'വരുമാനമില്ലാത്ത ജോലി, വിവാഹത്തിന് വിസമ്മതിച്ചു'; പെണ്‍കുട്ടിയെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി
ന്യൂഡല്‍ഹി: കോളേജ് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. മാളവ്യനഗര്‍ അരവിന്ദോ കോളേജിന് പുറത്തായിരുന്നു ക്രൂര കൊലപാതകം നടന്നത്. കമല നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിനിയായ നര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. 25 വയസായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പ്രതിയായ 28കാരനായ സുഹൃത്ത് ഇര്‍ഫാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബന്ധുക്കളാണെന്നാണ് സൂചന. വിവാഹത്തിന് വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് വിവരം. പ്രാഥമിക അന്വേഷണത്തില്‍ ഇര്‍ഫാന് നല്ല വരുമാനമില്ലാത്തതിനാല്‍ യുവതിയുടെ വീട്ടുകാര്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചിരുന്നു. സ്വിഗ്ഗി ഫുഡ് ഡെലിവറി ആപ്പിന്റെ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു ഇര്‍ഫാന്‍.

വീട്ടുകാരുടെ സമ്മതമില്ലാത്തതിനാല്‍, നര്‍ഗീസ് തന്നോട് സംസാരിക്കുന്നത് നിര്‍ത്തിയതോടെ ഇര്‍ഫാന്‍ ആകെ അസ്വസ്ഥനായിരുന്നു. നര്‍ഗീസ് മാളവ്യ നഗറിലെ കോച്ചിംഗ് ക്ലാസുകളില്‍ പോകാറുണ്ടെന്നും അടുത്തുള്ള പാര്‍ക്കിലൂടെ പതിവായി കടന്നുപോകാറുണ്ടെന്നും ഇര്‍ഫാനി അറിയാമായിരുന്നു.
ഉച്ചയ്ക്ക് 12 മണിയോടെ ഇര്‍ഫാന്‍ പാര്‍ക്കിലെത്തി നര്‍ഗീസിനോട് സംസാരിക്കണമെന്ന് പറഞ്ഞു. എന്നാല്‍ നര്‍ഗീസ് സംസാരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്നു ദിവസം മുന്‍പേ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായി ഇര്‍ഫാന്‍ പൊലീസിനോട് പറഞ്ഞു.
വിവരമറിഞ്ഞ് സൗത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കൊലയ്ക്ക് ഉപയോഗിച്ച ഇരുമ്പ് വടി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതി ഇര്‍ഫാനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. 'സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറിലെ അര്‍ബിന്ദോ കോളേജിന് സമീപം 25 വയസ്സുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടെന്ന വിവരമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. മൃതദേഹത്തിന് സമീപം ഇരുമ്പ് വടി കണ്ടെത്തി. പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയെ വടികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു, അന്വേഷണം പുരോഗമിക്കുകയാണ്'- പൊലീസ് അറിയിച്ചു.












Click it and Unblock the Notifications