സച്ചിനെ കാര്യമായി പരിഗണിക്കും; പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിച്ചേക്കും? പ്രചാരണത്തെ നയിക്കും
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും, സച്ചിന്‍ പൈലറ്റും തമ്മിലുള്ള അധികാരത്തില്‍ തുല്യത കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡിന്റെ നീക്കം. എല്ലാ അധികാരവും ഗെലോട്ടില്‍ നിക്ഷിപ്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. സച്ചിനെ അനുനയിപ്പിക്കാന്‍ അവസാന വഴിയായിട്ടാണ് ഇതിനെ കോണ്‍ഗ്രസ് കാണുന്നത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ മുഴുവന്‍ ചുമതലയും സച്ചിനെ ഏല്‍പ്പിച്ചേക്കും. പാര്‍ട്ടി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന പാനലിന്റെ ചുമതലയും സച്ചിന് നല്‍കാനാണ് സാധ്യത. കോണ്‍ഗ്രസില്‍ തന്നെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇത്തരമൊരു സൂചനയാണ് നല്‍കുന്നത്.അങ്ങനെയെങ്കില്‍ സച്ചിന്റെ തിരിച്ചുവരവായിരിക്കും ഇത്.

സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാണിച്ച 90 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചെന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരുമായി സച്ചിന്‍ നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അതിലാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. കെസി വേണുഗോപാലും ചര്‍ച്ചയിലുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി കൂടുതല്‍ റോള്‍ സച്ചിന് നല്‍കാനുള്ള ശ്രമത്തിലാണ്. ദീര്‍ഘകാലമായി സച്ചിന്‍ അധികാര പദവികളിലൊന്നിലും ഇല്ല.
ഉപമുഖ്യമന്ത്രി പദവും, പാര്‍ട്ടി അധ്യക്ഷ സ്ഥാനവും സച്ചിന് ഇപ്പോഴില്ല. ഈ സാഹചര്യത്തില്‍ വലിയ പദവികള്‍ നല്‍കി സച്ചിനെ തൃപ്തിപ്പെടുത്താനാണ് ശ്രമം.
കോണ്‍ഗ്രസിന് പക്ഷേ വേറെയും വെല്ലുവിളികള്‍ ഉണ്ട്. സച്ചിനാണ് 2018ല്‍ പ്രചാരണത്തിന് നേതൃത്വം നല്‍കി കോണ്‍ഗ്രസിനായി അധികാരം പിടിച്ചത്. എന്നാല്‍ അശോക് ഗെലോട്ട് എംഎല്‍എമാരുടെ പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കുകയായിരുന്നു.
ഇത്തവണയും കോണ്‍ഗ്രസ് അധികാരം പിടിച്ചാല്‍ അത്തരമൊരു അവസ്ഥ വീണ്ടും ഉണ്ടാവില്ലെന്ന് ഉറപ്പിക്കാനായിരിക്കും സച്ചിന്റെ ശ്രമം. ഗെലോട്ടിന് ഇനിയൊരിക്കല്‍ കൂടി അവസരം നല്‍കിയാല്‍, തന്റെ കരിയര്‍ തന്നെ ഇല്ലാതാവുമെന്ന് സച്ചിന് അറിയാം.
പക്ഷേ എംഎല്‍എമാരുടെ പിന്തുണയില്ലാതെ സച്ചിന് ഒന്നും ചെയ്യാനാവില്ല. തനിക്കൊപ്പമുള്ള കൂടുതല്‍ പേര്‍ക്ക് സീറ്റ് വാങ്ങി കൊടുക്കാനാവും സച്ചിന്റെ ശ്രമം.
വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ പ്രചാരണ പാനലിനെ സച്ചിന്‍ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സച്ചിനെ ഉയര്‍ത്തി കാണിക്കില്ല. കാരണം സര്‍ക്കാര്‍ ഗെലോട്ട് നയിക്കുന്നതാണ്. ഗെലോട്ടിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ മതിപ്പ് പിടിച്ച് പറ്റിയിട്ടുണ്ട്.
സച്ചിനെ നല്ലൊരു സുഹൃത്ത് എന്നാണ് ഡല്‍ഹിയിലെ യോഗത്തില്‍ രാഹുല്‍ വിശേഷിപ്പിച്ചത്. തുടര്‍ന്നാണ് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ചത്. അഴിമതിക്കെതിരെയുള്ള പോരാട്ടം അടക്കം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. സച്ചിനെതിരെയുള്ള ഗെലോട്ട് ഗ്രൂപ്പിന്റെ നീക്കത്തെയും രാഹുല്‍ തള്ളിയിരുന്നു.












Click it and Unblock the Notifications