'ഇന്ത്യ-ചൈന ബന്ധം നീങ്ങുന്നത് ശരിയായ ദിശയിലേക്ക്'; ശുഭപ്രതീക്ഷ പങ്കുവച്ച് വിദേശകാര്യമന്ത്രി
ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം സാധാരണനിലയിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകൾ നൽകി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുഎസ് തീരുവ വിഷയത്തിന് പിന്നാലെ ഇന്ത്യയുമായി കൂടുതൽ അടുക്കാൻ ചൈന ശ്രമം തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്‌താവന. ഇന്ത്യയും ചൈനയും തമ്മിലെ ബന്ധം ഒരു നല്ല ദിശയിലേക്ക് നീങ്ങുകയാണെന്നായിരുന്നു എസ് ജയശങ്കർ പറഞ്ഞത്.
ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം സാധാരണ നിലയിലാക്കാൻ പ്രവർത്തിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. 'എനിക്ക് തോന്നുന്നത് നമ്മൾ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നത് എന്നാണ്' ജയശങ്കർ പറഞ്ഞു. ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലുകളെത്തുടർന്ന് 1962ലെ യുദ്ധത്തിനുശേഷം ഇന്ത്യ-ചൈന ബന്ധം ഏറ്റവും മോശം നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു.

ഇതിന് ശേഷം ഏറെനാളുകൾ ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധത്തിൽ താൽപര്യം കാട്ടിയിരുന്നില്ല. ഒടുവിൽ നയതന്ത്രപരവും സൈനികവുമായ നിരവധി ചർച്ചകൾക്ക് ശേഷം, കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) നിന്ന് ഇരുപക്ഷവും തങ്ങളുടെ സൈന്യത്തെ പിൻവലിച്ചതോടെയാണ് ഈ ഭിന്നതയ്ക്ക് അയവ് വന്നത്.
'കഴിഞ്ഞ തവണ ഞാൻ ഇവിടെ വരുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ മികച്ചതാണ് ഇതെന്ന് വ്യക്തമാണ്. പ്രത്യേകിച്ച് ഡെപ്‌സാങ്-ഡെംചോക്കിലെ ബന്ധം വേർപെടുത്തൽ പ്രധാനമായിരുന്നുവെന്ന് ഞാൻ കരുതുന്നു' അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്ടോബറിലാണ് കിഴക്കൻ ലഡാക്കിലെ അവസാന രണ്ട് സംഘർഷ കേന്ദ്രങ്ങളായ ഡെപ്‌സാങ്ങിനും ഡെംചോക്കിനും വേണ്ടിയുള്ള കരാറിൽ ഇരുകൂട്ടരും ഒപ്പുവച്ചത്.
കരാർ അന്തിമമായി ദിവസങ്ങൾക്ക് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കസാനിൽ ചർച്ചകൾ നടത്തുകയും ബന്ധം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിരവധി നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്‌തിരുന്നു. ഇതിന്റെ തുടർച്ചയായി ഇരുപക്ഷവും പ്രവർത്തനങ്ങൾ തുടരുന്നുണ്ട്.
ഇരുപക്ഷവും പ്രധാന വിഷയങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. 2020നും 2024നും ഇടയിൽ നമ്മൾ കണ്ട സാഹചര്യം ഇരു രാജ്യങ്ങൾക്കും താൽപ്പര്യമുള്ളതല്ലെന്ന് നമുക്ക് മനസിലായതാണ്' ജയശങ്കർ പറഞ്ഞു. നേരിട്ടുള്ള വിമാന സർവീസുകളുടെ അഭാവം, കൈലാസ് മാനസരോവർ യാത്ര നിർത്തിവച്ചത് എന്നിവയുൾപ്പെടെ പരിഗണനയിൽ ഉള്ള വിഷയങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബറിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ബീജിംഗിലേക്ക് പോയി വിദേശകാര്യ മന്ത്രി വാങുമായി അതിർത്തി പ്രശ്‌നത്തിൽ ചർച്ചകൾ നടത്തിയിരുന്നു. ഇത് കൂടാതെ ഉദ്യോഗസ്ഥ തലത്തിൽ കാര്യമായ ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. വ്യാപാര ബന്ധത്തിൽ ഉൾപ്പെടെ കാര്യമായ സഹകരണമാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications