ഗുജറാത്തിൽ കോൺഗ്രസിന് ബൂസ്റ്റ്; മകന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസിലേക്ക്
അഹമ്മദാബാദ്: മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർ സിംഗ് വഗേല ശനിയാഴ്ച കോൺഗ്രസിൽ ചേർന്നേക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ സാന്നിധ്യത്തിലായിരിക്കും പാർട്ടി പ്രവേശം. മുതിർന്ന നേതാവായ വഗേല 2017 ലായിരുന്നു കോൺഗ്രസിൽ നിന്നും രാജിവെച്ചത്.
വഗേല കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ നേരത്തേ തന്നെ ഉയർന്നിരുന്നു. കഴിഞ്ഞാഴ്ച വഗേലയുടെ മകനും രണ്ട് തവണ എം എൽ എയുമായ മഹേന്ദ്ര സിംഗ് വഗേല കോൺഗ്രസിൽ ചേർന്നിരുന്നു. ഇതോടെ വഗേലയും ഉടൻ തന്നെ പാർട്ടിയിലേക്ക് തിരിച്ചെത്തും എന്ന തരത്തിലുള്ള ചർച്ചകളും വാർത്തകളും ഉണ്ടായിരുന്നു.

2017 ൽ രാജ്യസഭതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഹമ്മദ് പട്ടേലിനെതിരെ വോട്ട് ചെയ്ത ശേഷം വഗേലയും ചില കോൺഗ്രസ് നേതാക്കളും ചേർന്ന് പാർട്ടി വിടുകയായിരുന്നു. വഗേല പിന്നീട് എൻ സി പിയിൽ എത്തി. എന്നാൽ 2020 ൽ എൻ സി പിയിൽ നിന്നും രാജിവെച്ചു. പിന്നീട് രാഷ്ട്രീയ പാർട്ടികളുടെ ഒന്നും ഭാഗമായിരുന്നില്ല.

ബി ജെ പിയിലൂടെ രാഷ്ട്രീയം തുടങ്ങിയ നേതാവാണ് വഗേല. ശക്തമായ അണികൾ ഉള്ള വഗേലയുടെ വരവ് ബി ജെ പിയിൽ നിന്ന് കൂടുതൽ നേതാക്കളെ കോൺഗ്രസിൽ എത്തിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അതേസമയം മുതിർന്ന നേതാവ് എത്തുന്നതോടെ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിക്കുമോയെന്നുള്ള തരത്തിലുള്ള ചർച്ചകളും ഉണ്ട്. നിലനിൽ ശക്തനായ മുതിർന്ന നേതാവിന്റെ അഭാവം കോൺഗ്രസ് നേരിടുന്നുണ്ട്.

അതേസമയം ഗുജറാത്തിൽ നിയമസങ തിരഞ്ഞെടുപ്പ് കളം ചൂട് പിടിച്ചിരിക്കുകയാണ്. ശക്തമായ പ്രചരണങ്ങളാണ് ബി ജെ പിയും കോൺഗ്രസും ആം ആദ്മിയും നടത്തുന്നത്. ഭൂരിപക്ഷം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബി ജെ പി തന്ത്രങ്ങൾ മെനയുന്നത്. 130 സീറ്റുകളാണ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. നരേന്ദ്രമോദിയേയും മറ്റ് പ്രമുഖ നേതാക്കളേയും ഇറക്കിയുള്ള പ്രചരണ പരിപാടികളാണ് ബി ജെ പി വരും ദിവസങ്ങളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 25 റാലികളിലാണ് പങ്കെടുക്കുക. കേന്ദ്രമന്ത്രിമാർ അടക്കം ഉള്ളവർ ബി ജെ പി പ്രചാരണത്തിനായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സജീവമാകും.

അതിനിടെ കഴിഞ്ഞ ദിവസം കോൺഗ്രസ് 52 സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. ഇതോടെ ആകെ സ്ഥാനാർത്ഥികളുടെ എണ്ണം 95 ആയി.കഴിഞ്ഞ ദിവസം എൻ സി പിയുമായി കോൺഗ്രസ് സഖ്യം പ്രഖ്യാപിക്കുകയും ചെയ്തു. സഖ്യ ധാരണ പ്രകാരം മൂന്ന് സീറ്റുകളിലാണ് എൻസിപി മത്സരിക്കുക. കഴിഞ്ഞ തവണ തനിച്ച് മത്സരിച്ച എൻ സി പിക്ക് ഗുജറാത്തിൽ 1 സീറ്റിൽ വിജയിക്കാൻ സാധിച്ചിരുന്നു.
ഡിസംബർ 1, 5 തീയതികളിലായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ്. 2017 ൽ 99 സീറ്റായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. കോൺഗ്രസിന് 77 സീറ്റുകളും. ആം ആദ്മിയുടെ കടന്ന് വരവ് ഗുജറാത്തിൽ മത്സരം കടുപ്പിച്ചിട്ടുണ്ട്. ആം ആദ്മി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ബി ജെ പി വോട്ടുകളിലാണ് ആം ആദ്മി വിള്ളൽ വീഴ്ത്തുകയെന്നാണ് കോൺഗ്രസ് വാദം.












Click it and Unblock the Notifications