ജയലളിതയുടെ പിഴ സംഖ്യ ആദ്യം കര്‍ണാടകത്തിലേക്ക്, പിന്നെ തമിഴ്‌നാടിന്; ഡിഎംകെ സമരത്തിന്
നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഡിഎംകെ നേതാക്കള്‍ ബുധനാഴ്ച സംസ്ഥാനത്ത് നിരാഹാര സമരം നടത്തുകയാണ്.
ചെന്നൈ: അഴിമതിക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് വിചാരണ കോടതി വിധിച്ച 100 കോടി രൂപ പിഴ സംഖ്യ പിടിച്ചെടുക്കാന്‍ നടപടി ആരംഭിച്ചു. അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ലേലം ചെയ്യാനാണ് നിര്‍ദേശം. ഇത്തരത്തില്‍ കിട്ടുന്ന സംഖ്യ ആദ്യം കര്‍ണടകത്തിനാണ് ലഭിക്കുക.
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജനും കോടതി പിഴ വിധിച്ചിരുന്നു. 10 കോടി രൂപയാണ് ഇവര്‍ക്ക് വിധിച്ചിട്ടുള്ള പിഴ. ഒന്നുകില്‍ ഇവര്‍ പിഴ ഒടുക്കണം. അല്ലെങ്കില്‍ 13 മാസം അധികം തടവ്ശിക്ഷ അനുഭവിക്കണം. അതേസമയം, നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഡിഎംകെ നേതാക്കള്‍ ബുധനാഴ്ച സംസ്ഥാനത്ത് നിരാഹാര സമരം നടത്തുകയാണ്.

ജയലളിത മരിച്ചിട്ടുണ്ടെങ്കിലും വിചാരണ കോടതി വിധി വന്നത് അവര്‍ ജീവിച്ചിരിക്കുമ്പോഴാണ്. നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ജയലളിതക്ക് വിധിച്ചിരുന്നത്. ഈ വിധിയാണ് സുപ്രിംകോടതി ശരിവച്ചത്.

ജീവിച്ചിരിക്കുന്ന കാലത്ത് പുറപ്പെടുവിച്ച ഉത്തരവായതിനാല്‍ ജയലളിതക്കെതിരായ വിധി സര്‍ക്കാര്‍ നടപ്പാക്കും. പിഴ സംഖ്യ കിട്ടുന്നതിന് അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ലേലം ചെയ്യാനാണ് തീരുമാനം. ഇതിനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.

ഇങ്ങനെ പിഴ സംഖ്യ പിടിച്ചെടുത്താല്‍ അത് ആദ്യമെത്തുക കര്‍ണാടക ട്രഷറിയിലേക്കാണ്. അതിന് ശേഷം തമിഴ്‌നാടിന് ഈ തുക കൈമാറും. തമിഴ്‌നാടിന് ഈ തുക കൈമാറാന്‍ കാരണം അഴിമതി കേസ് നടന്നതും ആദ്യം രജിസ്റ്റര്‍ ചെയ്തതും തമിഴ്‌നാട്ടിലായതിനാലാണ്.

സുപ്രിംകോടതിയുടെ ഇടപെടലുണ്ടാവുന്നത് വരെ ജയലളിതക്കും കൂട്ടുപ്രതികള്‍ക്കുമെതിരായ കേസ് തമിഴ്‌നാട്ടിലായിരുന്നു. ഇവിടെ സുതാര്യമായ വിചാരണ നടക്കില്ലെന്ന് ആരോപിച്ച് ഹര്‍ജി എത്തിയപ്പോഴാണ് സുപ്രിംകോടതി വിചാരണ കര്‍ണാടകത്തിലേക്ക് മാറ്റിയത്. കര്‍ണാടക കോടതിയാണ് പ്രതികളെ വിചാരണ ചെയ്തതും ശിക്ഷ വിധിച്ചതും.

എന്നാല്‍ വിചാരണ കോടതി വിധിക്കെതിരേ ജയലളിത ബെംഗളൂരു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ജയലളിതയുള്‍പ്പെടെയുള്ള പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരേ കര്‍ണാടക സര്‍ക്കാരും മറ്റും സുപ്രിം കോടതിയെ സമീപിക്കുകയും സുപ്രിംകോടതി ഹൈക്കോടതി വിധി റദ്ദാക്കി, വിചാരണ കോടതി വിധി ശരിവയ്ക്കുകയായിരുന്നു.

തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഹൈദരാബാദിലും ജയലളിതയ്ക്ക് നിരവധി സ്വത്തുക്കളുണ്ട്. അവ കണ്ടു കെട്ടി പിഴ സംഖ്യ പിടിച്ചെടുക്കും. ഈ സംഖ്യ കര്‍ണാടക ട്രഷറി വഴി തമിഴ്‌നാട്ടിലേക്കെത്തുമെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വത്ത് ലേലം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുക കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥരാണ്.

ജയലളിതയുടെ കാര്യത്തിലെന്ന പോലെയാണ് ശശികലയുടെയും മറ്റു പ്രതികളായ ഇളവരശി, സുധാകരന്‍ എന്നിവരുടെ കാര്യത്തിലും സ്വീകരിക്കുക. ഇവരുടെയും പിഴ സംഖ്യ ആദ്യം കര്‍ണാടക ട്രഷറിയിലാണ് എത്തുക. പിന്നീട് തമിഴ്‌നാട് സര്‍ക്കാരിന് കൈമാറും.

ശശികലയ്ക്ക് പിഴ സംഖ്യ അടയ്ക്കാനായില്ലെങ്കില്‍ മൂന്ന് വഴികളാണ് അവരുടെ മുന്നിലുള്ളത്. 13 മാസം അധികം ജയില്‍ ശിക്ഷ അനുഭവിക്കുക, സ്വത്ത് ലേലം ചെയ്യാന്‍ അനുവദിക്കുക, പാര്‍ട്ടിയിലെ ആരുടെയെങ്കിലും സഹായം തേടുക എന്നിവയാണവ.

തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥര്‍ പിഴ സംഖ്യ കണ്ടുപിടിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിന് കര്‍ണാടക ഉദ്യോഗസ്ഥരും സഹായിക്കും. ജയലളിതയില്‍ നിന്നും മറ്റു പ്രതികളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണം, ഭൂമി രേഖകള്‍, മറ്റു ആഡംബര വസ്തുക്കള്‍ എന്നിവ കര്‍ണാടക ഉദ്യോഗസ്ഥരുടെ കസ്റ്റിഡിയിലാണ്. ഇവയെല്ലാം തമിഴ്‌നാടിന് കൈമാറും.

അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി വിശ്വാസവോട്ട് നേടിയത് നിയമവിരുദ്ധമായിട്ടാണെന്നാരോപിച്ച് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നിരാഹര സമരം ആരംഭിച്ചു. പ്രതിപക്ഷമായ ഡിഎംകെയുടെ അംഗങ്ങളെ പുറത്താക്കിയ ശേഷമാണ് സ്പീക്കര്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. പ്രതിപക്ഷമില്ലാത്ത വോട്ടെടുപ്പ് അംഗീകരിക്കരുതെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുമുണ്ട്.












Click it and Unblock the Notifications