അജിത് പവാർ മാപ്പ് ചോദിച്ചു, ശരദ് പവാർ ക്ഷമിച്ചു, എല്ലാം കുടുംബകാര്യമെന്ന് എൻസിപി നേതാവ്
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ അവസാനമായിരിക്കുകയാണ്. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 20 വർഷങ്ങൾക്ക് ശേഷമാണ് മഹാരാഷ്ട്രയിൽ ഒരു ശിവസേന നേതാവ് മുഖ്യമന്ത്രി പദത്തിൽ എത്തുന്നത്. താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യമുഖ്യമന്ത്രിയും ഉദ്ധവ് താക്കറെയാണ്.
മുഖ്യമന്ത്രി പദത്തെച്ചൊല്ലി ബിജെപിയോട് ഇടഞ്ഞ ശിവസേനയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച് നൽകിയത് ശരദ് പവാർ എന്ന നേതാവാണ്. മഹാരാഷ്ട്രയിലെ നാടകീയ നീക്കങ്ങളിൽ മാൻ ഓഫ് ദി മാച്ചും പവാർ തന്നെ. ഒറ്റ രാത്രികൊണ്ട് മറുകണ്ടം ചാടിയ മരുമകനെയും പവാർ തിരിച്ചെത്തിച്ചിരിക്കുകയാണ്. അജിത് പവാർ ക്ഷമ ചോദിച്ചെന്നും ശരദ് പവാർ ക്ഷമിച്ചുവെന്നുമാണ് എൻസിപി വൃത്തങ്ങൾ നൽകുന്ന സൂചന.

മറുകണ്ടം ചാടി അജിത് പവാർ
ത്രികക്ഷി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്, എൻസിപി, ശിവസേനാ നേതാക്കൾ തമ്മിൽ നടത്തിയ അവസാന വട്ട ചർച്ചകളിൽ പോലും സജീവ സാന്നിധ്യമായിരുന്നു അജിത് പവാർ. സർക്കാർ രൂപീകരണത്തിനായി ത്രികക്ഷി സഖ്യം അവകാശവാദം ഉന്നയിക്കാനൊരുങ്ങുന്നതിനിടയാണ് അജിത് പവാർ ബിജെപി പാളയത്തിലേക്ക് ചേക്കേറിയതും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതും. എൻസിപി എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നായിരുന്നു അജിത് പവാറിന്റെ അവകാശവാദം.

പാർട്ടി എൻസിപി, നേതാവ് ശരദ് പവാർ
അജിത് പവാറിന്റെ നീക്കത്തിൽ ആദ്യം ശരദ് പവാർ സംശയത്തിന്റെ നിഴലിലായെങ്കിലും അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനം മാത്രമാണ് എന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. എന്നാൽ താൻ ഇപ്പോഴും എൻസിപിയിൽ തന്നെയാണെന്നും ശരദ് പവാറാണ് തന്റെ നേതാവ് എന്നും അജിത് പവാർ ആവർത്തിച്ചു പറഞ്ഞു. അജിത് പവാർ തെറ്റിദ്ധാരണ പരത്തുന്നുവെന്നായിരുന്നു ഇതിന് ശരദ് പവാർ നൽകിയ മറുപടി.

പുറത്താക്കാതെ പവാർ
ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോഴേക്കും എതിർ ചേരിയിൽ എത്തിയ അജിത് പവാറിനെ പുറത്താക്കാൻ ശരദ് പവാർ തയ്യാറായില്ല. പകരം അജിത് പവാറിന്റെ അടുത്തേയ്ക്ക് അനുനയ ചർച്ചകൾക്കായി ദൂതന്മാരെ അയച്ചു. അജിത് പവാറിന് പാർട്ടിയിലുള്ള സ്വാധീനം തന്നെയായിരുന്നു ഈ മൃതുസമീപനത്തിന് പിന്നിലെ കാരണം. അജിത് പവാറിനെതിരെ പരസ്യമായ ആക്രമണങ്ങൾ നടത്താനും ശരദ് പവാർ തയ്യാറായില്ല. കുടുംബാംഗങ്ങളെ മുൻ നിർത്തിയും അനുനയ ശ്രമങ്ങൾ നടന്നിരുന്നു. അതേ സമയം തന്നെ മറുവശത്ത് എൻസിപിയുടെ എംഎൽഎമാരെ ഓരോരുത്തരേയുമായി തിരികെയെത്തിച്ചു. കാര്യങ്ങൾ കൈവിട്ട് തുടങ്ങിയതോടെയാണ് അജിത് പവാർ ഉപമുഖ്യമന്ത്രിപദം ഉപേക്ഷിച്ചത്. എ

പവാർ ക്ഷമിച്ചു
അജിത് പവാർ മാപ്പ് ചോദിച്ചെന്നും ശരദ് പവാർ ക്ഷമിച്ചെന്നും വ്യക്തമാക്കിയിരിക്കുകയാണ് എൻസിപി വക്താവ് നവാബ് മാലിക്. അവസാനം അജിത് പവാറിന് തന്റെ തെറ്റ് മനസിലായിരിക്കുകയാണ്. ഇതൊരു കുടുംബപ്രശ്നമാണ്,പവാർ സാഹിബ് അദ്ദേഹത്തോട് ക്ഷമിച്ചു. അജിത് പവാർ ഇപ്പോൾ പാർട്ടിക്കൊപ്പമാണെന്നും പാർട്ടിയിലെ അദ്ദേഹത്തിന്റെ സ്ഥാനങ്ങളിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും നവാബ് മാലിക് വ്യക്തമാക്കി. ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ അജിത് പവാർ വസതിയിലെത്തി ശരദ് പവാറിനെ കണ്ടിരുന്നു. എസിപിയിലേക്ക് തിരികെയെത്താനാണ് അജിത് പവാറിന്റെ ലക്ഷ്യമെങ്കിലും പാർട്ടിയിലെ പഴയ സ്വാധീനം ഇനി ഉണ്ടാകുമോ എന്നത് കണ്ടറിയണം.

പവാറിന്റെ സമ്മതം
താൻ ബിജെപിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് ശരദ് പവാറിന്റെ അറിവോടെയാണെന്ന് അജിത് പവാർ അവകാശപ്പെട്ടിരുന്നു. എന്നാൽ ശരദ് പവാർ ഇത് നിഷേധിച്ച് രംഗത്ത് എത്തുകയായിരുന്നു. മഹാരാഷ്ട്രയിൽ ബിജെപിക്ക് 105 എംഎൽഎമാരാണുള്ളത്. 40 എംഎൽഎമാരുടെ പിന്തുണ കൂടി ഉറപ്പിച്ചാൽ മാത്രമെ കേവല ഭൂരിപക്ഷം കടക്കാൻ സാധിക്കുകയുള്ളു. അജിത് പവാറിനെ ഒപ്പം ചേർത്താൽ എൻസിപിയിലെ 54 എംഎൽഎമാരുടെയും പിന്തുണ ലഭിക്കുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ ബിജെപി ബന്ധം ശരദ് പവാർ നിഷേധിച്ചതോടെ എംഎൽഎമാർ തിരികെ എത്തുകയായിരുന്നു.

ആലിംഗനം ചെയ്ത് സുപ്രിയ
അജിത് പവാറിന്റെ ബിജെപി അനുകൂല നീക്കത്തിന് പിന്നാലെ പാർട്ടിയും കുടുംബവും പിളർന്നുവെന്നായിരുന്നു ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയുടെ പ്രതികരണം എന്നാൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ അജിത് പവാറിനെ ആലിംഗനം ചെയ്താണ് സുപ്രിയ സുലെ സ്വീകരിച്ചത്. മഹാവികാസ് അഘാഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കും സുപ്രിയ അജിത് പവാറിനെ ക്ഷണിച്ചിട്ടുണ്ട്. പാർട്ടിയുടെ അധികാരം സുപ്രിയ സുലെ കൈയ്യടുക്കുമോ എന്ന ഭയമാണ് അജിത് പവാറിന്റെ നീക്കത്തിന് പിന്നിലെന്നായിരുന്നു സംസാരം.












Click it and Unblock the Notifications