സൗദിയുടെ കണ്ണീർ, ഇന്ത്യക്ക് ചിരി: ക്രൂഡ് ഓയിലില്‍ ഇന്ത്യ ഉണ്ടാക്കാന്‍ പോകുന്നത് 1.8 ലക്ഷം കോടി രൂപയുടെ ലാഭം
ഡല്‍ഹി: ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിനുണ്ടായ വിലക്കുറവ് വന്‍ നേട്ടമാക്കി ഇന്ത്യ. എണ്ണവില 70 ഡോളറിന് താഴേക്ക് പോയതോടെ നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവിൽ ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ ലാഭം ഉണ്ടാകുമെന്ന് വ്യവസായ വിദഗ്ധരും സർക്കാർ വൃത്തങ്ങളും പറയുന്നു. ഈ ലാഭം സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കും. വിദേശനാണ്യ ശേഖരം വർധിപ്പിക്കും. അതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ, തങ്ങളുടെ ക്രൂഡ് ഓയിൽ ആവശ്യങ്ങളുടെ 88 ശതമാനവും പ്രകൃതി വാതക ഉപഭോഗത്തിന്റെ 51 ശതമാനവും രാജ്യം ഇറക്കുമതി ചെയ്യുകയാണ്. 2024-25 സാമ്പത്തിക വർഷത്തിൽ ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി മാത്രം 137 ബില്യൺ ഡോളറാണ് ഇന്ത്യ ചെലവഴിച്ചത്. മുൻവർഷത്തെ 133 ബില്യൺ ഡോളറിനെ അപേക്ഷിച്ച് അളവില്‍ 4 ബില്യണ്‍ ഡോളറിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ക്രൂഡ് ഓയിൽ വില ഒരു ബാരലിന് 1 ഡോളർ കുറയുമ്പോൾ, ഇന്ത്യയുടെ ഇറക്കുമതി ചെലവിൽ വർഷം തോറും ഏകദേശം 13,000 കോടി രൂപ ലാഭിക്കാനാകും. അതായത് ക്രൂഡ് ഓയില്‍ വില കുറയുന്നത് സൗദി അറേബ്യ ഉള്‍പ്പെടേയുള്ള എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമ്പോള്‍ ഇന്ത്യയും ചൈനയും അടങ്ങുന്ന ഉപഭോഗ രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസമായി മാറുന്നു.
പ്രകൃതി വാതക ഇറക്കുമതിക്ക് 15 ബില്യൺ ഡോളർ ചെലവായി. 2023-24ലെ 13 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 2 ബില്യണ്‍ ഡോളറിന്റെ വർധനവ്. ആഗോള എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകൾ ഇന്ത്യയെ വലിയ തോതിൽ ബാധിക്കുന്നതിന് കാരണമായിട്ടുണ്ടുണ്ട്. അതായത് ഇറക്കുമതി ചിലവ് ഉയർത്തുന്നത് വ്യാപാര കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും (CAD) ഉയർത്തുന്നു. എന്നാൽ, ആഗോള എണ്ണ വിലയിലെ സമീപകാല ഇടിവ് ഇന്ത്യയ്ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.
ആഗോള ക്രൂഡ് ഓയിൽ വിലയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ശ്രദ്ധേയമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024 നവംബറിൽ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ഒരു ബാരലിന് ഏകദേശം 73.02 ഡോളറിലേക്ക് താഴ്ന്നു. ചൈന പോലുള്ള പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള വ്യാവസായിക, ഉപഭോക്തൃ ഡിമാൻഡ് കുറഞ്ഞതാണ് എണ്ണ വിലയെ താഴേക്ക് നയിച്ച പ്രധാന ഘടകം. അതോടൊപ്പം തന്നെ ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ)യുടെ റിപ്പോർട്ട് അനുസരിച്ച്,2025-ൽ ആഗോള എണ്ണ വിതരണം പ്രതിദിനം 1.7 മില്യൺ ബാരൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോള വിപണിയിലെ വിലയിടിവിന്റെ നല്ല വാർത്തകൾക്കിടയിലും ഇന്ത്യയുടെ ഊർജ്ജ മേഖലയിൽ ചില വെല്ലുവിളികൾ നേരിടുന്നുണ്ട്, 2024-25ൽ ഇന്ത്യയുടെ ആഭ്യന്തര ക്രൂഡ് ഓയിൽ ഉൽപ്പാദനം 2.5 ശതമാനം കുറഞ്ഞ് 26.5 മില്യൺ മെട്രിക് ടണ്ണായപ്പോള്‍ പ്രകൃതി വാതക ഉൽപ്പാദനം 1 ശതമാനം കുറഞ്ഞ് 36.1 ബില്യൺ ക്യുബിക് മീറ്ററായി. ഇത് കാരണം ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. കുറഞ്ഞ വിലയിൽ നിന്നുള്ള ലാഭത്തിന്റെ ഒരു ഭാഗം ഇതുമൂലം ഇല്ലാതാകുന്നു.
ആഗോള എണ്ണവില കുറയുന്നുണ്ടെങ്കിലും റഷ്യൻ എണ്ണയ്ക്ക് യുഎസ് ഉപരോധവും ഒപെക് പ്ലസ് ഉൽപ്പാദന തീരുമാനങ്ങളും ഉൾപ്പെടെയുള്ള ഭൗമരാഷ്ട്രീയ സംഭവങ്ങൾ ഭാവിയിൽ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കിയേക്കാം. അതേസമയം, അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇന്ത്യയുടെ റിഫൈനിംഗ് ശേഷി 22 ശതമാനം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3 ലക്ഷം കോടി രൂപയുടെ രത്നഗിരി റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (RRPCL) പോലുള്ള പദ്ധതികളിലൂടെ ആഭ്യന്തര ഇന്ധന ഉൽപ്പാദനം വർധിപ്പിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു.












Click it and Unblock the Notifications