അക്രമി ആദ്യം കയറിയത് സെയ്‌ഫിന്റെ 4 വയസുകാരൻ മകന്റെ മുറിയിൽ; ആവശ്യപ്പെട്ടത് ഒരു കോടി രൂപ..!
മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാന്റെ വീട്ടിൽ കടന്നുകയറി താരത്തെ കുത്തി പരിക്കേൽപ്പിച്ച അക്രമി ആവശ്യപ്പെട്ടത് ഒരു കോടി രൂപയെന്ന് റിപ്പോർട്ടുകൾ. സെയ്‌ഫ് അലി ഖാന്റെ വീട്ടിലെ ജോലിക്കാരിയെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടത്. പോലീസിന് ജോലിക്കാരി നൽകിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. ആക്രമിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെയാണ് ഈ വിവരം കൂടി വരുന്നത്.
കൂടാതെ അക്രമി ആദ്യം കടന്നുചെന്നത് സെയ്‌ഫ് അലി ഖാന്റെ നാല് വയസ് മാത്രം പ്രായമുള്ള മകന്റെ മുറിയിലേക്കാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സെയ്‌ഫിന്റെ ഇളയ മകൻ ജഹാംഗീറിന്റെ മുറിയിലേക്കാണ് ആക്രമി ആദ്യമെത്തിയത്. കത്തിയുമായാണ് അക്രമി ഇവിടെ എത്തിയതെന്നാണ് ജോലിക്കാരി നൽകിയ മൊഴി.

ജഹാംഗീറിനെ പരിപാലിക്കാനായി നിയമിച്ച ആയയാണ് വിവരം പങ്കുവച്ചത്. ആക്രമണത്തിൽ മൂന്ന് പേർക്ക്- സെയ്‌ഫ് അലി ഖാൻ, നഴ്‌സ്, മറ്റൊരു ജോലിക്കാരി പരിക്കേറ്റിരുന്നു. ആദ്യം ഇവിടെ ഉണ്ടായിരുന്ന ആയയെ കത്തി കാട്ടി അക്രമി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവിടേക്ക് എത്തിയ മറ്റൊരു ജോലിക്കാരിയേയും രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് സെയ്‌ഫ് അലി ഖാന് പരിക്കേറ്റത്.
നേരത്തെ അക്രമിയുടെ ആദ്യ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഫയർ എൻട്രൻസ് വഴിയാണ് ഇയാൾ നടന്റെ വീട്ടിലേക്ക് കടന്നത്. ടീ-ഷർട്ടും ജീൻസും ഇട്ട ഇയാളുടെ തോളിൽ ഓറഞ്ച് സ്‌കാർഫും കാണാമായിരുന്നു. എന്നാൽ ഇയാളുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമല്ല. അക്രമിക്ക് വേണ്ടി നഗരത്തിൽ ആകെ വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തി കൊണ്ടിരിക്കുന്നത്.
സംഭവത്തിൽ കവർച്ച, അതിക്രമിച്ച് കടക്കൽ, ഒളിഞ്ഞിരുന്ന് വീട്ടിൽ അതിക്രമിച്ച് കടക്കുകയും മാരകമായ മുറിവ് ഏൽപ്പിക്കുകയും ചെയ്യൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് വട്ടമാണ് അക്രമി സെയ്‌ഫിനെ കുത്തിയത്, ഇതിൽ രണ്ട് മുറിവുകൾ സരമുള്ളതാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
Recommended Video

അതേസമയം, സെയ്‌ഫിന് അപകടം ഉണ്ടായതിന് പിന്നാലെ ആശുപത്രിയിലേക്ക് പ്രമുഖ ബോളിവുഡ് താരങ്ങളുടെ ഒഴുക്കായിരുന്നു. രൺബീർ കപൂർ, ആലിയ ഭട്ട്, സോഹ അലി ഖാൻ, കുനാൽ ഖേമ്മു എന്നിവർ ഉടൻ ലീലാവതി ആശുപത്രിയിൽ എത്തിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം കരീന കപൂറിന്റെ സഹോദരി കരിഷ്മയും ആശുപത്രിയിൽ ഉണ്ടായിരുന്നു.
ഇവരെ കൂടാതെ സാറാ അലി ഖാനും ഇബ്രാഹിം അലി ഖാനും ഇവിടെ ഉണ്ടായിരുന്നു. അപ്രതീക്ഷിത ആക്രമണ വാർത്തയ്ക്ക് പിന്നാലെ താരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ രംഗത്ത് വന്നത്. കുടുംബത്തെയും ജോലിക്കാരെയും സംരക്ഷിക്കാൻ സെയ്‌ഫ് കാണിച്ച ആത്മധൈര്യത്തേയും പലരും പ്രശംസിച്ചു.












Click it and Unblock the Notifications