എൻഡിഎ ബന്ധം ഉപേക്ഷിച്ച് ആർഎൽജെപി; ദളിത് പാർട്ടിയായതിനാൽ അനീതി നേരിട്ടുവെന്ന് പശുപതി പരസ്
ന്യൂഡൽഹി: ബിജെപി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസിൽ (എൻഡിഎ) നിന്ന് പിന്മാറുന്നതായി രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി. പാർട്ടി മേധാവിയും മുൻ കേന്ദ്രമന്ത്രിയുമായ പശുപതി കുമാർ പരസാണ് തീരുമാനം പ്രഖ്യാപിച്ചത്. ഒരു ദളിത് പാർട്ടിയായതിനാൽ തന്റെ പാർട്ടി അനീതി നേരിട്ടുവെന്നും എൻഡിഎ യോഗങ്ങളിൽ ബിഹാറിലെ ബിജെപി, ജെഡിയു സംസ്ഥാന മേധാവികൾ തന്റെ പാർട്ടിയെക്കുറിച്ച് പരാമർശിച്ചില്ലെന്നും പരസ് ആരോപിച്ചു.
'2014 മുതൽ ഞാൻ എൻഡിഎയിലുണ്ട്. ഇനി മുതൽ എന്റെ പാർട്ടിക്ക് എൻഡിഎയുമായി ഒരു ബന്ധവുമില്ലെന്ന് ഇന്ന് ഞാൻ പ്രഖ്യാപിക്കുന്നു' എന്നായിരുന്നു പരസിന്റെ പ്രഖ്യാപനം. 'മഹാഗത്ബന്ധൻ ശരിയായ സമയത്ത് ഞങ്ങൾക്ക് ശരിയായ ബഹുമാനം നൽകിയാൽ, ഭാവിയിൽ ഞങ്ങൾ തീർച്ചയായും രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കും' എന്നും പരസ് പറയുകയുണ്ടായി.

ഈ വർഷം ആർജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവുമായി പരസ് നിരവധി കൂടിക്കാഴ്‌ചകൾ നടത്തിയിരുന്നു എന്നതാണ് ഇതിനോട് കൂട്ടിവായിക്കേണ്ടത്. അതിൽ ഇരു കക്ഷികളും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ധാരണയായോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ബിആർ അംബേദ്ക്കറുടെ ജന്മവാർഷികത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പരസ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്.
'നിതീഷ് കുമാറിന്റെ 20 വർഷത്തെ ഭരണത്തിൽ, സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നു, പുതിയ വ്യവസായങ്ങളൊന്നും ആരംഭിച്ചിട്ടില്ല, വ്യാപകമായ അഴിമതി എല്ലാ ക്ഷേമ പദ്ധതികളുടെയും നടത്തിപ്പിനെ ബാധിക്കുന്നു' ആർഎൽജെപി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവേ പരസ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ചു.
അതേസമയം, എൻഡിഎയെ ഇത് ഒരിക്കലും പ്രതികൂലമായി ബാധിക്കില്ലെന്നായിരുന്നു സംഭവവികാസത്തോട് പ്രതികരിച്ചുകൊണ്ട് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി പറഞ്ഞത്. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആർഎൽജെപി മുന്നണി വിടുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. പാർട്ടി പ്രതിപക്ഷ സഖ്യത്തിലേക്ക് അടുക്കാനാണ് കൂടുതൽ സാധ്യത.
[പശുപതി പരസിന്റെ പരേതനായ സഹോദരൻ രാം വിലാസ് പാസ്വാൻ സ്ഥാപിച്ച ലോക് ജനശക്തി പാർട്ടിയിലെ പിളർപ്പിന് ശേഷമാണ് 2021ൽ ആർഎൽജെപി രൂപീകരിച്ചത്. കഴിഞ്ഞ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരസ് തന്റെ മന്ത്രിസ്ഥാനം ഉപേക്ഷിച്ചിരുന്നു. അനന്തരവൻ നേതൃത്വം നൽകുന്ന പാർട്ടിക്ക് അഞ്ച് സീറ്റുകൾ നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു അത്.
കഴിഞ്ഞ വർഷം പരസ് തന്റെ പാർട്ടിയുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്ന, ബീഹാർ സർക്കാർ നൽകിയ ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെടുകയും അത് ചിരാഗ് പാസ്വാന് അനുവദിക്കുകയും ചെയ്‌തുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തിരുന്നു. അതിനിടയിൽ ആർഎൽജെപിയും എൻഡിഎയിലെ മറ്റ് കക്ഷികളുമായി ഭിന്നത ഉണ്ടായിരുന്നു.












Click it and Unblock the Notifications