സെബി ചെയർപേഴ്‌സണെ വെട്ടിലാക്കി ജീവനക്കാരുടെ പരാതി; ഓഫീസിൽ മോശം ഭാഷയും അനാവശ്യ നിരീക്ഷണവും
ന്യൂഡൽഹി: ഹിൻഡൻബർഗ് വെളിപ്പെടുത്തലിന് പിന്നാലെ പ്രതിസന്ധിയിലായ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിന് കൂടുതൽ തലവേദനയായി ഓഫീസിലെ മോശം തൊഴിൽ സംസ്‌കാരം ചൂണ്ടിക്കാട്ടിയുള്ള ജീവനക്കാരുടെ പരാതി. മാധബി ബുച്ചിന്റെ ഓഫീസിലെ തൊഴിൽ സാഹചര്യം വളരെ മോശമാണെന്നാണ് നിരവധി ജീവനക്കാർ ധനമന്ത്രാലയത്തിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ആഗസ്‌റ്റ് ആറിനാണ് ഈ കത്ത് നൽകിയതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ബുച്ചിന്റെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ജീവനക്കാരോട് മോശം ഭാഷയാണ് ഉപയോഗിക്കുന്നതെന്ന് കത്തിൽ പറയുന്നു. കൂടാതെ ഒട്ടും യാഥാർഥ്യ ബോധമില്ലാതെ ജോലിയിൽ ടാർഗെറ്റുകൾ നിശ്ചയിക്കുക ഉൾപ്പെടെയുള്ള മോശം പ്രവണതകൾ ഇവിടെ നിലനിൽക്കുന്നുണ്ടെന്നും ജീവനക്കാരുടെ പരാതിയിൽ ആരോപണമുണ്ട്.

ആക്രോശിക്കുക, ശകാരിക്കുക, പരസ്യമായി അപമാനിക്കുക എന്നിവ സെബിയുടെ യോഗങ്ങളിൽ പതിവായിരിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. ജീവനക്കാരെ ഉന്നത ഉദ്യോഗസ്ഥർ ഓരോ മിനിട്ടിലും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്നും ആരോപണമുണ്ട്. ഇത് ജീവനക്കാരിൽ പലരുടെയും മാനസിക ആരോഗ്യത്തെ കാര്യമായി ബാധിച്ചുവെന്നും ജോലിയും സാധാരണ ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നഷ്‌ടമാക്കിയെന്നും അവർ ചൂണ്ടിക്കാണിച്ചു.
തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി യോഗങ്ങളുടെ ഫോർമാറ്റ് മാറ്റിയെന്നാണ് ഇതിനോട് സെബി പ്രതികരിച്ചത്. കൂടാതെ യോഗങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരിക്കുന്ന വിഷയങ്ങൾ അഭിസംബോധന ചെയ്യുമെന്നും മാർക്കറ്റ് റഗുലേറ്റർ പ്രതികരിച്ചു. എന്നാൽ കഴിഞ്ഞ രണ്ടോ മൂന്നോ വർഷങ്ങളായി സെബിയിലെ ജോലി സാഹചര്യം മോശമാണെന്നാണ് അഞ്ച് പേജുള്ള കത്തിൽ ജീവനക്കാർ വ്യക്തമാക്കുന്നത്.
നേരത്തെ തന്നെ ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതിക്കൂട്ടിലായിരുന്നു മാധബി ബുച്ച്. ഇതിന് പിന്നാലെയാണ് അവരുടെ ഓഫീസിലെ മോശം തൊഴിൽ സംസ്‌കാരം ചൂണ്ടിക്കാട്ടി ജീവനക്കാർ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ ധനമന്ത്രാലയം എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
അതേസമയം, സെബി ചെയർപേഴ്‌സൺ മാധവി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെൽ കമ്പനികളിൽ നിക്ഷേപം ഉണ്ടെന്ന ഗുരുതര ആരോപണമായിരുന്നു ഹിൻഡൻബർഗ് റിസർച്ച് അടുത്തിടെ പുറത്തുവിട്ടത്. ബെർമുഡയിലെയും മൗറീഷ്യസിലെയും അവ്യക്തമായ ഓഫ്‌ഷോർ ഫണ്ടുകളിൽ മാധബി ബുച്ചിനും ഭർത്താവിനും വെളിപ്പെടുത്താത്ത നിക്ഷേപം ഉണ്ടെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞത്.
ഇതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ചെയർപേഴ്‌സന്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച അവർ തനിക്കോ ഭർത്താവിനോ ഇത്തരത്തിൽ യാതൊരു നിക്ഷേപവും ഇല്ലെന്നായിരുന്നു മറുപടി നൽകിയത്. ഇതിന്റെ അലയൊലികൾ കെട്ടടങ്ങും മുൻപാണ് ഇപ്പോൾ അടുത്ത വിവാദം ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications