അരുണാചൽ പ്രദേശിന് സമീപത്ത് പുതിയ മൂന്ന് ഗ്രാമങ്ങൾ: ജനങ്ങളെ മാറ്റിപ്പാർപ്പിച്ച് ചൈന, ചിത്രം പുറത്ത്
ദില്ലി: ഇന്ത്യ-ചൈന- ഭൂട്ടാൻ അതിർത്തിയായ ട്രൈ ജംങ്ഷന് സമീപത്ത് പുതിയ നീക്കം നടത്തി ചൈന. ബും പാസിൽ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ചൈന മൂന്ന് ഗ്രാമങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് എൻഡിടിവി റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഇന്ത്യയുമായി തർക്കത്തിലിരിക്കുന്ന പ്രദേശത്താണ് ചൈനീസ് നീക്കമെന്നതാണ് മറ്റൊരു വസ്തുത. അരുണാചൽ പ്രദേശിനോട് ചേർന്ന് കിടക്കുവ്വ ഈ പ്രദേശത്ത് തങ്ങളുടെ അവകാശവാദം ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമാണ് ഇതെന്നാണ് കരുതുന്നത്.

കടന്നുകയറ്റം വർധിച്ചു
ഇന്ത്യ- ചൈന അതിർത്തിയിൽ നുഴഞ്ഞുകയറ്റം വർദ്ധിപ്പിക്കുന്നതിനും അതിർത്തിയിലേക്കുള്ള കടന്നുകയറ്റം വർദ്ധിപ്പിക്കുന്നതിനും ഹാൻ ചൈനീസ്, ടിബറ്റൻ അംഗങ്ങളെ ഇന്ത്യൻ അതിർത്തിയിൽ പാർപ്പിക്കാനുള്ള തന്ത്രമാണ് ചൈന പ്രയോഗിക്കുന്നതെന്നാണ് ചൈനീസ് നിരീക്ഷകനായ ഡോ. ബ്രഹ്മ ചെല്ലാനി പറയുന്നത്. സിവിലിയൻ വിഭവങ്ങൾ - കന്നുകാലികൾ, ഗ്രേസറുകൾ ഉപയോഗിച്ച് ദക്ഷിണ ചൈനാ കടൽ, ഹിമാലയൻ മേഖലയിൽ ഇന്ത്യൻ പട്രോളിംഗ് നടക്കുന്ന സ്ഥലങ്ങളിലേക്ക് നുഴഞ്ഞുകയറാൻ ചൈന ശ്രമം നടത്തുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.

ഡോക്ലാം സംഘർഷ പ്രദേശത്ത്
ഈ റിപ്പോർട്ടിൽ അവതരിപ്പിച്ച പുതിയ ഉപഗ്രഹ ചിത്രങ്ങൾ ഭൂട്ടാൻ പരമാധികാര പ്രദേശത്ത് ചൈന ഗ്രാമം നിർമിക്കുന്നതിനുള്ള തെളിവായി ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇത് കഴിഞ്ഞ് ഒരാഴ്ചയ്ക്ക ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്. നേരത്തെ 2017ൽ ഇന്ത്യ- ചൈനീസ് സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ഡോക്ലാമിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.

നീക്കം ദുരൂഹം
ഇപ്പോൾ പുറത്തുവന്നിട്ടുള്ള റിപ്പോർട്ടിൽ പരാമർശിക്കുന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് ചൈനീസ് ഭൂപ്രദേശത്തിനുള്ളിലാണ്. കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായ അതേ സമയത്ത് തന്നെയാണ് ഗ്രാമങ്ങൾ നിർമിക്കപ്പെട്ടിട്ടുള്ളത്. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം അതിർത്തിയിലുണ്ടായ ഏറ്റവും വലിയ സംഘർമായിരുന്നു ഇത്. പതിനായിരത്തോളം വരുന്ന സൈനികരെ അതിർത്തിയിൽ വിന്യസിക്കുന്ന സാഹചര്യത്തിലേക്കാണ് ഇത് കൊണ്ടെത്തിച്ചത്. എട്ട് റൌണ്ട് നീണ്ട സൈനികതല ചർച്ചകൾക്ക് ഒടുവിലാണ് അതിർത്തി സംഘർഷത്തിന് അവസാനമായത്.

ഉപഗ്രഹ ചിത്രം
ഇന്ത്യ- ചൈന അതിർത്തിയിൽ 2020 ഫെബ്രുവരി 17നാണ് ഗ്രാമം നിർമിച്ചിട്ടുള്ളതെന്നാണ് പ്ലാനറ്റ് ലാബ്സ് റിപ്പോർട്ട് ചെയ്യുന്നത്. 20 ഓളം നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രണ്ടാമത്തേത് 2020 നവംബർ 28ന് പകർത്തിയതാണ്. ഇതിൽ 50 ഓളം നിർമാണങ്ങളാണുള്ളത്. ഒരു ഗ്രാമത്തിൽ ഓരോ കിലോമീറ്റർ വിട്ടാണ് ബാക്കിയുള്ള ഓരോ ഗ്രാമങ്ങളുമുള്ളത്. ഇവിടെ നിന്ന് ഓരോ ഗ്രാമങ്ങളിലേക്കും റോഡുകളും നിർമിച്ചിട്ടുണ്ട്.

ചൈന- ടിബറ്റ് പ്രദേശത്ത്
ഇന്ത്യ- ചൈന അതിർത്തിയിൽ 65000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇന്ത്യയുടേയും സൌത്ത് ടിബറ്റ് പ്രദേശത്തിന്റെയും ഭാഗമാണ്. ഈ പ്രദേശത്ത് ചൈന ഉന്നയിച്ചുവരുന്ന അവകാശവാദങ്ങൾ ദശാബ്ദങ്ങളായി ഇന്ത്യ നിരസിച്ച് വരികയാണ്. 1914ൽ സിംല കൻവെൻഷനിൽ വെച്ച് ബ്രിട്ടീഷ് ഭരണാധികാരി ഹെൻറി മുന്നോട്ടുവെച്ച മക്മോഹൻ രേഖയെ അംഗീകരിക്കണമെന്ന നിലപാടാണ് ഇന്ത്യ പുലർത്തിവരുന്നത്. ഇന്ത്യൻ ഭൂപ്രദേശത്തേക്ക് കടന്നുകയറുന്നതിനുള്ള ചൈനീസ് ശ്രമങ്ങൾക്ക് മുന്നറിയിപ്പുമായി സിഡിഎസ് ജനറൽ ബിപിൻ റാവത്ത് രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications