'പ്രതിഷേധം സംഘടിപ്പിച്ചു'; സഫൂറ സര്‍ഗാറിന് ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പ്രവേശിക്കുന്നതില്‍ വിലക്ക്
ന്യൂദല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല കാമ്പസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഗവേഷകയും ആക്ടിവിസ്റ്റുമായ സഫൂറ സര്‍ഗാറിനെ വിലക്കി. പ്രബന്ധം സമര്‍പ്പിക്കാത്തതിന്റെ പേരില്‍ എം ഫില്‍ പ്രവേശനം റദ്ദാക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് സഫൂറ സര്‍ഗാറിന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല കാമ്പസില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സഫൂറ സര്‍ഗാര്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളും മാര്‍ച്ചുകളും കാരണമാണ് ക്യാമ്പസില്‍ നിന്ന് വിലക്കിയത് എന്നാണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ വിശദീകരണം. സഹൂറ സര്‍ഗര്‍ അപ്രസക്തവും ആക്ഷേപകരവുമായ വിഷയങ്ങള്‍ക്കെതിരെ കാമ്പസില്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും മാര്‍ച്ചുകളും സംഘടിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.

സര്‍വ്വകലാശാലയിലെ നിരപരാധികളായ വിദ്യാര്‍ത്ഥികളെയും മറ്റ് ചില വിദ്യാര്‍ത്ഥികളുമായും ചേര്‍ന്ന് തന്റെ ദുഷിച്ച രാഷ്ട്രീയ അജണ്ടയ്ക്കായി യൂണിവേഴ്‌സിറ്റി പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. കൂടാതെ, സ്ഥാപനത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നു, എന്നൊക്കെയാണ് സര്‍വകലാശാല വിലക്കിന് വിശദീകരണമായി പറഞ്ഞിരിക്കുന്നത്.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 2020 ഏപ്രിലില്‍ കര്‍ശനമായ യു എ പി എ പ്രകാരം സഫൂറ സര്‍ഗറിനെതിരെ കേസെടുത്തിരുനനു. ആ സമയത്ത് സഫൂറ ഗര്‍ഭിണിയായിരുന്നു. പിന്നീട് 2020 ജൂണില്‍ മാനുഷിക കാരണങ്ങള്‍ മുന്‍നിര്‍ത്തി സഫൂറക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അതിനിടെ സഫൂറ സര്‍ഗാറിന്റെ എന്റോള്‍മെന്റ് റദ്ദാക്കിയതിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ജാമിയ മില്ലിയ ഇസ്ലാമിയ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
സഫൂറ സര്‍ഗാറിനെ പിന്തുണച്ചുള്ള പ്രതിഷേധങ്ങളില്‍ ഒന്നിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നത് ജാമിഅയുടെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കടുത്ത ലംഘനമാണെന്നും ജാമിയ അധികാരികള്‍ ഇത് പ്രത്യേകം വീക്ഷിക്കുന്നുവെന്നും യൂണിവേഴ്‌സിറ്റി പ്രോക്ടര്‍ രേഖാമൂലമുള്ള ഉത്തരവില്‍ പറഞ്ഞു.
ആഗസ്റ്റ് 29-ന് സഫൂറ സര്‍ഗറിന് സര്‍വകലാശാല എന്റോള്‍മെന്റ് നീക്കം ചെയ്തതിന് ശേഷം, ജാമിഅയില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സഫൂറയെ വീണ്ടും സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കണമെന്നും പ്രബന്ധം സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്ന പ്രതിഷേധം.
സഫൂറ സര്‍ഗാറും ഇതില്‍ പങ്കെടുത്തിരുന്നു. പൗരത്വ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യം പ്രതിഷേധം പുറപ്പെട്ടത് ജാമിയ മിലിയ സര്‍വകാശാലയില്‍ ആയിരുന്നു. അന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.












Click it and Unblock the Notifications