ജയലളിത, സല്‍മാന്‍ കേസുകള്‍ ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജ്
ഹൈദരാബാദ്: തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയും ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും ഉള്‍പ്പെട്ട കേസുകളില്‍ കോടതിവിധി ജൂഡീഷ്യറിക്ക് പേരുദോഷമുണ്ടാക്കുന്നതാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി സന്തോഷ് ഹെഗ്‌ഡെ. ഹൈദരാബാദില്‍ ഒരു പരിപാടിക്കിടെയാണ് മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ സന്തോഷ് ഹെഗ്‌ഡെ കോടതി തീരുമാനത്തിനെതിരെ പരസ്യപ്രതികരണം നടത്തിയത്.
കോടതിവിധികള്‍ പണക്കാരനും സ്വാധീനമുള്ളവനുവേണ്ടിയാണെന്ന ജനങ്ങളുടെ ആരോപണം ശരിവെക്കുന്ന രീതിയിലുള്ളതാണ് ഇവരുടെ വിധികളെന്ന് സന്തോഷ് ഹെഗ്‌ഡെ ചൂണ്ടിക്കാട്ടി. ഇരുവര്‍ക്കും ശിക്ഷ ലഭിച്ച കേസില്‍ അടിയന്തിരമായി ഇടപെട്ടാണ് കോടതി ജാമ്യം അനുവദിച്ചത്. ഇത് ശരിയായ കീഴ്‌വഴക്കമല്ലെന്ന് അദ്ദേഹം പറഞ്ഞു.

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിതയ്ക്ക് ഹൈക്കോടതി 14 വര്‍ഷത്തെ തടവുശിക്ഷ നല്‍കിയെങ്കിലും സുപ്രീംകോടതി ജാമ്യവും വിധിയും റദ്ദാക്കുകയായിരുന്നു. സമാന രീതിയില്‍ ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ സല്‍മാന്‍ ഖാന് 14 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചശേഷം ഒരു മണിക്കൂറിനുള്ളില്‍ ജാമ്യം ലഭിച്ചിരുന്നു.
കോടതികള്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഇവരുടെ കേസുകള്‍ അടിയന്തിരമായി പരിഗണിച്ചത് ശരിയായ നടപടിയല്ല. നാലും അഞ്ചും വര്‍ഷങ്ങളായി ജാമ്യം ലഭിക്കാത്തവര്‍ ജയിലില്‍ കഴിയുകയാണ്. അടുത്തദിവസം തൂക്കിക്കൊല്ലുന്ന കേസുകള്‍, അല്ലെങ്കില്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉടനടി പരിഗണിക്കേണ്ട കേസുകള്‍ ഒന്നും അല്ല ഇവരുടേത്. ഇവരുടെ കേസ് പരിഗണനയിലൂടെ പണവും അധികാരവും സ്വാധീനിക്കപ്പെടുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് ആവര്‍ത്തിക്കാന്‍ ഇടയാക്കിയെന്നും സന്തോഷ് ഹെഗ്‌ഡെ വ്യക്തമാക്കി.












Click it and Unblock the Notifications