സന്തൂര്‍ വിദഗ്ദന്‍ പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ അന്തരിച്ചു; സാംസ്‌കാരിക ലോകത്തിന് നഷ്ടമെന്ന് പ്രധാനമന്ത്രി
മുംബൈ: സംഗീത സംവിധായകനും സന്തൂര്‍ വിദഗ്ദനുമായിരുന്ന പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി പണ്ഡിറ്റ് ശര്‍മ്മ ചികിത്സയിലായിരുന്നു. ഭോപ്പാലില്‍ അടുത്ത മാസം കച്ചേരി അവതരിപ്പിക്കാനിരിക്കെയാണ് അന്ത്യം.
ജമ്മുകാശ്മീരില്‍ നിന്നുള്ള സന്തൂര്‍ എന്ന അധികമാരും അറിയാതിരുന്ന വാദ്യോപകരണത്തെ ക്ലാസിക്ക് എന്ന വിശേഷണത്തിലേക്ക് എത്തിച്ചത് ശിവകുമാര്‍ ശര്‍മ്മയായിരുന്നു. ശര്‍മ്മയിലൂടെയാണ് സന്തൂര്‍ സിതാറിനും സരോദിനും ഒപ്പം എത്തിയത്. മികവാര്‍ന്ന പ്രകടനങ്ങളിലൂടെ സന്തൂറിനെ ഉയരങ്ങളിലേക്ക് എത്തിച്ച ശര്‍മ്മ പിന്നീട് ബോളിവുഡ് ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ ഒരുക്കി. ശാന്താറാമിന്റെ ഝനക് പായല്‍ ബജേ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയാണ് അദ്ദേഹം സിനിമയിലേക്ക് കാലെടുത്തുവച്ചത്.

1938 ജനുവരി 13ന് ജമ്മുകാശ്മീരിലാണ് ശിവ്കുമാര്‍ ശര്‍മ്മ ജനിച്ചത്. 1967 ല്‍ പുല്ലാങ്കുഴല്‍ പ്രതിഭ ഹരിപ്രസാദ് ചൗരസ്യയും ബ്രിജ് ഭൂഷണ്‍ കാബ്രയുമായി ചേര്‍ന്ന് ശിവ്കുമാര്‍ ശര്‍മ്മ പുറത്തിറക്കിയ കോള്‍ ഓഫ് ദ വാലി എന്ന ആല്‍ബം ഇന്ത്യന്‍ ശാസ്ത്രീയ സംഗീത ലോകത്തെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നായി മാറിയിരുന്നു.
ഹരിപ്രസാദ് ചൗരസ്യയ്‌ക്കൊപ്പം സില്‍സില, ലംഹേ, ചാന്ദ്‌നി തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. ശിവ്-ഹരി എന്ന പേരിലാണ് രണ്ട് പേരും ചേര്‍ന്നുള്ള കൂട്ടായ്മയെ അറിയപ്പെട്ടിരുന്നത്.
അതേസമയം, പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ ജിയുടെ വിയോഗം നമ്മുടെ സാംസ്‌കാരിക ലോകത്തിന് വലിയ നഷ്ടമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ആഗോള തലത്തില്‍ അദ്ദേഹം സന്തൂരിനെ ജനകീയമാക്കി. അദ്ദേഹത്തിന്റെ സംഗീതം വരും തലമുറകളെ ആകര്‍ഷിക്കും. അദ്ദേഹവുമായുള്ള ഇടപഴകലുകള്‍ ഞാന്‍ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മാജിയുടെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നെന്ന് സരോദ് വാദകന്‍ അംജദ് അലി ഖാന്‍ ട്വീറ്റ് ചെയ്തു. അദ്ദേഹം സന്തൂരിന്റെ തുടക്കക്കാരനായിരുന്നു, അദ്ദേഹത്തിന്റെ സംഭാവന സമാനതകളില്ലാത്തതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു വ്യക്തിപരമായ നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു. അദ്ദേഹത്തിന്റെ സംഗീതം എന്നേക്കും നിലനില്‍ക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.












Click it and Unblock the Notifications