഥാനത്ത് വലിയ ചർച്ചയ്ക്കാണ് വഴി വെച്ചിരിക്കുന്നത്.

പടാൻ ജില്ലയിൽ പരിവർത്തൻ സങ്കൽപ് യാത്രയിൽ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ആം ആദ്മിയുടെ പിന്തുണ സ്വീകരിക്കാൻ ഒരുക്കമാണെന്ന് സോളങ്കി പറഞ്ഞത്. 'ശങ്കർ സിംഗ് വഗേല ആയാലും ഭാരതീയ ട്രൈബൽ പാർട്ടി നേതാവ് ചോട്ടുഭായ് വാസ ആയാലും എൻ സി പി ആയാലും എന്തിന് ആം ആദ്മി പാർട്ടിയായാലും അവർ തങ്ങളെ പിന്തുണച്ചാൽ അത് സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. ബി ജെ പിയെ പോലൊരു ഫാസിസ്റ്റ് വർഗീയ പാർട്ടിക്കെതിരെ പോരാടുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം.'വിലക്കയറ്റം, ഹൂച്ച് ദുരന്തം, മോർബി പാല ദുരന്തം.. ഇത്തരം സാഹചര്യങ്ങളിൽ ആരാണ് ജനത്തെ സംരക്ഷിക്കുക', സോളങ്കി ചോദിച്ചു.

അതേസമയം ആം ആദ്മിയുടെ പിന്തുണ സ്വീകരിക്കുമെന്ന പ്രതികരണം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് സ്വീകരിച്ചാൽ എന്താണ് പ്രശ്നം എന്നായിരുന്നു സോളങ്കിയുടെ മറുപടി. ഗുജറാത്തിൽ ആം ആദ്മി പ്രവർത്തകർ ഞങ്ങളുടെ സ്ഥാനാർത്ഥിയെ പിന്തുണച്ചാൽ അതിലെന്താണ് തെറ്റ്? സോളങ്കി ചോദിച്ചു. അതേസമയം ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും പാർട്ടി നിലപാട് അല്ലെന്നും സോളങ്കി പറഞ്ഞു.

ഗുജറാത്തിൽ ആം ആദ്മിയുടെ വരവ് ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുക്കിയിരിക്കുന്നത്. സൗരാഷ്ട്ര ഉൾപ്പെടെ കോൺഗ്രസ് കഴിഞ്ഞ തവണ വൻ മുന്നേറ്റം കാഴ്ചവെച്ച പല മണ്ഡലങ്ങളിലും ആം ആദ്മിയുടെ വരവ് പാർട്ടി വോട്ടുകളിൽ വലിയ വിള്ളൽ വീഴ്ത്തുമെന്ന ആശങ്ക കോൺഗ്രസിന് ഉണ്ട്. ഗ്രാമ-നഗര മേഖലകൾ എന്ന് വ്യത്യാസമില്ലാതെ ആം ആദ്മിക്ക് പിന്തുണ കൂടുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പാർട്ടി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിനിടയിലാണ് ഇപ്പോൾ ആം ആദ്മി പിന്തുണ സ്വീകരിക്കാമെന്ന കോൺഗ്രസ് നേതാവിന്റെ പ്രതികരണം. ആം ആദ്മി നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല.

അതേസമയം സംസ്ഥാനത്ത് കോൺഗ്രസിനേയും ബി ജെ പിയും കടന്നാക്രമിച്ച് കൊണ്ട് പ്രചരണം ശക്തമാക്കിയിരിക്കുകയാണ് ആം ആദ്മി പാർട്ടി. കഴിഞ്ഞ ദിവസം 22 സ്ഥാനാർത്ഥികളെ കൂടി പാർട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതോടെ 108 സ്ഥാനാർത്ഥികളെയാണ് ആം ആദ്മി പ്രഖ്യാപിച്ചത്. ഉടൻ തന്നെ തങ്ങൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയ പ്രഖ്യാപിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് ഗോപാൽ ഇറ്റാലിയ വ്യക്തമാക്കി.

ഗുജറാത്തില്‍ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാമെന്ന് നേരത്തേ പാർട്ടി വ്യക്തമാക്കിയിരുന്നു. 3ാം തീയതി വരെയാണ് ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം അനുവദിച്ചത്. നവംബർ നാലിന് പ്രഖ്യാപനം ഉണ്ടാകുമെന്ന് നേതൃത്വം പറഞ്ഞു. നേരത്തേ പഞ്ചാബിൽ സമാന രീതിയിലായിരുന്നു ആം ആദ്മി തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. 15 ലക്ഷത്തോളം പേരാണ് അന്ന് വോട്ടെടുപ്പിൽ പങ്കെടുത്തത്.












Click it and Unblock the Notifications