ലാലു പ്രസാദ് യാദവിന് മകള്‍ രോഹിണി ആചാര്യ വൃക്ക നല്‍കും
ന്യൂഡൽഹി: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് കുറച്ചുനാളുകളായി ചില ആരോഗ്യപ്രശ്‌നങ്ങൽ നേരിടുകയാണ്. അസുഖബാധിതനായ അദ്ദേഹം വൃക്ക മാറ്റി വയ്ക്കലിന് തയാറെടുക്കുകയാണ്. അതുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ലാലു പ്രസാദിന് മകൾ രോഹിണി ആചാര്യ തന്റെ വൃക്ക നൽകുമെന്നാണ് റിപ്പോർട്ടുകൾ. കുടുംബവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വൃക്കരോഗത്തെ തുടർന്ന് സിംഗപ്പുരിൽ ചികിത്സയിലായിരുന്ന ലാലു പ്രസാദ് യാദവ് കഴിഞ്ഞ മാസം ആണ് നാട്ടിൽ തിരിച്ചെത്തിയത്.

pc: TanyaYadav, TWITTER
എഴുപത്തിനാലുകാരനായ ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റി വയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. വൃക്ക മാറ്റി വെയക്കൽ അത്യവശ്യമായ സാഹചര്യത്തിലാണ് സിംഗപ്പുരിൽ താമസിക്കുന്ന മകൾ രോഹിണി അദ്ദേഹത്തിന് വൃക്ക നൽകാൻ തയാറായത്.
ഈ മാസം അവസാനം ശസ്ത്രക്രിയ നടക്കും. 139 കോടിയുടെ കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് യാദവിന് ജാർഖണ്ഡ് ഹൈക്കോടടതി ജാമ്യം അനുവദിച്ചിരുന്നു. ഏപ്രിൽ മാസത്തിലായിരുന്നു അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
ഡൊറൻഡ ട്രഷറിയിൽനിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയിൽ പിൻവലിച്ചെന്നാണ് ലാലുവിനെതിരായ കേസ്. കേസിൽ കഴിഞ്ഞ ഫെബ്രുവരി 22ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി അഞ്ചുവർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണത്തിൽ ലാലുവിനെതിരായ അഞ്ചാമത്തെയും അവസാനത്തേതുമായ കേസായിരുന്നു.
അഞ്ച് വർഷ തടവിന്റെ പകുതി കാലാവധി പൂർത്തിയാക്കിയതും ആരോഗ്യപ്രശ്നങ്ങളുമെല്ലാം പരിഗണിച്ചാണ് ജാർഖണ്ഡ് ഹൈക്കോടതി 73കാരനായ ലാലുവിന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയും പിഴയായി 10 ലക്ഷം രൂപയും കെട്ടിവെക്കണം.
ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവിൽ സർക്കാർ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരിൽ അറിയപ്പെടുന്നത്. സർക്കാർ ട്രഷറികളിൽനിന്ന് പൊതുപണം അന്യായമായി പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് കേസുള്ളത്. 1990കളിലാണ് കുംഭകോണം നടന്നത്.
കുംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകളിൽ 14 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഡൊറൻഡ ട്രഷറിയിൽനിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയിൽ പിൻവലിച്ച അഞ്ചാമത്തെ കേസിലാണ് കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്. 1996ൽ ഒരു മൃഗാരോഗ്യ കേന്ദ്രത്തിൽ നടന്ന റെയ്ഡിലാണ് കുംഭകോണം പുറത്തുവന്നത്. മൊത്തം 950 കോടിയുടെ തട്ടിപ്പാണ് നടന്നത്. ആദ്യ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്ന ലാലു ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിലവിൽ ജാമ്യത്തിലാണുള്ളത്.












Click it and Unblock the Notifications