മത പരിവർത്തനം നടത്തിയവർക്ക് എസ്‌സി, എസ്‌ടി ആനുകൂല്യങ്ങൾ ലഭിക്കില്ല; ഉത്തരവുമായി സുപ്രീം കോടതി
ന്യൂഡൽഹി: ഹിന്ദു, സിഖ്, ബുദ്ധ മതക്കാർക്ക് മാത്രമേ പട്ടികജാതി-പട്ടികവർഗ പദവി അവകാശപ്പെടാൻ കഴിയൂവെന്ന് വ്യക്തമാക്കി സുപ്രീം കോടതി. മതപരിവർത്തനം നടത്തുന്നവർക്ക് ഈ ആനുകൂല്യങ്ങൾ നനഷ്‌ടമാകുമെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് വന്നിരിക്കുന്നത്.
ക്രിസ്ത്യൻ മതം ഉൾപ്പെടെയുള്ള മറ്റ് മതങ്ങളിലേക്ക് മാറിയവർക്ക് പട്ടികജാതി ആനുകൂല്യങ്ങൾ നഷ്‌ടപ്പെടുമെന്നും കോടതി വ്യക്തമാക്കി. ഇത്തരം വ്യക്തികൾക്ക് സംവരണാനുകൂല്യങ്ങൾക്ക് ഇനി അർഹതയുണ്ടായിരിക്കില്ല. ജസ്‌റ്റിസ് പികെ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്‌താവിച്ചത് 1950-ലെ ഭരണഘടന (പട്ടികജാതി) ഉത്തരവിലെ മൂന്നാം വകുപ്പിനെ ആധാരമാക്കിയാണ്.

ഹിന്ദുമതത്തിൽ നിന്ന് വ്യത്യസ്‌തമായ ഒരു മതം പിന്തുടരുന്ന ഒരാളെയും പട്ടികജാതി അംഗമായി കണക്കാക്കില്ല എന്നാണ് അതിൽ പറയുന്നത്. 1950-ലെ ഉത്തരവിൽ ഉൾപ്പെടാത്ത മതങ്ങളിലേക്ക് പട്ടികജാതി വിഭാഗക്കാർ മാറുമ്പോൾ സംവരണ പദവി നഷ്‌ടമാകും. മാത്രമല്ല ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം ചെയ്‌തവർക്ക് പട്ടികജാതി, പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമുള്ള സംരക്ഷണം അവകാശപ്പെടാനാകില്ല.
ക്രിസ്‌തുമതം സ്വീകരിച്ച് പാസ്‌റ്ററായ ഒരാൾക്കെതിരായ അതിക്രമത്തിൽ, പട്ടികജാതി, പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസെടുക്കാൻ ആവശ്യപ്പെട്ട കേസിലാണ് ഈ നിർണായക വിധി ഉണ്ടായിരിക്കുന്നത്. ചിന്താട ആനന്ദ് എന്ന പാസ്‌റ്റര്‍ നല്‍കിയ അപ്പീല്‍ കോടതി തീര്‍പ്പാക്കുകയും ചെയ്‌തു. . മതം മാറിയതിനാല്‍ പട്ടികജാതി, പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമുള്ള വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
കഴിഞ്ഞ വർഷം ഏപ്രിൽ 30-ലെ ഉത്തരവിലൂടെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ക്രിസ്‌തുമതത്തിന് ജാതിവ്യവസ്ഥ അന്യമാണെന്നും, അതിനാൽ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വ്യവസ്ഥകളെ ആശ്രയിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ സമാനമായ നിരവധി സംഭവങ്ങളിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി ബാധകമാകും എന്നാണ് കരുതുന്നത്.
ആന്ധ്രപ്രദേശ് ഹൈക്കോടതി ജസ്‌റ്റിസ് ഹരിനാഥ് എൻ ആണ് അന്ന് വിധി പുറപ്പെടുവിച്ചത്. ഈ വിധിക്കെതിരെ പാസ്‌റ്റർ പ്രത്യേക അനുമതി ഹർജി സമർപ്പിച്ചു. അതിലാണ് ഇപ്പോൾ പരമോന്നത കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ജാതി വിവേചനം നിലവിലില്ലാത്ത ക്രിസ്‌തുമതത്തിലേക്കുള്ള പരിവർത്തനം പട്ടികജാതി പദവി അസാധുവാക്കുന്നതിനാൽ പട്ടികജാതി സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുന്നതിൽ കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.












Click it and Unblock the Notifications