ബിപിന്‍ റാവത്തിന്റെ മരണം; ഹെലികോപ്ടർ അപകടത്തിന് കാരണം മാനുഷിക പിഴവ്: റിപ്പോർട്ട് പാർലമെന്റില്‍
ഡല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്ടർ അപകടത്തിനിടയാക്കിയത് മാനുഷികമായ പിഴവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ലോക്സഭയില്‍ സമർപ്പിച്ച പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് എയർക്രൂവിന് സംഭവിച്ച പിഴവ് മൂലമാണ് ഹെലികോപ്ടർ തകർന്നതെന്ന് വ്യക്തമാക്കുന്നത്. 2021 ഡിസംബർ എട്ടിന് തമിഴ്‌നാട്ടിലെ കൂനൂരില്‍ നടന്ന ഹെലികോപ്ടർ അപകടത്തില്‍ ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ ആകെ 14 പേരായിരുന്നു കൊല്ലപ്പെട്ടത്.
ഇന്ത്യന്‍ വ്യോമസേനയ്ക്ക് 2021-22ൽ ഒമ്പത് വിമാനാപകടങ്ങളും 2018-19ൽ 11 അപകടങ്ങളും ഉണ്ടായതായി പാർലമെന്ററി സമിതി റിപ്പോർട്ട് പുറത്തുവിട്ട റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ആകെ 34 അപകടങ്ങളില്‍ ഇക്കാലയളവിലുണ്ടായി. റിപ്പോർട്ടിൽ 33-ാമത്തെ അപകടമായാണ് സംയുക്ത സൈനിക മേധാവിയുടെ മരണത്തിന് ഇടയാക്കിയ അപകടം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടത്തിന് കാരണമായി'HE(A)' അതായത് 'Human Error (aircrew)' എന്നും രേഖപ്പെടുത്തിയിരിക്കുന്നു. മിക്ക അപകടങ്ങളിലും കൃത്യമായ നടപടികള്‍ സ്വീകരിച്ചെന്നും ചിലത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മോശം കാലാവസ്ഥയില്‍ പൈലറ്റിന് സ്ഥലവും സാഹചര്യവും കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ വന്നതാകാം കൂനൂരിലെ അപകടത്തിനിടയാക്കിയതെന്ന വിലയിരുത്തലുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. കര, നാവിക, വ്യോമ സേനകളുടെ ഏവിയേഷൻ വിഭാഗങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം ഈ ഒരു നിഗമനത്തിലേക്ക് എത്തുകയും അട്ടിമറിയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
അപകട സമയത്ത് 14 പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ജീവനോടെ രക്ഷപ്പെട്ടെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെ ഇദ്ദേഹവും മരിച്ചു. ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ ഗുര്‍സേവക് സിംഗ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ഹവീല്‍ദാര്‍ സത്പാല്‍ തുടങ്ങിയ ഉദ്യോഗസ്ഥരും അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നു.
ഏറെ വിവാദങ്ങള്‍ക്കിടെയായിരുന്നു രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവിയായി ജനറല്‍ ബിപിന്‍ റാവത്തിനെ കേന്ദ്ര സർക്കാർ നിയമിക്കുന്നത്. കരസേന, നാവിക സേന, വ്യോമസേന എന്നീ മൂന്ന് സേനകളെ സമന്വയിപ്പിക്കുക, നിയന്ത്രിക്കുക തുടങ്ങിയ ചുമതലകളായിരുന്നു ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ഓഫ് ദ ഇന്ത്യന്‍ ആംമ്ഡ് ഫോഴ്‌സ്( സി ഡി എസ്) ആയ ബിപിന്‍ റാവത്തിനുണ്ടായിരുന്നത്.












Click it and Unblock the Notifications