റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മോഷ്ടിച്ച കുഞ്ഞിനെ കണ്ടെത്തി, ബിജെപി നേതാവിന്റെ വീട്ടിൽ, അറസ്റ്റ്
ലഖ്‌നൗ: മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ കുഞ്ഞിനെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ആഴ്ചയാണ് റെയില്‍വേ സ്റ്റേഷനില്‍ രക്ഷിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന 7 മാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ക്യാമറയില്‍ ഈ ദൃശ്യം പതിഞ്ഞിരുന്നു. കുട്ടിയെ തട്ടിയെടുത്ത ആള്‍ അടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കുട്ടികളെ തട്ടിക്കൊണ്ട് പോയി വില്‍പന നടത്തുന്ന വലിയൊരു സംഘമാണ് പോലീസ് വലയിലായിരിക്കുന്നത്.
ബിജെപിയുടെ കോര്‍പറേഷന്‍ അംഗമായ വിനിത അഗര്‍വാളിന്റെ ഫിറോസാബാദിലുളള വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയെ കാണാതായ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 100 കിലോമീറ്റര്‍ അകലത്താണ് ഇവരുടെ വീട്. 1.8 ലക്ഷം രൂപ കൊടുത്ത് രണ്ട് ഡോക്ടര്‍മാരില്‍ നിന്നാണ് വിനിത അഗര്‍വാളും ഭര്‍ത്താവും കുഞ്ഞിനെ വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. ഈ ഡോക്ടര്‍മാരും കുട്ടികളെ തട്ടിയെടുക്കുന്ന മാഫിയയുടെ ഭാഗമാണ്. വിനിത അഗര്‍വാളിന് ഒരു മകളുണ്ട്. ഒരു ആണ്‍കുട്ടി വേണം എന്ന് ആഗ്രഹിച്ചാണ് കുഞ്ഞിനെ ഇവര്‍ പണം കൊടുത്ത് വാങ്ങിയത് എന്നാണ് പുറത്ത് വരുന്ന വിവരം.

കുട്ടിയെ പോലീസ് അമ്മയ്ക്ക് കൈമാറി. റെയില്‍വേ പോലീസ് മധുരയില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് കുഞ്ഞിനെ കൈമാറിയത്. അറസ്റ്റിലായ ഡോക്ടര്‍മാരില്‍ നിന്ന് പോലീസ് പണം പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികളെ വില്‍ക്കുന്ന മാഫിയയിലെ അംഗമായ ദീപക് കുമാര്‍ എന്നയാളാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുത്തത് എന്ന് പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഷ്താഖ് പറഞ്ഞു. ദീപക് കുഞ്ഞിനെ തട്ടിയെടുക്കുന്ന ദൃശ്യം സിസിടിവിയില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു.
എത്രയാണ് യൂസഫലിയുടെ സമ്പാദ്യം? ജീവിതം, വിദ്യാഭ്യാസം എന്നിവയറിയാം
ഹത്രാസില്‍ ആശുപത്രി നടത്തുന്നവരാണ് ആ മാഫിയയിലെ അംഗങ്ങളായ രണ്ട് ഡോക്ടര്‍മാരുമെന്ന് പോലീസ് പറയുന്നു. മറ്റ് ചില ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ഈ ക്രിമിനല്‍ സംഘത്തിന്റെ ഭാഗമാണ്. കുട്ടിയെ കണ്ടെത്തിയ വീട്ടിലെ ആളുകളെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. തങ്ങള്‍ക്ക് ഒരു മകന്‍ വേണം എന്നത് കൊണ്ടാണ് കുഞ്ഞിനെ വാങ്ങാന്‍ തയ്യാറായത് എന്നാണ് ദമ്പതികള്‍ പറയുന്നതെന്ന് പോലീസ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സംഭവത്തില്‍ ബിജെപിയോ വിനിത അഗര്‍വാളോ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications