ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്ഥാൻ; 'യുദ്ധത്തിനിറങ്ങിയാൽ സൗദി അറേബ്യ പാക്കിസ്ഥാനൊപ്പം'
പാകിസ്ഥാനെതിരെ ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചാൽ സൗദി അറേബ്യ തങ്ങൾക്കൊപ്പം നിൽക്കുമെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് .കഴിഞ്ഞ ദിവസം സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രതിരോധമന്ത്രിയുടെ പ്രതികരണം.
'പാക്കിസ്ഥാനായിരിക്കും സൗദിയുടെ സഹായം ലഭിക്കുക.തീർച്ചയായും ഇക്കാര്യത്തുൽ സംശയമില്ല, ആസിഫ് വ്യക്തമാക്കി. എന്നിരുന്നാലും, സൗദി അറേബ്യയുമായുള്ള കരാർ 'പ്രതിരോധ' സ്വഭാവമുള്ളതാണെന്നും 'ആക്രമണ' സ്വഭാവമുള്ളതല്ലെന്നും പാക് മന്ത്രി ഊന്നിപ്പറഞ്ഞു. "സൗദി അറേബ്യയ്‌ക്കോ പാകിസ്ഥാനോ എതിരെ ആക്രമണമുണ്ടായാൽ, ഞങ്ങൾ ഒരുമിച്ച് അതിനെ പ്രതിരോധിക്കുമെന്നും ആസിഫ് പറഞ്ഞു. ഈ കരാർ ഏതെങ്കിലും ആക്രമണത്തിന് ഉപയോഗിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല, എന്നാൽ കക്ഷികൾക്ക് ഭീഷണിയുണ്ടാവുകയാണെങ്കിൽ, ഈ ക്രമീകരണം സ്വാഭാവികമായും പ്രവർത്തനക്ഷമമാകും', ആസിഫ് വിശദീകരിച്ചു.

ഒരു വലിയ 'അറബ് സഖ്യം' എന്ന ചോദ്യത്തിന്, "വാതിലുകൾ അടച്ചിട്ടില്ല" എന്ന് മാത്രമാണ് പാക് പ്രതിരോധ മന്ത്രി മറുപടി നൽകിയത്. "എനിക്ക് ഇതിന് മുൻകൂട്ടി ഉത്തരം നൽകാൻ കഴിയില്ല... എന്നാൽ ഈ രാജ്യങ്ങൾക്കും ഇവിടുത്തെ ജനങ്ങൾക്കും, പ്രത്യേകിച്ച് മുസ്ലീം ജനവിഭാഗത്തിന്, അവരുടെ പ്രദേശത്തെ ഒരുമിച്ച് പ്രതിരോധിക്കാൻ അടിസ്ഥാനപരമായ അവകാശമുണ്ടെന്ന് ഞാൻ കരുതുന്നു'.പാകിസ്ഥാന്റെ ആണവായുധങ്ങൾ സൗദി അറേബ്യക്ക് ഉപയോഗിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആണവ നിലയങ്ങൾ പരിശോധിക്കാൻ രാജ്യം എപ്പോഴും അനുവാദം നൽകിയിട്ടുണ്ടെന്നും ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഈ ആഴ്ചത്തെ റിയാദ് സന്ദർശന വേളയിലാണ് പ്രതിരോധ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഏതെങ്കിലും രാജ്യത്തിനെതിരായ ആക്രമണം ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും എന്നാണ് കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. നാറ്റോ ശൈലിയിലുള്ള കരാർ ആണിത്. അതേസമയം കരാറിൽ ഇന്ത്യ കടുത്ത ആശങ്ക പങ്കുവെച്ചിരുന്നു.
പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പുതിയ കരാർ, ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുണ്ടായിരുന്ന ദീർഘകാല ക്രമീകരണത്തിന് ഔദ്യോഗിക രൂപം നൽകുന്നുവെന്നും ഈ കരാർ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നും അതിന്റെ സ്വാധീനം എന്തായിരിക്കുമെന്നും സർക്കാർ നിലവിൽ വിലയിരുത്തുന്നുണ്ടെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.
സൗദി അറേബ്യയുടെ സാമ്പത്തിക ശേഷിയെ പാകിസ്ഥാന്റെ ആണവായുധങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു തന്ത്രപരമായ നീക്കമാണ് ഈ കരാറെന്നാണ് സൈനിക, രാഷ്ട്രീയ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇരു രാജ്യങ്ങൾക്കും ഈ സഹകരണം വലിയ നേട്ടമുണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. മേഖലയിലെ അധികാര സമവാക്യങ്ങളിൽ ഇത് നിർണ്ണായക സ്വാധീനം ചെലുത്തുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം, തീർച്ചയായും വലിയ സാമ്പത്തിക പിന്തുണയും ഒരു 'അറബ് രാജ്യങ്ങളുടെ സഖ്യം' എന്ന സാധ്യതയുമാണ് ഇതിലെ ഗുണവശം. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇതൊരു 'അണു ആണവ കവചം' ആണ്.പശ്ചിമേഷ്യയിൽ ആണവായുധങ്ങളുണ്ടെന്ന് പരസ്യമായി പറയുന്ന ഏക രാജ്യം ഇസ്രായേലാണ്. അതിനാൽത്തന്നെ കരാറിനെ ഇസ്രായേലും ഇറാനും വളരെ ആകാംഷയോടെയാണ് നിരീക്ഷിക്കുന്നത്.
അതേസമയം സൗദി-പാക്കിസ്ഥാൻ കരാറിന് അർത്ഥം സൗദി ഇന്ത്യയുമായി നേർക്കുനേർ യുദ്ധത്തിന് തയ്യാറാകുമെന്ന് കരുതേണ്ടതില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് സൗദിയും പാകിസ്ഥാനും കൈകോർക്കുന്നത്. അതുകൊണ്ട് തന്നെ ഇസ്രായേലിനെതിരായ മറുപടി എന്ന നിലയ്ക്കാണ് സൗദി ഈ കരാറിനെ വീക്ഷിക്കുന്നതെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഖത്തർ ആക്രമണത്തിൽ അറബ് രാജ്യങ്ങൾ ഇസ്രായേലിനെതിരെ ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്. ഇസ്രായേലിന്റെ നീക്കങ്ങൾ അറബ് രാജ്യങ്ങൾക്കിടയിൽ വലിയ ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.












Click it and Unblock the Notifications